കോയമ്പത്തൂർ: ഊട്ടി, കൊടൈക്കനാൽ എന്നിവടങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേയ്ക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിന് നേരത്തെ ഏർപ്പെടുത്തിയ പരിധി ഉയർത്തും. പ്രാദേശിക വാഹനങ്ങൾക്ക് പുറമെ ദിവസേന 500 വാഹനങ്ങൾക്ക് കൂടി അധികമായി ഇവിടങ്ങളിലേയ്ക്ക് പ്രവേശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
വാരാന്ത്യങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ പ്രാദേശിക വാഹനങ്ങൾക്ക് പുറമേ 6,000 വാഹനങ്ങൾക്ക് മാത്രമേ ഊട്ടിയിലേയ്ക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ. ഇത് 6,500 ആക്കി ഉയര്‍ത്തി. കൊടൈക്കനാലിൽ ഇത് 4,000ത്തിൽ നിന്ന് 4,500 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. വാരാന്ത്യങ്ങളിൽ ഊട്ടിയിൽ 8,000 വാഹനങ്ങൾക്കും കൊടൈക്കനാലിൽ 6,000 വാഹനങ്ങൾക്കുമാണ് അനുമതിയുള്ളത്. വേനലവധിയ്ക്ക് ധാരാളം വിനോദ സഞ്ചാരികളാണ് ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കും എത്താറുള്ളത്. മധ്യവേനലവധിക്കാലത്തെ വിനോദ സഞ്ചാരമേളകൾ പരിഗണിച്ചാണ് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാൻ തീരുമാനമായത്.
പ്രദേശവാസികളുടെ വാഹനങ്ങൾക്കും കാർഷികോത്പ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും നിയന്ത്രണങ്ങൾ ബാധകമല്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ ഇ-പാസ് സംവിധാനം തുടരും.
READ MORE: കേരള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മലേഷ്യ എയര്‍ലൈന്‍സ്; സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്