ആലപ്പുഴ: ആലപ്പുഴയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കോട്ടയം വൈക്കം സ്വദേശിയായ അരുൺ ആണ് അറസ്റ്റിൽ ആയത്. സംഘത്തിൽ കൂടുതൽ പേർ പിടിയിൽ ആകാനുണ്ടെന്ന് പൊലീസ്.
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു വെന്ന് ആലപ്പുഴ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ മാത്രം എട്ടു പരാതികളുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുപ്പത്തിയഞ്ചുകാരനായ അരുണ്‍ അറസ്റ്റിൽ ആയത്. ഇയാൾ ഡിവൈഎഫ്ഐ വൈക്കം ടിവി പുരം നോർത്ത് മേഖല കമ്മിറ്റി അംഗമാണ്.
ഫേസ്ബുക്കിലെ വ്യാജ ഐഡി പ്രമീള അഖിൽ എന്നാണ്. സമൂഹ മാധ്യമങ്ങളിൽ നിന്നു സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിക്കും. ഇത് ചൈന്നെയിലുള്ള ഒരാള്‍ക്ക് അയച്ചു കൊടുക്കും. ഇയാളാണ് ചിത്രം മോർഫ് ചെയ്യുന്നത്. ഫേസ്ബുക്കിലെ കാത്തു, ശ്രീക്കുട്ടി തുടങ്ങിയ പേരുകളിലുള്ള ക്ലോസ്ഡ് ഗ്രൂപ്പുകളിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്.
ഇതു ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പതിനാലുകാരി ഉള്‍പ്പടെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ അരുൺ എന്നും പൊലീസ് പറയുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ആയിരത്തോളം സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പോലിസ് പരിശോധിക്കുകയാണ്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.