പൊലീസിനോട് പുതിയ വാദം, അതും ഏശിയില്ല, ജാമ്യം കൊടുത്തില്ല, ആറാട്ടണ്ണൻ അകത്ത്, അതിര് വിടുന്ന വ്ളോഗർമാർ ജാഗ്രത
കൊച്ചി: ചലച്ചിത്ര നടിമാരെ അധിക്ഷേപിക്കും വിധം നവമാധ്യമ പോസ്റ്റിട്ട വ്ളോഗര്‍ ആറാട്ടണ്ണന്‍ അകത്തായി. ജാമ്യം നൽകാതിരുന്ന കോടതി, 14 ദിവസത്തേക്കാണ് സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണനെ റിമാന്‍ഡ് ചെയ്തത്. ഇതിനു മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആറാട്ടണ്ണന്‍ അകത്താകുന്നത്.
‘ലാലേട്ടൻ ആറാടുകയാണ്” സ്വന്തം ശൈലിയിലുള്ള ഈ ഒരൊറ്റ ഡയലോഗിലൂടെയാണ് സന്തോഷ് വര്‍ക്കി ആറാട്ടണ്ണനായത്. ഇടപ്പളളി വനിതാ തിയറ്ററിനു മുന്നില്‍ നിന്ന് പുതിയ സിനിമകളെ പറ്റി ആറാട്ടണ്ണന്‍ പിന്നീട് പറഞ്ഞ വിമര്‍ശനങ്ങളും വാഴ്ത്തുപാട്ടുകളുമെല്ലാം പറച്ചിലിന്‍റെ രീതി കൊണ്ടു മാത്രം കാഴ്ചക്കാരെ ഉണ്ടാക്കി. ഇത് തിരിച്ചറിഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആറാട്ടണ്ണന്‍റെ ഓരോ നീക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി.
പഴി പറയാനും നേരമ്പോക്കിനും വേണ്ടിയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ തനിക്ക് കാഴ്ചക്കാര്‍ ഏറെയുണ്ടെന്ന് തിരിച്ചറിഞ്ഞ ആറാട്ടണ്ണനും സ്വന്തമായി യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം അക്കൗണ്ടുകള്‍ ഉണ്ടാക്കി. ലൈന്‍സിലാത്ത നാവു കൊണ്ട് സഭ്യവും അസഭ്യവും പറയുന്നത് പതിവാക്കി. പല നടിമാരോടും ക്രഷ് പറഞ്ഞു. തളളി പറയുന്നവരെ തെറി പറഞ്ഞു.
ആദ്യം ഒരു തമാശക്കാരന്‍ മാത്രമായി ആറാട്ടണ്ണനെ കണ്ടിരുന്ന സിനിമ പ്രവര്‍ത്തകര്‍ ഇതോടെയാണ് ആറാട്ടണ്ണനെതിരെ രംഗത്തെത്തിയത്. സമീപകാലത്ത് ഒരു ട്രാന്‍സ് ജെന്‍ഡറും ആറാട്ടണ്ണനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഈ കേസില്‍ നിന്ന് തലയൂരുന്നതിനിടെയാണ് സിനിമ നടിമാരെയാകെ അധിക്ഷേപിക്കും വിധമുളള പരാമര്‍ശം ആറാട്ടണ്ണന്‍ ഫെയ്സ്ബുക്കിലൂടെ നടത്തിയതും താരസംഘടന തന്നെ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തുന്ന സാഹചര്യം ഉണ്ടായതും.
താരസംഘടനയ്ക്കു വേണ്ടി നടി അന്‍സിബ നല്‍കിയ പരാതിയിലാണ് ആറാട്ടണ്ണന്‍റെ അറസ്റ്റും റിമാന്‍ഡും. കേസിനാസ്പദമായ പോസ്റ്റ് ഇട്ടത് താനല്ലെന്ന വാദമാണ് പൊലീസിനു മുന്നില്‍ ആറാട്ടണ്ണന്‍ ഉയര്‍ത്തിയത്. തന്‍റെ എഫ് ബി അക്കൗണ്ടിന്‍റെ പാസ്വേര്‍ഡ് മറ്റ് പല വ്ളോഗര്‍മാര്‍ക്കും അറിയാമെന്നും ഇവരാരോ തന്നെ കുടുക്കാന്‍ വേണ്ടി ഇട്ടതാണ് ഈ പോസ്റ്റെന്നുമായിരുന്നു പൊലീസിനു നല്‍കിയ മൊഴി. എന്തായാലും ആറാട്ടണ്ണന്‍ അകത്തായതോടെ സമാന രീതിയില്‍ ലക്കും ലഗാനുമില്ലാതെ അസഭ്യം വിളിച്ചു പറയുന്ന വ്ളോഗര്‍മാര്‍ക്കെല്ലാം ഒരു പേടിയുണ്ടാകുമെന്ന ആശ്വാസത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍.