പഹൽഗാം: മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി, ‘നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിനും തയ്യാർ’

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. അബോട്ടാബാദിലെ സൈനിക അക്കാദമിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേയാണ് പ്രതികരണം. പാക് മന്ത്രിമാർ ഉൾപ്പെടെ ചില നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നത് ശ്രദ്ധോയമാണ്. 

അതേസമയം രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു- “പഹൽഗാമിൽ അടുത്തിടെയുണ്ടായ ദുരന്തത്തിന്‍റെ പേരിൽ വീണ്ടും പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണ്.” 

ഏതേസമയം സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനത്തെ പാക് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. പാകിസ്ഥാന് അവകാശപ്പെട്ട ജലം തടയാൻ ശ്രമിച്ചാൽ പൂർണ ശക്തിയോടെ മറുപടി നൽകും എന്നാണ് പ്രതികരണം. സിന്ധു നദി പാകിസ്ഥാന്റെ ജീവനാഡിയാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. കാർഷിക ആവശ്യത്തിനായുള്ള ജലത്തിന്‍റെ 80 ശതമാനം സിന്ധു നദിയിൽ നിന്നാണ്. മാത്രമല്ല ജലവൈദ്യുതിയുടെ മൂന്നിലൊന്ന് സിന്ധു നദീതടത്തിലെ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു.

പഹൽഗാമിലെ ഭീകര ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രതികരിച്ചിരുന്നു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്നാണ് നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലായിരുന്നു മോദിയുടെ മുന്നറിയിപ്പ്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവർക്ക് മൗനപ്രാർത്ഥനയിലൂടെ ആദരം അർപ്പിച്ച ശേഷമായിരുന്നു മോദിയുടെ പ്രതികരണം. ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിൽ മൂടാൻ സമയമായിയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമവും നടത്തും. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമാണ്. 140 കോടി ഭാരതീയരുടെ നിശ്ചയദാർഢ്യം മാത്രം മതി, തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകർക്കാനെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘കൂടെയുണ്ട്’; ആദിൽ ഹുസൈൻ ഷായുടെ കുടുംബത്തെ ചേർത്തുപിടിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin