പര്‍പ്പിള്‍ ക്യാപ്പിനുള്ള പോരാട്ടം കടുപ്പിച്ച് നൂര്‍ അഹമ്മദ്, കൂടെ ഹര്‍ഷല്‍ പട്ടേലും! പുതിയ പട്ടിക അറിയാം

ചെന്നൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ പര്‍പ്പിള്‍ ക്യാപ്പിനുള്ള പോര് മുറുക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ട് പേരെ പുറത്താക്കിയ നൂര്‍ ആകെ വിക്കറ്റ് നേട്ടം 14 ആക്കി ഉയര്‍ത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍. ഒരു തവണ നാല് വിക്കറ്റ് സ്വന്തമാക്കാനും നൂറിന് സാധിച്ചിരുന്നു. നിലവില്‍ മൂന്നാം സ്ഥാനത്താണ് താരം. അതേസമയം, ഇന്നലെ ചെന്നൈയുടെ നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേല്‍ നാലാം സ്ഥാത്തെത്തി. എട്ട് മത്സരം പൂര്‍ത്തിയാക്കിയ ഹര്‍ഷലിന് ഇപ്പോള്‍ 13 വിക്കറ്റായി. ഇന്നലെ മത്സരത്തിലെ താരവും ഹര്‍ഷലായിരുന്നു.

16 വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണയും ജോഷ് ഹേസല്‍വുഡും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റന്‍സ് പേസറായ പ്രസിദ്ധ് എട്ട് മത്സരങ്ങളാണ് കളിച്ചത്. ഹേസല്‍വുഡ് ആര്‍സിബിക്ക് വേണ്ടി ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തായിക്കി. അവസാന മത്സരത്തില്‍ നാല് വിക്കറ്റാണ് ഓസീസ് പേസര്‍ വീഴ്ത്തിയത്. 12 വിക്കറ്റുകള്‍ വീതം നേടിയ കുല്‍ദീപ് യാദവ്, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ട്.

അതേസമയം, റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം ഉണ്ടായിരുന്നെങ്കിലും ഇരു ടീമിലെ താരങ്ങള്‍ക്കും ആദ്യ പത്തിലെത്താന്‍ സാധിച്ചില്ല. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്‍ ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 417 റണ്‍സാണ് സായ് നേടിയത്. 52.12 ശരാശരിയുണ്ട് സായിക്ക്. സ്‌ട്രൈക്ക് റേറ്റ് 152.19. കടുത്ത വെല്ലുവിളിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ട്. 9 മത്സരങ്ങളില്‍ നിന്ന് 65.33 ശരാശരിയില്‍ 392 റണ്‍സുമായി രണ്ടാം സ്ഥാനത്ത്.

ചെന്നൈയുടെ പ്ലേ ഓഫ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചു! ഹൈദരാബാദിന് ഇനിയും സാധ്യത, പോയിന്റ് പട്ടിക

കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ കോലി 42 പന്തില്‍ 70 റണ്‍സെടുത്താണ് മടങ്ങിയത്. 32 പന്തില്‍ നിന്നാണ് കോലി രാജസ്ഥാനെതിരെ അര്‍ധ സെഞ്ച്വറി കുറിച്ചത്. 8 ബൗണ്ടറിയും 2 സിക്‌സും അടങ്ങുന്ന ക്ലാസിക് ഇന്നിംഗ്‌സ്. ഈ ഐപിഎല്‍ സീസണിലെ അഞ്ചാമത്തെ അര്‍ധ സെഞ്ച്വറിയാണ് കോലി നേടിയത്. 9 മത്സരങ്ങളില്‍ നിന്ന് 47.12 ശരാശരിയില്‍ 377 റണ്‍സ് നേടിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നിക്കോളാസ് പൂരാനാണ് കോലിയ്ക്ക് പിന്നില്‍ മൂന്നാമത്.

By admin