ട്രാക്കിലെ ബോൾട്ട് ഇളക്കിമാറ്റി, ബോധപൂർവം ചെയ്തതെന്ന് റെയിൽവെ; കൃത്യസമയത്തെ മുന്നറിയിപ്പിൽ വൻ അപകടം ഒഴിവായി
ചെന്നൈ: ചെന്നൈയിൽ റെയിൽവെ ട്രാക്കിലെ ബോൾട്ട് ഇളക്കിമാറ്റിയ നിലയിൽ കണ്ടെത്തിയ സംഭവം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. ട്രെയിൻ അട്ടിമറിയ്ക്കുള്ള ശ്രമമാണ് ഉണ്ടായതെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. ആർക്കോണം – ചെന്നൈ സെക്ഷനിൽ തിരുവള്ളൂർ ജില്ലയിലെ തിരുവങ്ങാട് സ്റ്റേഷന് സമീപത്താണ് വെള്ളിയാഴ്ച ട്രാക്കിലെ ബോൾട്ട് ഇളക്കിമാറ്റിയ സംഭവമുണ്ടായത്.
ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്താനോ അപകടം സൃഷ്ടിക്കാനോ ലക്ഷ്യമിട്ട് അജ്ഞാത വ്യക്തികൾ ട്രാക്കിലെ ബോൾട്ട് അഴിച്ചുമാറ്റുകയായിരുന്നു എന്നാണ് അനുമാനം. അർദ്ധരാത്രി 1.20ന് സ്റ്റേഷനിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിൽ മുന്നറിയിപ്പ് അലാം ലഭിച്ചതിനെ തുടർന്ന് റെയിൽവെ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധിച്ചു. പോയിന്റ് നമ്പർ 64ലെ ബോൾട്ടുകൾ ഇളക്കി മാറ്റിയതായി പരിശോധന നടത്തിയ പോയിന്റ്സ്‍മാൻ കണ്ടെത്തി. അടുത്ത ട്രെയിൻ കടന്നുപോകേണ്ട സമയത്തിന് മുമ്പ് ജീവനക്കാർ തകരാർ പരിഹരിച്ചു.
കൃത്യസമയത്ത് ഇലക്ട്രോണിക് സംവിധാനത്തിലൂടെ മൂന്നറിയിപ്പ് ലഭിച്ചതാണ് വലിയ അപകടത്തിന് കാരണമാകുമായിരുന്ന സംഭവം കണ്ടെത്താനായത്. സിഗ്നലുകളും ട്രാക്ക് സ്വിച്ചുകളും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇലക്ട്രോണിക് സംവിധാനമാണ് ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം. തകരാറുകൾ കണ്ടെത്താനും അപകടകരമായ എന്തെങ്കിലും സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ മുന്നറിയിപ്പ് നൽകാനും ഈ സംവിധാനം ഫലപ്രദമായി റെയിൽവെ ഉപയോഗിക്കുന്നുണ്ട്. ഇത് വഴിയാണ് കഴിഞ്ഞ ദിവസം ചെന്നൈയിൽ ട്രാക്കിലെ ബോൾട്ട് ഇളക്കി മാറ്റിയ സംഭവം കൃത്യസമയത്ത് കണ്ടെത്താൻ സാധിച്ചത്.