ചാമ്പക്ക രുചി തൊട്ട് മുട്ടികുടിയന്‍ മാങ്ങാ പുളിശ്ശേരിയുടെയും മൂവാണ്ടന്‍ മാങ്ങയുടെയും രുചി വരെ…
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
നെറ്റ്വര്‍ക്ക് കവറേജുകളില്‍ ആശങ്കപ്പെടാതെ, തീര്‍ന്നു പോയേക്കാവുന്ന ഡാറ്റാ പരിധിയെക്കുറിച്ച് ആകുലപ്പെടാതെ അവധിക്കാലങ്ങള്‍ ലഭിച്ചു എന്നത് തന്നെയാണ് എന്റെ തലമുറയുടെ ബാല്യത്തിന്റെ നല്ല ചിത്രങ്ങളില്‍ ഒന്ന്. ഒരുപാട് നിറങ്ങളും രുചിഭേദങ്ങളും ഉള്ളതായിരുന്നു ഞങ്ങളുടെ അവധിക്കാലങ്ങള്‍. രുചിഭേദങ്ങള്‍ എന്നു പറയുമ്പോള്‍, ചാമ്പക്കയുടെ രുചി തൊട്ട് മുട്ടികുടിയന്‍ മാങ്ങാ പുളിശ്ശേരിയുടെയും ചിനച്ച മൂവാണ്ടന്‍ മാങ്ങയുടെയും രുചികള്‍ വരെ. നിറങ്ങള്‍ എന്നു പറയുമ്പോള്‍, പ്രകൃതിയും മനുഷ്യരും ചേരുമ്പോള്‍ സംഭവിക്കുന്ന മഴവില്‍ ചാരുത.
പിന്നെ വിഷുക്കാലം. എത്ര കൊടും വേനലിലും ഈ കൊന്ന പൂക്കള്‍ക്കെങ്ങനെ നിറഞ്ഞു പൂക്കാന്‍ സാധിക്കുന്നു എന്ന് വീണ്ടും അതിശയം തോന്നിപ്പിക്കുന്ന കാലം, വിഷുക്കൈനീട്ടങ്ങള്‍, വിഷുവിനു ശേഷം അമ്മ വീട്ടിലേക്ക് ബസില്‍ വിരുന്ന് പോവലുകള്‍, എത്ര പഴക്കം ചെന്നാലും വേനലവധിയുടെ ഓര്‍മ്മകളുടെ ചുവരില്‍ ആദ്യം ഇടം പിടിക്കുന്നത് ഇവയൊക്കെ തന്നെയാണ്.
വ്യക്തിപരമായ ഓര്‍മ്മകള്‍ മാത്രമല്ല 99 ജനറേഷന് എന്ന് വിളിക്കപ്പെടുന്ന ഞങ്ങളുടെ തലമുറയുടെ അവധിക്കാലങ്ങളില്‍ ഉണ്ടായിരുന്നത്. ഒരാളിലേക്ക് ചുരുങ്ങാത്ത ലോകമായിരുന്നു അത്. സൗഹൃദങ്ങളുടെ വലിയ കൂട്ടം കൂടെയുണ്ടായിരുന്നു. ഒറ്റയ്ക്കല്ല, ഒന്നിച്ചായിരുന്നു ആ അവധിയാഘോഷങ്ങള്‍. അതിരാവിലെ പല വീടുകളില്‍നിന്നും കയറഴിച്ചുവിട്ടെന്നോണം ഇറങ്ങുന്ന കുട്ടികള്‍, ഏതെങ്കിലും നേരത്തൊക്കെയാണ് വീടണയാറുണ്ടായിരുന്നത്. അതിനിടയിലുള്ള നേരം കൂട്ടായ്മകളുടേതായിരുന്നു. കൂട്ടുകെട്ടുകളുടേതായിരുന്നു.
എങ്കിലും, വ്യക്തിപരമായി എന്തൊക്കെ ഓര്‍മ്മകള്‍ എന്ന് ആലോചിക്കാനുള്ള ഇടം കൂടി അവിടെയുണ്ട്. ആ ഓര്‍മ്മകളില്‍ തൂതപ്പുഴയിലെ വൈകുന്നേരങ്ങള്‍ ഉണ്ട്. കുട്ടിയായിരുന്ന എന്നെ വാണിയം കുളത്തെ വല്യമ്മ കുളിപ്പിച്ചിരുന്ന പച്ച നിറത്തിലുള്ള മാര്‍ഗോ സോപ്പിന്റെ മണമുണ്ട.് ഏപ്രില്‍ മാസത്തില്‍ വരുന്ന എന്റെ പിറന്നാളും അമ്പലത്തിലെ ശര്‍ക്കര പായസത്തിന്റെ മധുരവും ഉണ്ട്. വല്യമ്മയുടെ കൂടെ ചെര്‍പ്പുളശേരിയിലേക്കുള്ള യാത്രകള്‍ ഉണ്ട്. ഒരുപാട് മനുഷ്യരുടെ സ്നേഹവും ചിരികളും കൂടുമ്പോള്‍ മാത്രം ഉണ്ടാകുന്ന ഒരുമിച്ചിരിക്കലുകളുടെ ചന്തമുണ്ട്.
ആരുമായും ചേര്‍ത്ത് നിര്‍ത്താതെ ചേര്‍ന്നു നില്‍ക്കാതെ എങ്ങനെയാണ് ഓര്‍മ്മകള്‍ ഉണ്ടാവുന്നത്? ഓരോ അവധിയും അവസാനിക്കുന്നത് അനേകം മനുഷ്യരുടെ ചേര്‍ന്നു നില്പ്പുകളിലാണ്. ഓര്‍മ്മകളില്‍ ജീവിക്കുമ്പോള്‍ തന്നെയാണ് ജീവിതമുണ്ടാവുന്നത്. ആളുകളെക്കാള്‍ അവരുമായുള്ള നിമിഷങ്ങള്‍ ഒന്ന് തിരികെ വന്നിരുന്നെങ്കില്‍ എന്ന് മാത്രം ഓര്‍ക്കുന്നു.
അവധിക്കാല ഓര്‍മ്മകളില്‍ ഏറെ പ്രിയപ്പെട്ട ഒന്ന് ഏഴാം ക്ലാസ്സിലെ അവധിക്കാലമാണ്. ജീവിതത്തിലാദ്യമായി ഒരു നീണ്ട തീവണ്ടി യാത്ര. പൂനെയിലെ ചേച്ചിയുടെ വീട്ടിലേക്ക്. ഒപ്പം, വല്യച്ഛനും വല്യമ്മയും ഞാനും. തീവണ്ടി യാത്ര പരിചയമേ ഇല്ലാത്ത കാലത്തെ വേറിട്ട അനുഭവം. ഇരുട്ടിലകപ്പെട്ടു എന്ന് വേവലാതിപ്പെടുത്തുന്ന തുരങ്കങ്ങള്‍, കച്ചവട സാധനങ്ങളുമായി വഴിവക്കിലെ റെയില്‍ പാതകളില്‍ നിന്നും ട്രെയിനില്‍ വന്നു കയറുന്ന അനവധി പേര്. തീവണ്ടിയാത്ര മാത്രമല്ല, മഹാരാഷ്ട്ര എന്ന അപരിചിത ഭൂമികയും എനിക്കേറെ വിസ്മയകരമായി. പടികള്‍ കയറി ചെല്ലുന്ന വലിയൊരമ്പലത്തിന്റെ മുകളില്‍ മോദകവുമായി ചിരിച്ചെതിരേല്ക്കുന്ന ആ ഗണപതിപ്രതിമ ഇന്നുമോര്‍ക്കുന്നു. വെളുപ്പില്‍ ചുവന്ന വലിയ പൊട്ടുകളുള്ള ഒരു ഉടുപ്പ് കൂടി ആ ഓര്‍മകളോട് ചേര്‍ത്ത് വയ്ക്കുന്നു. മറാഠി തെരുവുകളിലേതിലോ നിന്നും ചേച്ചി വാങ്ങിത്തന്ന ചുവപ്പ് നിറമുള്ള ഉടുപ്പ്. അതെ, ഓര്‍മ്മകള്‍ക്കിന്നും മങ്ങാത്ത നിറമാണ്.