കൊല്‍ക്കത്തയിലേക്കുള്ള അവന്‍റെ തിരിച്ചുവരവ് പ്രതികാരം തീര്‍ക്കാൻ, ശ്രേയസ് അയ്യരെക്കുറിച്ച് ഗവാസ്കര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിറങ്ങുമ്പോള്‍ അത് പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് മധുരപ്രതികാരത്തിന് കൂടിയുള്ള അവസരമാണെന്ന് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്ക് ഐപിഎല്ലില്‍ മൂന്നാം കിരീടം സമ്മാനിച്ചെങ്കിലും ക്യാപ്റ്റനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത തയാറായില്ല. പിന്നീട് 26.75 കോടി രൂപക്ക് ഐപിഎല്‍ താരലേലത്തില്‍ പഞ്ചാബ് ശ്രേയസിനെ സ്വന്തമാക്കുകയായിരുന്നു.

ശ്രേയസിന് പകരം അജിങ്ക്യാ രഹാനെയെ കൊല്‍ക്കത്ത നായകനാക്കിയെങ്കിലും ഈ സീസണില്‍ എട്ട് കളികളില്‍ മൂന്ന് ജയവുമായി ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത. പഞ്ചാബ് കിംഗ്സ് ആകട്ടെ എട്ട് കളികലില്‍ അഞ്ച് ജയവുമായി അഞ്ചാം സ്ഥാനത്തും. മുള്ളന്‍പൂരില്‍ നടന്ന ഹോം മാച്ചില്‍ ചെറിയ 112 റണ്‍സിന് ഓൾ ഔട്ടായിട്ടും കൊല്‍ക്കത്തയെ 95 റണ്‍സിന് എറിഞ്ഞിട്ട് പഞ്ചാബ് വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ ശ്രേയസ് വര്‍ധിത വീര്യത്തോടെയാകും ഈഡനില്‍ ഇറങ്ങുകയെന്ന് ഗവാസ്കര്‍ പറഞ്ഞു.

‘ഈ തോൽവിയിൽ ധോണിക്ക് പങ്കില്ല’, താരലേലത്തിന് മുമ്പ് ചെന്നൈ ധോണിയുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് റെയ്ന

കഴിഞ്ഞ സീസണില്‍ കിരീടം നേടിക്കൊടുത്തിട്ടും കൊല്‍ക്കത്ത ശ്രേയസിനെ കൈവിടുകയായിരുന്നു. മോശം ഫോമിന്‍റെ പേരിലായിരുന്നില്ല കൊല്‍ക്കത്ത ശ്രേയസിനെ ഒഴിവാക്കിയത്. അങ്ങനെയായിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു. കിരീടം നേടിക്കൊടുത്തിട്ടും ടീം ഒഴിവാക്കിയെങ്കില്‍ അത് ശ്രേസയിനെ വേദനിപ്പിച്ചുകാണുമെന്ന് ഉറപ്പാണ്. ഐപിഎല്‍ താരലലേത്തില്‍ 26.75 കോടി മുടക്കി പഞ്ചാബ് ടീമിലെത്തിച്ചത് അതിന് ചെറിയൊരു ആശ്വാസമായെങ്കിലും ഒരാളും ഒഴിവാക്കപ്പെടാന്‍ ആഗ്രഹിക്കാത്ത രീതിയിലാണ് ശ്രേയസിനെ തഴഞ്ഞത്. അതുകൊണ്ട് തന്നെ കൊല്‍ക്കത്തയില്‍ ഇന്ന് ശ്രേയസിന് പലതും തെളിയിക്കാനുണ്ടാകുമെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു. ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തക്ക് ഇന്ന് ജയിച്ചെ മതിയാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin