കേരള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മലേഷ്യ എയര്‍ലൈന്‍സ്; സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ജൂണ്‍ 6 മുതല്‍ ക്വാലാലംപൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ ആഴ്ചയില്‍ നാലില്‍ നിന്ന് അഞ്ചായി ഉയര്‍ത്താനുള്ള മലേഷ്യ എയര്‍ലൈന്‍സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ലുക്ക് ഈസ്റ്റ് തന്ത്രത്തിന്റെ ഭാഗമായി മലേഷ്യ എയര്‍ലൈന്‍സുമായി കേരള ടൂറിസം പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ജൂണ്‍ 6 മുതല്‍ ക്വാലാലംപൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് മലേഷ്യ എയര്‍ലൈന്‍സ് പ്രസ്താവിച്ചിരുന്നു. കേരളം പിന്തുടരുന്ന ലുക്ക് ഈസ്റ്റ് നയത്തിന് അനുസൃതമായി തിരുവനന്തപുരത്തെ ഏഷ്യ-പസഫിക് മേഖലയുമായി ബന്ധിപ്പിക്കുന്നതില്‍ സര്‍വീസുകളുടെ വര്‍ധന നിര്‍ണായക പങ്ക് വഹിക്കുമെന്ന് മലേഷ്യ എയര്‍ലൈന്‍സ് ചൂണ്ടിക്കാട്ടി. ഏഷ്യ-പസഫിക് മേഖലയുമായി സുഗമമായി ബന്ധിപ്പിക്കുന്ന ഈ റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏക ഫുള്‍ സര്‍വീസ് പ്രീമിയം വിമാന കമ്പനിയാണ് മലേഷ്യ എയര്‍ലൈന്‍സ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലേഷ്യ എയര്‍ലൈന്‍സുമായി സഹകരിച്ച് ഏഷ്യ-പസഫിക് ടൂറിസം വിപണികള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഈ മാസം ആദ്യം കേരള ടൂറിസം ഔദ്യോഗികമായി ലുക്ക് ഈസ്റ്റ് സംരംഭത്തിന് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കൊറിയ, ഇന്തോനേഷ്യ, തായ് ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, തായ് വാന്‍, ജപ്പാന്, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നാല്പതോളം ടൂര്‍ ഓപ്പറേറ്റര്‍മാരും ഇരുപതോളം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സേഴ്സും തിരുവനന്തപുരത്ത് എത്തി. ഇവര്‍ പ്രധാന ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കുകയും, കേരളത്തിലെ ടൂറിസം സ്റ്റേക്ക് ഹോള്‍ഡേഴ്സുമായി ബിടുബി മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും വിപുലമായ ടൂറിസം സാധ്യതകളും ഇതില്‍ പ്രദര്‍ശിപ്പിച്ചു. പുതിയ വിപണികള്‍ കണ്ടെത്തുന്നതില്‍ കേരള ടൂറിസത്തിന് പുതിയ വഴി കാണിക്കാനും ആഗോളതലത്തില്‍ സാന്നിധ്യം വിപുലപ്പെടുത്തുന്നാനുമുള്ള വലിയ കുതിച്ചുചാട്ടമായാണ് മലേഷ്യ എയര്‍ലൈന്‍സുമായുള്ള സഹകരണത്തെ റിയാസ് വിശേഷിപ്പിച്ചത്.
READ MORE: സ്വദേശ് ദര്ശന് 2.0; തലശ്ശേരി, വര്‍ക്കല ടൂറിസം പദ്ധതികള്‍ക്ക് 50 കോടി രൂപ അനുവദിച്ച് കേന്ദ്രം