കേരളത്തിലുള്ളത് 104 പാക് പൗരന്മാർ, 98 പേരും സംസ്ഥാനത്ത് തുടരും, തിരികെ പോകില്ല; ആറ് പേർ മടങ്ങി
ദില്ലി: പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98 പാക് പൗരന്മാർ സംസ്ഥാനത്ത് തുടരും. ഇവർ ദീർഘകാല വിസയിൽ കേരളത്തിൽ കഴിയുന്നവരാണ്. ഇവർക്ക് രാജ്യത്ത് തുടരുന്നതിൽ തടസമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിമാരുമായി സംസാരിച്ച അമിത്ഷാ എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഞായറാഴ്ചക്കുള്ളില്‍ പാക് പൗരന്മാർ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മെഡിക്കല്‍ വിസയുള്ള പാക് പൗരന്മാർക്ക് രണ്ട് ദിവസം കൂടി രാജ്യത്ത് തുടരാമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെയാണ് ഇന്ത്യ നടപടികൾ കടുപ്പിച്ചത്. ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ച നിലപാടുകൾ ഇവയാണ്
- പാകിസ്ഥാനുമായുളള സിന്ധു നദീജലകരാര്‍ മരവിപ്പിച്ചു
- അട്ടാരി ചെക്ക് പോസ്റ്റ് അടക്കും
- പാക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി.
- ഇന്ത്യയിലുള്ള പാക് പൗരന്മാർ ഉടൻ രാജ്യം വിടാൻ നിർദേശം
- മെഡിക്കൽ വീസ ഉള്ള പാകിസ്ഥാനികൾ അടക്കം 29ന് മുമ്പ് മടങ്ങണം
- പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണം.
- ഇന്ത്യയുടെ പ്രതിരോധ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു
- ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 55 ല്‍ നിന്ന് മുപ്പതായി വെട്ടിക്കുറച്ചു
- സൈന്യങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം
മറുപടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച നടപടികൾ ഇവയാണ്
- ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം നിറുത്തി
- പാകിസ്ഥാൻ വ്യോമമേഖലയിൽ ഇന്ത്യൻ കമ്പനികളുടെ വിമാനങ്ങൾക്ക് പ്രവേശന വിലക്ക്
- ഷിംല കരാറിൽ നിന്ന് പിൻമാറാനുള്ള അവകാശം വിനിയോഗിക്കും
- വാഗ അതിർത്തി അടയ്ക്കും
- ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ചു
- പരമാധികാരം ലംഘിച്ചാൽ തിരിച്ചടിയെന്ന് മുന്നറിയിപ്പ്
- സിന്ധു നദീജലകരാർ ലംഘിച്ചാൽ യുദ്ധമായി കണക്കാക്കുമെന്ന് ഭീഷണി