ഐപിഎല്‍: മത്സരം മഴ കൊണ്ടുപോയിട്ടും പഞ്ചാബ് കിംഗ്സ് ആദ്യ നാലില്‍; കെകെആറിന് കനത്ത തിരിച്ചടി
കൊല്‍ക്കത്ത: ഐപിഎല്‍ പതിനെട്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- പഞ്ചാബ് കിംഗ്സ് മത്സരം മഴയില്‍ കുതിര്‍ന്നില്ലാതായി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ കനത്ത മഴ കാരണം മത്സരം ഫലമില്ലാതെ അവസാനിച്ചപ്പോഴും പഞ്ചാബ് കിംഗ്സ് പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലെത്തി. അതേസമയം ഇന്ന് ഒരു പോയിന്‍റ് മാത്രം നേടാനായത് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടിയായി. ഇനിയുള്ള എല്ലാ മത്സരങ്ങളും ഇതോടെ കെകെആറിന് ജീവന്‍മരണ പോരാട്ടങ്ങളായി.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്ക് നിര്‍ണായകമായ മത്സരത്തിനാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ന് വേദിയായത്. കളി തുടങ്ങുമ്പോള്‍ 8 മത്സരങ്ങളില്‍ നിന്ന് 10 പോയിന്‍റുമായായി അഞ്ചാം സ്ഥാനത്തായിരുന്നു പഞ്ചാബ് കിംഗ്‌സ്. കൊല്‍ക്കത്തയില്‍ ആദ്യം ബാറ്റ് ചെയ്ത് 201-4 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയ ശ്രേയസ് അയ്യരും സംഘവും ജയം മനസില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയുടെ ചേസിംഗ് ഒരു ഓവറില്‍ ഏഴ് റണ്‍സെന്ന നിലയില്‍ നില്‍ക്കേ മഴയെത്തിയത് പഞ്ചാബിന്‍റെ വിജയ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ഇടയ്ക്ക് ഒരുവേള മഴ കുറഞ്ഞെങ്കിലും വീണ്ടും തീവ്രമായത് മത്സരം പുനരാരംഭിക്കുന്നത് ഇല്ലാതാക്കി. അതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- പഞ്ചാബ് കിംഗ്സ് മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിട്ടു.
മത്സരം ഉപേക്ഷിച്ചതോടെ ഒരു പോയിന്‍റ് ലഭിച്ച പഞ്ചാബ് കിംഗ്സ് ഒരു സ്ഥാനം മെച്ചപ്പെടുത്തി പോയിന്‍റ് പട്ടികയില്‍ നാലാമതെത്തി. 9 മത്സരങ്ങളില്‍ +0.177 നെറ്റ് റണ്‍റേറ്റോടെ 11 പോയിന്‍റാണ് പഞ്ചാബിന് ഇപ്പോഴുള്ളത്. നാളത്തെ കളിയില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ജയിച്ചാലും മുംബൈ ഇന്ത്യന്‍സ് ജയിച്ചാലും പഞ്ചാബ് കിംഗ്സ് ആദ്യ നാലില്‍ നിന്നും വീണ്ടും താഴെയിറങ്ങും. എങ്കിലും പഞ്ചാബിന്‍റെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിക്കില്ല. അതേസമയം, കെകെആറിന് ഇന്ന് ജയമില്ലാതെ പോയത് കനത്ത ക്ഷീണമായി. പ്ലേ ഓഫിലെത്തണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കേണ്ട സാഹചര്യമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നിലുള്ളത്. 9 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 7 പോയിന്‍റുമായി നിലവില്‍ ഏഴാം സ്ഥാനത്താണ്. +0.212 എന്ന മോശമല്ലാത്ത റണ്‍റേറ്റ് കെകെആറിനെ തുണയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെയറിയണം.
Read more: ഈഡനിൽ കളിച്ചത് മഴ; കൊൽക്കത്ത – പഞ്ചാബ് മത്സരം ഉപേക്ഷിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം