എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളില്‍ കോവളത്ത്

തിരുവനന്തപുരം :  സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എച്ച്പിബി ആൻഡ് ജിഐ( ഹെപ്പറ്റോ-പാൻക്രിയാറ്റിക്- ബിലിയറി ആൻഡ് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനൽ) കാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മെയ് 10,11 തീയതികളിൽ കോവളത്ത് നടക്കുമെന്ന് ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറിയും സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകനുമായ പ്രൊഫ. ഡോ. ബൈജു സേനാധിപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

കോവളം ഉദയ സമുദ്ര ഹോട്ടലിൽ നടക്കുന്ന ദ്വിദിന ഉച്ചകോടിയിൽ ദേശിയ-അന്തർദേശിയതലത്തിലുള്ള കാൻസർ സർജറി വിദഗ്ദ്ധർ പങ്കെടുക്കും. യു.എസ്.എ, ബ്രസീൽ,മലേഷ്യ, ജപ്പാൻ, ഇറ്റലി, ലണ്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ എച്ച്പിബി ആൻഡ് ജിഐ ക്യാൻസർ സർജറി വിദഗ്ദ്ധന്മാരാണ് കോവളത്ത് നടക്കുന്ന സമ്മിറ്റിൽ പങ്കെടുക്കുന്നത്. 

അമേരിക്കയിലെ മയോക്ലിനിക്ക് സർജൻ ഡോ. മൈക്കേൽ കെൻഡ്രിക്, ജപ്പാനിലെ ടോക്യോ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സർജൻ പ്രൊഫ. നാഗാകവ യൂചി, ഇറ്റലിയിലെ ഹുമാനിറ്റാസ് യൂണിവേഴ്‌സിറ്റി കൺസൾട്ടന്റ് സർജൻ പ്രൊഫ. ഗുയ്‌ഡോ ടോർസിലി, യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യ മെഡിക്കൽ സെന്ററിലെ കോളോറെക്ടറൽ സർജൻ പ്രൊഫ. സിയോൻ പാൻ കിം തുടങ്ങിയവരാണ് ഇന്റർനാഷണൽ ഫാക്കൽറ്റിയിലെ പ്രമുഖർ. കൂടാതെ ദേശിയതലത്തിൽ ശ്രദ്ധേയരായ 70 ൽഅധികം കാൻസർ സർജന്മാരും ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കും. 

ആഗോളതലത്തിൽ അർബുദ ബാധിതരുടെ  എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എച്ച്പിബി ആൻഡ് ജിഐ ക്യാൻസർ സർജന്മാരുടെ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്നും വിവിധ വിഷയങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്കും പ്രഭാഷണങ്ങൾക്കും കോവളം വേദിയാകുമെന്നും സമ്മിറ്റ് ഓർഗനൈസിങ് ചെയർമാൻ ഡോ. എച്ച് രമേശ് പറഞ്ഞു. 

അഞ്ഞൂറിലധികം സർജന്മാർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ച, മെഡിക്കൽ വിദ്യാർത്ഥികൾക്കും സർജന്മാർക്കുമായുള്ള പഠന ക്ലാസ്, പ്രാക്ടിക്കൽ സെഷൻസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

പാൻക്രിയാസ്, കരൾ, വൻകുടൽ,മലാശയം തുടങ്ങിയ ശരീരഭാഗങ്ങളെ ബാധിക്കുന്ന കാൻസർ ചികിത്സയ്ക്കുള്ള ഏറ്റവും ആധുനികവും രോഗികൾക്ക് ഗുണകരവുമായ ശസ്ത്രക്രിയാമാർഗങ്ങൾ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പരിചയപ്പെടുത്തുകയും പുതിയ സാഹചര്യങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയുമാണ് സമ്മിറ്റിന്റെ ലക്ഷ്യമെന്ന് പ്രൊഫ.ഡോ. ബൈജു സേനാധിപൻ പറഞ്ഞു. 

സമ്മിറ്റിന്റെ ഭാഗമായി  ലാപ്പറോസ്‌കോപ്പി സർജറിയിൽ മികവ് പുലർത്തുന്നവർക്ക് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകിവരുന്ന ഏകലവ്യ  അവാർഡ് 2025-ന്റെ പ്രഖ്യാപനവുമുണ്ടാകും. പുരസ്‌കാര ജേതാവിന് സ്വർണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഫെലോഷിപ്പും നൽകുമെന്നും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തിൽ അസോസിയേഷൻസ് ഓഫ് സർജൻസ് ഓഫ് ഇന്ത്യ എക്സി. ഡയറക്ടർ ഡോ. സുൽഫികർ എം.എസ് ,ഡോ. രമാദേവി, എസ് ഇ എഫ് മാനേജർ വിശ്വനാഥൻ, ഓവർസീസ്  കോർഡിനേറ്റർ ഡോ. പീറ്റർ കെബിൻ്റോ എന്നിവർ പങ്കെടുത്തു.

 

 

By admin