ഉന്നത നിർദേശമെത്തി, പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന നോട്ടീസ് കോഴിക്കോട് പൊലീസ് പിൻവലിക്കാൻ തീരുമാനിച്ചു

കോഴിക്കോട്: പാക്കിസ്ഥാൻ പൗരത്വമുള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ച് കോഴിക്കോട് പൊലീസ്. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. മൂന്ന് പേർക്കാണ് കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നത്. 78 വയസുകാരനും ഹൃദ്രോഗിയുമായ കൊയിലാണ്ടി സ്വദേശി ഹംസ ഉൾപ്പെടെ ഉള്ളവർക്കായിരുന്നു നോട്ടീസ് ലഭിച്ചത്. ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത ഹംസയുടെ സാഹചര്യം വലിയ വാ‍ർത്തയായിരുന്നു.

ഇതിന് പിന്നാലെയാണ് നോട്ടീസ് പിൻവലിക്കാൻ ഉന്നത നിർദ്ദേശമെത്തിയതെന്നാണ് വിവരം. ഉടൻ നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് വിവരിച്ചിട്ടുണ്ട്. ലോങ്ങ്  ടൈം വിസ ഉള്ളവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സർക്കാർ നിർദ്ദേശ പ്രകാരമുള്ള നടപടികൾ മാത്രമേ ഇക്കാര്യത്തിൽ സ്വീകരിക്കുകയുള്ളു എന്നും കോഴിക്കോട് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin