ഉച്ചയോടെ പുഴയിലിറങ്ങും, കേറുന്നതാവട്ടെ സന്ധ്യയ്ക്ക്; അതും അടികിട്ടീട്ട് മാത്രം!

ഉച്ചയോടെ പുഴയിലിറങ്ങും, കേറുന്നതാവട്ടെ സന്ധ്യയ്ക്ക്; അതും അടികിട്ടീട്ട് മാത്രം!

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

ഉച്ചയോടെ പുഴയിലിറങ്ങും, കേറുന്നതാവട്ടെ സന്ധ്യയ്ക്ക്; അതും അടികിട്ടീട്ട് മാത്രം!

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

മാമ്പഴക്കാലം കൂടിയാണ് വേനലവധിക്കാലം. അതൊരു ഉത്സവകാലം കൂടിയാണ്. പുഴയില്‍ പോക്കും മാങ്ങാ പെറുക്കലും ഇതൊക്കെയാണ് പ്രധാന കലാപരിപാടികള്‍. ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് ചോറുകഴിക്കാന്‍ വിളിച്ചാല്‍ പോലും പോവാതെ, പച്ചമാങ്ങ ഉപ്പും മുളകും കൂട്ടി കഴിച്ചിട്ടുണ്ട് അവസാനം നാവൊക്കെ പൊട്ടി വീട്ടുകാരുടെ വഴക്കു കേള്‍ക്കും. ചിലപ്പോള്‍ അടിയും കിട്ടും. ഇപ്പൊ അതൊക്കെ ഓര്‍ക്കുമ്പോള്‍ പല്ലുപുളിക്കും എന്നതൊരു സത്യം!
 
മാങ്ങാക്കാലമായാല്‍ മുത്തശ്ശിയുടെ വക എന്നും മാമ്പഴ പുളിശ്ശേരി ഉണ്ടാവും. അതിന്റെ സ്വാദ് വേറൊരു കറിക്കും ഉണ്ടാവില്ല. ചോറുകഴിക്കാന്‍ അത് മാത്രം മതി. മുത്തശ്ശിക്കും അതിനോടാണ് പ്രിയം. എന്നും മാമ്പഴപുളിശ്ശേരി കഴിച്ച് നിങ്ങള്‍ക്ക് മടുക്കുന്നില്ലെയെന്ന് അച്ഛന്റെ വക ചോദ്യം മൂപ്പര്‍ക്ക് അത് ഇഷ്ടല്ലെന്നേ.  പിന്നാലെ വന്നു, മുത്തശ്ശിയുടെ ഉത്തരം- ‘മാമ്പഴപുളിശ്ശേരി ഇല്ലാതെ എന്ത് ഊണ്!’സത്യമാണ്, ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അതില്ലാതെ ഊണ് കഴിക്കാന്‍ പറ്റില്ലെന്നേ!
 
അന്നൊക്കെ അതിരാവിലെ ഞങ്ങള്‍ കുട്ടികള് എഴുന്നേല്‍ക്കും. പിന്നെ മാങ്ങ പെറുക്കാാനുള്ള ഓട്ടമാണ്. ചിലപ്പോള്‍ പല്ലുപോലും തേച്ചിട്ടുണ്ടാവില്ല. അതൊരു മത്സരം തന്നെയാണ്. ആര്‍ക്കാണ് കൂടുതല്‍ മാങ്ങാ കിട്ടുക എന്ന മല്‍സരം. എല്ലാ പറമ്പിലെ മാങ്ങയും പെറുക്കിവരും. പരീക്ഷയായാല്‍ പോലും ഇത്ര രാവിലെ എഴുന്നേല്‍ക്കാത്ത ഞങ്ങളാണെന്നു കൂടെ ഓര്‍ക്കണം. ചെറിയ നാട്ടുമാങ്ങ ചുണ്ടു പൊട്ടിച്ച് ഊറിക്കുടിക്കണം. മാമ്പഴ മധുരം വായും കടന്ന് കൈത്തണ്ടയിലൂടെ ഒഴുകിയിറങ്ങും. അതും നക്കും. അവസാനം ആ മാങ്ങാണ്ടിയെ ആരുടേലും ഒപ്പം കൂട്ടിനും വിടും.

ഞങ്ങളുടെ വീടിനടുത്ത് ഒരു മുത്തശ്ശി ഉണ്ടായിരുന്നു. പുള്ളിക്കാരിക്കാണേല്‍ ഞങ്ങളെ ഒട്ടുമേ ഇഷ്ടമല്ല. എന്നും വഴക്കാണ്. എങ്ങനെയാ ഇഷ്ടാവുക, പുള്ളിക്കാരീടെ മാവിലെ മാങ്ങ മുഴുവന്‍ മോഷ്ടിക്കുന്ന ഞങ്ങളെ!  മോഷണം എന്നൊക്കെ പറയാമോ അല്ലേ. ആ മുത്തശ്ശിക്ക് വേണ്ടാത്തതുകൊണ്ടല്ലേ ഞങ്ങള് എടുക്കുന്നത്. പുള്ളിക്കാരി കഴിക്കത്തൂല്ല, ഞങ്ങളെ എടുക്കാന്‍ വിടത്തൂല്ല! ഇത് ശരിയായ കാര്യല്ലല്ലോ. അതുകൊണ്ടല്ലേ ഞങ്ങള് കാണാതെ പറിക്കുന്നത്. എന്നാലോ പുള്ളിക്കാരി അത് കൃത്യമായി കാണുകയും ചെയ്യും. കേള്‍വി കുറവാണെങ്കിലും അതും കൂടെ കണ്ണിന് കിട്ടീട്ടുണ്ട്. അത്രയ്ക്കും കാഴ്ച്ച ശക്തിയാണ്. ദൂരനിന്നേ ഞങ്ങളെ കാണും. പിന്നെ വഴക്കാണ്.

അവധിക്കാലത്ത് ഞങ്ങള്‍ അമ്പലത്തിലെ സ്ഥിരം സന്ദര്‍ശകരാണ്. പോവുന്നതിന്റെ പ്രധാന ഉദ്ദേശ്യം അവിടുന്ന് കിട്ടുന്ന പായസവും നല്ല നെയ്യില്‍ ചുട്ട ഉണ്ണിയപ്പവുമൊക്കെ കഴിക്കുകയാണ്. അവിടുന്ന് കിട്ടുന്നതിനൊക്കെ പ്രത്യേക സ്വാദാണ്. ഇതൊക്കെ വീട്ടീന്ന് കിട്ടിയാലോ തിരിഞ്ഞ് പോലും നോക്കില്ല. പിന്നെ കണ്ണനെയും കാണാം. പുള്ളിക്ക് ഞങ്ങളെ അറിയാലോ, അതോണ്ട് പിന്നെ കുഴപ്പമില്ല.

പിന്നെ ഞങ്ങളുടെ മറ്റൊരു വിനോദമാണ് വീട്ടുകാരെ സോപ്പിട്ട് പുഴയില്‍ പോവുന്നത്. ഊണ് കഴിക്കലൊക്കെ കഴിഞ്ഞാല്‍ നേരെ പുഴയിലോട്ട് ഓടും. നീന്തലൊന്നുമറിയില്ല. പക്ഷേ, പുഴയിലിറങ്ങുന്നതിന്  യാതൊരു ഭയവുമില്ല. വെള്ളം കഴുത്തൊപ്പം ആവുന്നത്രയും ദൂരം പോവുകയും ചെയ്യും. ഉച്ചയോടെ പുഴയിലിറങ്ങുന്ന ഞങ്ങള്‍ കേറുന്നതാവട്ടെ സന്ധ്യയ്ക്കും. അതും അടികിട്ടീട്ട് മാത്രം. അല്ലാതെ കേറിയ ചരിത്രമേയില്ലെന്ന് തന്നെ പറയാം.

ഏറ്റവും കൂടുതല്‍ അടികിട്ടീട്ടുള്ളതും അവധിക്കാലത്ത് തന്നെ. എങ്ങനെയാ കിട്ടാതിരിക്കുവാ അത്രത്തോളം ഉണ്ടായിരുന്നല്ലോ കുരുത്തക്കേട്!
 

By admin