ഇന്ത്യയിൽ വൻ വിപുലീകരണം; പുതിയ ആപ്പിള്‍ സ്റ്റോറുകൾ വരുന്നു, എവിടെയൊക്കെ?

ദില്ലി: ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ റീട്ടെയിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഇന്ത്യയിൽ പുതിയ സ്റ്റോറുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ തീരുമാനിച്ചതായി റിപ്പോർട്ട്. നോയിഡയിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിൽ രാജ്യത്തെ മൂന്നാമത്തെ സ്റ്റോർ തുറക്കാൻ ടെക്ക് ഭീമൻ പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഒപ്പം ഇന്ത്യയിലെ നാലാമത്തെ ആപ്പിൾ സ്റ്റോറിനുള്ള സ്ഥലമായി പൂനെയിലെ കോപ മാൾ അന്തിമമാക്കിയതായും സൂചന. കൂടാതെ ഇന്ത്യയില്‍ രണ്ട് അധിക സ്റ്റോറുകൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും, ഇത് രാജ്യത്തെ ആപ്പിൾ സ്റ്റോറുകളുടെ എണ്ണം ആകെ ആറായി ഉയർത്തുമെന്നുമാണ് വാര്‍ത്തകള്‍.

ആപ്പിൾ ഇന്ത്യയിൽ റീട്ടെയിൽ വിപുലീകരണത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കാൻ പദ്ധതിയിടുന്നു എന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസിനെ ഉദ്ധരിച്ച് ഗാഡ്ജെറ്റ്സ് 360 റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി, മൂന്നാമത്തെയും നാലാമത്തെയും ആപ്പിൾ സ്റ്റോറുകൾക്കായി നോയിഡയിലും പൂനെയിലും യഥാക്രമം സ്ഥലങ്ങൾ കമ്പനി ഇതിനകം അന്തിമമാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങൾക്ക് പുറമേ, ബെംഗളൂരുവിലും മുംബൈയിലും രണ്ട് സ്റ്റോറുകൾ കൂടി സ്ഥാപിക്കുന്നതിന് ആവശ്യമായ രണ്ട് സ്ഥലങ്ങൾ ഐഫോൺ നിർമ്മാതാക്കള്‍ തിരയുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ആപ്പിള്‍ കമ്പനിക്ക് നിലവിൽ ഇന്ത്യയിൽ രണ്ട് ഔദ്യോഗിക സ്റ്റോറുകളുണ്ട്. ഇവ ഡൽഹിയിലെ സെലക്ട് സിറ്റിവാക്ക് മാളിലും മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലും (BKC) സ്ഥിതിചെയ്യുന്നു. ഈ രണ്ട് സ്റ്റോറുകളും വിൽപ്പനയുടെ ആദ്യ വർഷത്തിൽ 800 കോടി രൂപയുടെ സംയോജിത വരുമാനം റിപ്പോർട്ട് ചെയ്തു. ചെറിയ സ്റ്റോറാണെങ്കിലും ആപ്പിൾ സാകേതിന് 60 ശതമാനം വിഹിതമുണ്ട്. റിപ്പോർട്ട് ചെയ്ത പദ്ധതികളുമായി ആപ്പിൾ മുന്നോട്ട് പോയാൽ ഡൽഹി-എൻസിആറിലെ ഐഫോൺ നിർമ്മാതാവിന്‍റെ രണ്ടാമത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റായി നോയിഡ ആപ്പിൾ സ്റ്റോർ മാറും.

തുറക്കാനിരിക്കുന്ന മുംബൈ സ്റ്റോർ നഗരത്തിലെ രണ്ടാമത്തെ ഔദ്യോഗിക ആപ്പിൾ സ്റ്റോർ ആകാനും സാധ്യതയുണ്ട്. 20 തസ്‍തികകളിലേക്ക് ആപ്പിൾ പോസ്റ്റ് ചെയ്ത ലിങ്ക്ഡ്ഇനിലെ ജോലി ലിസ്റ്റിംഗുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അവയിൽ ഭൂരിഭാഗവും റീട്ടെയിൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. ആപ്പിളിന്‍റെ റീട്ടെയിൽ വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് ഡീഡ്രെ ഒ’ബ്രയൻ 2024 ഒക്ടോബറിൽ കമ്പനിയുടെ വിപുലീകരണ പദ്ധതികൾ ആദ്യമായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ഏകദേശം 400 ജീവനക്കാരെ നിയമിക്കുന്ന ഒരു റിക്രൂട്ട്‌മെന്‍റും കമ്പനി ആരംഭിച്ചിരുന്നു.

Read more: ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍; ചൈന വിടാനൊരുങ്ങി ആപ്പിള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin