തൃശ്ശൂർ: ഇക്കൊല്ലത്തെ പൂരം മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദര്‍വേഷ് സാഹിബ് തൃശൂരില്‍ പറഞ്ഞു. നാലായിരത്തിലേറെ പൊലീസുകാരെ സുരക്ഷയ്ക്കായി വിനിയോഗിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനയുടെ ഉള്‍പ്പടെ സേവനം തേടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തെ പ്രതിസന്ധികള്‍ ഇക്കൊല്ലമുണ്ടാവില്ലെന്നും ഡിജിപി പറഞ്ഞു. പൂരം വെടിക്കെട്ടിന് പൊലീസ് തയാറാക്കിയ പ്ലാന്‍ ഡിജിപി പരിശോധിച്ചു.
തേക്കിന്‍ കാട് മൈതാനത്തെത്തി തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും വെടിക്കെട്ട് നടത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ വിപുലമായ യോഗവും സിറ്റി പൊലീസ് കമ്മീഷണർ ഓഫീസില്‍ ചേര്‍ന്നു. കഴിഞ്ഞ കൊല്ലത്തെ പൂരം കലക്കലില്‍ നടക്കുന്ന ത്രിതല അന്വേഷണത്തില്‍ മനോജ് എബ്രഹാമിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. താന്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ള തുടര്‍ നടപടി സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഡിജിപി പറഞ്ഞു.