വാനമ്പാടി എന്ന പരമ്പരയിലെ ‘നിർമലേടത്തി’ ആയി മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്നേഹമത്രയും ഏറ്റുവാങ്ങിയ താരമാണ് ഉമാ നായർ. എട്ടു വയസുള്ളപ്പോൾ ദൂരദർശനിലെ ടെലിഫിലിമിൽ കൂടിയായിരുന്നു മിനിസ്ക്രീനിലേക്കുള്ള ഉമാ നായരുടെ അരങ്ങേറ്റം. നിരവധി സീരിയലുകളിൽ വ്യത്യസ്‍തതയാർന്ന കഥാപാത്രങ്ങൾ ഉമാ നായർ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ‘നിർമ്മലേടത്തി’യോട് ഒരു പ്രത്യേക ഇഷ്‍ടമാണ് ആരാധകർക്ക്. ഇപ്പോൾ ഗീതാഗോവിന്ദം ഉൾപ്പെടെ നിരവധി സീരിയലുകളുടെ ഭാഗമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ഉമ നായരുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.
മക്കൾ ചെറുതായിരുന്നപ്പോൾ തന്നെ ഉമയ്ക്ക് ഭർത്താവിനെ നഷ്ടമായിരുന്നു. ഇപ്പോൾ ഭർത്താവിനൊപ്പമുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.. മൂത്ത മകൾ ഗൗരിയാണ് ഈ ചിത്രം സമ്മാനിച്ചത്. സുജിത്ത് കെജെ എന്ന കലാകാരനാണ് ചിത്രം വരച്ചിരിക്കുന്നത്.
”എനിക്കു ലഭിച്ച ഏറ്റവും മൂല്യമേറിയ പിറന്നാൾ സമ്മാനം. നീ സമ്മാനിച്ച ഈ ഫോട്ടോഫ്രെയിം കാണുമ്പോൾ എന്റെ കണ്ണു നിറയുകയാണ്. അദ്ദേഹം ഇപ്പോഴും എനിക്കൊപ്പം ഉണ്ടെന്ന് തോന്നുകയാണ്. ഈ ചിത്രം എന്നിൽ സന്തോഷവും സ്നേഹവും നിറക്കുന്നു. ഈ മനോഹരമായ ചിത്രം സമ്മാനിച്ചതിന് എന്റെ വാവയ്ക്ക് നന്ദി”, ഉമാ നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സെലിബ്രിറ്റികടക്കം നിരവധി പേരാണ് ഉമാ നായർ പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ കമന്റ് ചെയ്യുന്നത്. ”കരയിപ്പിക്കുവോ?” എന്നാണ് നടി റബേക്ക സന്തോഷ് ഉമാ നായരുടെ പോസ്റ്റിനു താഴെ കമന്റായി കുറിച്ചത്.
ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ 2019ല്‍ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയന്‍ അടക്കമുള്ള ചില മലയാള സിനിമകളിലും ഉമാ നായർ അഭിനയിച്ചിട്ടുണ്ട്.