‘സ്ത്രീ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള അമ്മ’ കോടതി പരിഗണനകൾ ഇങ്ങനെ; ജിന്നുമ്മയും കൂട്ടാളിയും പുറത്തേക്ക്

കാസര്‍കോട്: അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി ജിന്നുമ്മ പുറത്തേക്ക്. ജിന്നുമ്മയ്ക്കും കൂട്ടാളിക്കും കോടതി ജാമ്യം അനുവദിച്ചു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസിലെ രണ്ടാം പ്രതിയാണ് ജിന്നുമ്മ എന്ന ഷമീന. ഇവര്‍ക്കും സഹായിയും മൂന്നാം പ്രതിയുമായ പൂച്ചക്കാട്ടെ അസ്നിഫക്കുമാണ് ജാമ്യം ലഭിച്ചത്. 

സ്ത്രീയെന്നതും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്ള അമ്മയാണെന്നതും പരിഗണിച്ചാണ്  ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അതേസമയം, ഒന്നാം പ്രതിയും ജിന്നുമ്മയുടെ ഭര്‍ത്താവുമായ മാങ്ങാട് കൂളിക്കുന്നിലെ ഉവൈസിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.  നാലാം പ്രതി മധൂര്‍ കൊല്യയിലെ ആയിഷയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഗഫൂർ ഹാജിയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊന്ന് 596 പവന്‍ സ്വര്‍ണ്ണമാണ് ജിന്നുമ്മയും സംഘവും തട്ടിയെടുത്തത്.

2023 ഏപ്രീല്‍ 14 ന് ആണ് അബ്ദുല്‍ ഗഫൂർ ഹാജിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍റെ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മന്ത്രവാദത്തിന്‍റെ പേരില്‍ തട്ടിയെടുത്ത സ്വര്‍ണ്ണം തിരിച്ച് ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡിവൈഎസ്പി കെജെ ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും.

പ്രതി ജിന്നുമ്മയും സംഘവും, കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങി അതിന്‍റെ മറവില്‍ കൂടുതല്‍ ഇരകളെ കണ്ടെത്താനുള്ള ശ്രമമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി കെ.ജെ ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി 596 പവന്‍ സ്വര്‍ണ്ണമാണ് ജിന്നുമ്മ എന്ന ഷമീനയും സംഘവും തട്ടിയെടുത്തത്. 

മന്ത്രവാദത്തിന്‍റെ മറവില്‍ ജിന്നുമ്മ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. മന്ത്രവാദം നടത്തിയവരിൽ ചിലർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അവരെയെല്ലാം കേസിൽ സാക്ഷികളാക്കിയതായി പൊലീസ് പറഞ്ഞു. സ്വർണം നിശ്ചിത ദിവസം മുറിയിൽ അടച്ചുവെച്ച് മന്ത്രവാദം നടത്തിയാൽ ഇരട്ടിയാക്കി കൊടുക്കാമെന്ന് പറഞ്ഞായിരുന്നു ഇവരെയെല്ലാം കബളിപ്പിച്ചത്. എന്നാൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അക്യുപങ്ചര്‍ – കോസ്മറ്റോളജി സ്ഥാപനം കണ്ണൂരില്‍ തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു ജിന്നുമ്മ. ഇതിനായി അക്യുപങ്ചര്‍ പഠിക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ഇരകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അധികവും സ്ത്രീകളാണ് ജിന്നുമ്മയുടെ അടുത്ത് എത്തിയിരുന്നത്. ഇവരെ കോസ്മറ്റോളജിയിലേക്ക് ആദ്യം എത്തിക്കുകയും പിന്നീട് കുടുംബ പശ്ചാത്തലം അറിഞ്ഞ ശേഷം മന്ത്രവാദത്തിന്റെ പേര് പറഞ്ഞ് പണം തട്ടാനായിരുന്നു പദ്ധതിയെന്ന് ഡിവൈഎസ്‍പി പറഞ്ഞു. ഷമീനയുടെ സ്വര്‍ണ്ണം ഇരട്ടിപ്പിക്കല്‍, മന്ത്രവാദ തട്ടിപ്പിന് നിരവധി പേര്‍ ഇരയായെങ്കിലും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ ഇവരാരും തയ്യാറായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin