ഷിംല കരാര്‍ റദ്ദാക്കുന്ന പാക് നീക്കം ഇന്ത്യക്ക് തിരിച്ചടിയാകുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ കടുത്ത നടപടികളുടെ ഭാഗമായി സിന്ധു നദീജല കരാർ അടക്കം ഇന്ത്യ മരവിപ്പിച്ചു. പിന്നാലെ പാകിസ്ഥാൻ ഷിംല കരാർ റദ്ദാക്കുമെന്നും വ്യക്തമാക്കി. ഇതോടെ വീണ്ടും ദശാബ്ദങ്ങളുടെ പഴക്കമുള്ള ഷിംല കരാര്‍ ചര്‍ച്ചയാവുകയാണ്. ഷിംല കരാര്‍ റദ്ദാക്കുന്നത് ഇരുരാജ്യങ്ങളെയും എങ്ങനെ ബാധിക്കുമെന്നകാര്യമടക്കമാണ് ചര്‍ച്ചയാകുന്നത്.

ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ നിയന്ത്രണരേഖ അതായത് എൽ ഒ സി ഇരുരാജ്യങ്ങളും അംഗീകരിച്ചത് ഷിംല കരാറിന്‍റെ അടിസ്ഥാനത്തിലാണ്.ബംഗ്ലാദേശിന്‍റെ സ്വാതന്ത്രത്തിലേക്കും വഴിതെളിച്ച കരാറാണ് ഷിംല കരാർ. 1972 ജൂലൈ രണ്ടിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഷിംലയിൽ വെച്ച് ഒപ്പുവച്ച കരാരാണ് ഷിംല കരാര്‍ എന്നറിയപ്പെട്ടത്.

1947ൽ ഇരുരാജ്യങ്ങൾ രൂപീകരിച്ചതിനുശേഷമുണ്ടായ തർക്കങ്ങൾക്കൊടുവിൽ നെഹ്റുവിന്‍റെ അഭ്യർത്ഥനപ്രകാരം ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെ തുടർന്ന് വെടിനിർത്തൽ രേഖ ഉണ്ടാക്കിയിരുന്നു.1972ൽ ഷിംല കരാർ വന്നതോടെ വെടിനിർത്തൽ രേഖ നിയന്ത്രണരേഖയായി അംഗീകരിച്ചു. 

കരാറിലെ പ്രധാനവ്യവസ്ഥകൾ ഇവയാണ്:

1.ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെ അതായത് ഇരു രാജ്യങ്ങളുടെ പ്രതിനിധികൾ മാത്രം തർക്കങ്ങൾ പരിഹരിക്കണം. മൂന്നാമതൊരാള്‍ ഇടപെടാതെയായിരിക്കണം ചര്‍ച്ചകള്‍ നടക്കേണ്ടത്.

2.ഏകപക്ഷീയമായി ഒരു രാജ്യം നിയന്ത്രണരേഖ മാറ്റില്ല

3.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പടിപടിയായി പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കും. അതായത് അതിർത്തി പോസ്റ്റുകൾ, കടൽ- കര- വ്യോമയാന ബന്ധം, പൗരൻമാരുടെ യാത്രാസൗകര്യങ്ങൾ, വ്യാപാരസഹകരണം എന്നിവയെല്ലാം പുനസ്ഥാപിക്കും. ഇതിനായി ഉദ്യോഗസ്ഥർ പലതവണയായി യോഗം ചേരും.

ഇരുരാജ്യങ്ങളുടേയും ദേശീയ സുരക്ഷ ഐക്യം രാഷ്ട്രീയസ്വാതന്ത്ര്യം ഉൾപ്പടെ ഷിംല കരാര്‍ അംഗീകരിക്കുന്നു. കരാർ ഇല്ലാതാകുകയാണെങ്കിൽ കശ്മീർ പ്രശ്നത്തിൽ മൂന്നാം കക്ഷിയെ പാകിസ്ഥാന് ഇടപെടുത്താം.അന്താരാഷ്ട്രവേദികളിൽ പാകിസ്ഥാൻ കശ്മീർ പ്രശ്നങ്ങൾ പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. കരാറിന്‍റെ പിൻബലത്തിൽ ഇതിനെ ഇന്ത്യ എതിർക്കുകയായിരുന്നു. 

നിയന്ത്രണരേഖ ലംഘിച്ച് കൊണ്ടുള്ള ആക്രമണങ്ങൾ പാകിസ്ഥാൻ ഇപ്പോൾ തന്നെ നടത്തുണ്ട്.ഷിംല കരാറിന്‍റെ പിൻബലമില്ലാതാകുന്നതോടെ അതിർത്തി കടന്നുള്ള ആക്രമങ്ങൾക്ക് ശക്തികൂടും.
അതിർത്തി തന്നെ എങ്ങനെ എന്ന തർക്കങ്ങളിലേക്കും വഴി വെയ്ക്കാം. അതായത് നിയന്ത്രണരേഖ നിർണ്ണയിക്കുന്ന കരാറിനെതിരെ പാകിസ്ഥാൻ നിലപാട് എടുക്കുമ്പോള്‍ വലിയ നയതന്ത്ര പ്രതിസന്ധിയും പ്രദേശത്ത് അസ്ഥിരതയും ഉണ്ടാകാനുള്ള സാഹചര്യത്തിനാണ് വഴിയൊരുങ്ങുക.

പാകിസ്ഥാനിലേക്ക് ഇന്ത്യയുടെ നയതന്ത്ര മിന്നൽ സ്ട്രൈക്! സിന്ധു നദീജല കരാറിൻ്റെ പ്രസക്തി എന്താണ്?

By admin