വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കണേ
മൃഗങ്ങളെ വളർത്തുന്നത് സന്തോഷമുള്ള കാര്യമാണ്. വീട്ടിൽ വളർത്ത് മൃഗങ്ങളുണ്ടെങ്കിൽ പിന്നെ അവർക്ക് ഭക്ഷണം നൽകാനും പരിചരിക്കാനുമാകും ഓട്ടം. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് മൃഗങ്ങൾക്ക് പരിപാലനം നൽകേണ്ടത്. വേനൽക്കാലം എത്തിയതോടെ ചൂടും കൂടിയിരിക്കുകയാണ്. ചൂടുള്ള സമയങ്ങളിൽ മൃഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വേനൽക്കാലത്ത് വളർത്ത് മൃഗങ്ങളെ പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
1. എപ്പോഴും അവയ്ക്ക് കുടിക്കാൻ വെള്ളം നൽകേണ്ടത് പ്രധാനമായ കാര്യമാണ്. അല്ലെങ്കിൽ ജലാംശം കൂടിയ ഭക്ഷണങ്ങൾ മൃഗങ്ങൾക്ക് കഴിക്കാൻ നൽകാം.
2. ഉച്ച സമയത്തോ ചൂട് കൂടുതലുള്ള സമയങ്ങളിലോ മൃഗങ്ങളെ നടത്താൻ കൊണ്ട് പോകരുത്. ഇത് ചൂടേറ്റ് അവയുടെ ശരീരം പൊള്ളാനോ തളർന്ന് പോകാനോ കാരണമായേക്കാം.
3. രക്തയോട്ടം വർധിക്കാനും രോമങ്ങളിലെ ചെള്ള് ശല്യം മാറാനും നിരന്തരം രോമങ്ങൾ ബ്രഷ് ചെയ്യുന്നത് ചൂട് സമയത്ത് മൃഗങ്ങൾക്ക് ആശ്വാസം നൽകുന്നു.
4. ചൂട് സമയങ്ങളിൽ മൃഗങ്ങളെ കാറിനുള്ളിലാക്കി പോകരുത്. നിർത്തിയിട്ടിരിക്കുന്ന കാറിൽ അമിതമായ ചൂട് ഉണ്ടാകാനും അതുമൂലം മൃഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ വരാനും സാധ്യതയുണ്ട്.
5. നായ, പൂച്ച തുടങ്ങിയ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാണ് പക്ഷികൾ. അതിനാൽ തന്നെ വേനൽക്കാലത്ത് അവയുടെ പരിചരണവും വ്യത്യസ്തമായിരിക്കുന്നു.
6. കാലാവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പക്ഷികളെ നന്നായി ബാധിക്കും. അതിനാൽ തന്നെ ചൂട് സമയങ്ങളിൽ പക്ഷികൾക്ക് ധാരാളം വെള്ളം നൽകേണ്ടതുണ്ട്.
7. പക്ഷികൾക്ക് ഭക്ഷണം നൽകുമ്പോൾ അതിൽ ബി കോംപ്ലക്സ് വിറ്റാമിൻ കൂടെ ചേർത്ത് കൊടുത്താൽ വേനൽക്കാലത്ത് പക്ഷികൾക്ക് ചൂടിനെ ചെറുക്കാൻ സാധിക്കും.
8. അതിരാവിലെയുള്ള വെയിൽ കൊള്ളിക്കുന്നത് പക്ഷികളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ദിവസം മുഴുവനുമുള്ള വെയിൽ കൊള്ളിക്കുന്നത് നല്ലതല്ല. അതിനാൽ തന്നെ ഉച്ച സമയങ്ങളിൽ പക്ഷികളെ വീടിനകത്ത് സൂക്ഷിക്കാം.
നിങ്ങൾ വളർത്ത് മൃഗങ്ങളോടൊപ്പം ഉറങ്ങാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം