റഷ്യയിലും ഭീകരാക്രമണം? അമേരിക്കൻ സംഘവും പുടിനുമായുള്ള കൂടിക്കാഴ്ചക്ക് മുന്നേ സ്ഫോടനം, സൈനിക ജനറൽ കൊല്ലപ്പെട്ടു

മോസ്കോ: ഇന്ത്യയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ റഷ്യയിലും ഭീകരാക്രണമെന്ന് സംശയം. അമേരിക്കൻ പ്രതിനിധി സംഘവും റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പ് മോസ്കോയിൽ കാർ ബോംബ് ആക്രമണത്തിൽ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടു. റഷ്യൻ ജനറൽ യാരോസ്ലാവ് മൊസ്കാലിക്കാണ് മോസ്കോയിലെ കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റഷ്യയുമായുള്ള ചർച്ചക്ക് നിയോഗിച്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച തുടങ്ങുമ്പോളായിരുന്നു സ്ഫോടനമെന്നത് ഞെട്ടിക്കുന്നതായി.

വത്തിക്കാനെ കണ്ണീർ കടലാക്കി ജനപ്രവാഹം; ഇന്ത്യയുടെ ദുഃഖം അറിയിക്കാൻ രാഷ്ട്രപതി, കേരളത്തിൽ നിന്ന് റോഷി അഗസ്റ്റിൻ

യാരോസ്ലാവ് മൊസ്കാലിക്കിന്റെ കൊലപാതകം ഭീകരാക്രമണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോസ്കോയിലെ കാർബോബ് ആക്രമണം ഭീകരാക്രമണം തന്നെയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുക്രൈൻ തലസ്ഥാനമായ കീവിൽ ഇന്നലെയുണ്ടായ റഷ്യൻ ആക്രമണത്തിൽ 12 പേർ മരിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയാണോ ഇന്നത്തെ കാർബോബ് ആക്രമണമെന്നടക്കം സംശയമുണ്ട്. സ്ഫോടനം നടന്ന പ്രദേശം റഷ്യൻ ഫൊറൻസിക് സംഘം പരിശോധിച്ചിട്ടുണ്ട്. ഈ ആഴ്ച ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇത് എന്നത് റഷ്യയെ സംബന്ധിച്ചടുത്തോളം ആശങ്കപ്പെടുത്തുന്നതാണ്. മോസ്കോയിലെ ഭൂഗർഭ കാർ പാർക്കിങ് ഏരിയയിൽ കഴിഞ്ഞ ദിവസം മറ്റൊരു സ്ഫോടനം നടന്നിരുന്നു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിക്കാനുള്ള നീക്കത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. സിന്ധു നദീജല കരാർ മരവിച്ചത് കർശനമായി നടപ്പാക്കാനും തീരുമാനത്തിന് പിന്നാലെ ഷിംല കരാർ ഒപ്പുവച്ച മേശപ്പുറത്ത് നിന്ന് പാക് പതാകയും ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഷിംല കരാറടക്കം മരവിപ്പിച്ച പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യ പതാക നീക്കിയത്. ഹിമാചൽ രാജ്ഭവനിൽ വച്ചാണ് 1972 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാക് പ്രസിഡന്റായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയും ചേർന്ന് ഷിംല കരാർ ഒപ്പുവച്ചത്. ഹിമാചൽ രാജ്ഭവനിലെ കീർത്തി ഹാളിൽ ഇരു രാജ്യങ്ങളുടെയും പതാകയോടുകൂടി കരാർ ഒപ്പുവച്ച തടി മേശ ചരിത്രസ്മാരകം എന്നപോലെ സംരക്ഷിച്ചിരുന്നു. ഈ പതാകയാണ് ഇപ്പോൾ എടുത്തുമാറ്റിയത്.

പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനം കർശനമായി നടപ്പാക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പാകിസ്ഥാന് വെള്ളം നല്കാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജല മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. കരാർ മരവിപ്പിക്കുന്നത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാ​ഗതം ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin