യുവതിയെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്തു, മോർഫ് ചെയ്ത് ചിത്രം പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
തൃശൂർ: യുവതിയെ സാമൂഹിക മാധ്യമത്തിൽ മോശമായി ചിത്രീകരിച്ച കേസിൽ പിടികിട്ടാപ്പുള്ളിയെ പത്തനംതിട്ടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ യുവതിയെ സാമൂഹിക മാധ്യമത്തിൽ സ്ഥിരമായി പിന്തുടർന്ന് ശല്യംചെയ്യുകയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുമേഷ് നിവാസിൽ സുമേഷിനെയാണ് (34) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിന്റെ കാമുകിയുടെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി. 2021-ൽ ആണ് ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷ നിൽ ഇയാൾക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഒളിവിൽ പോയ സുമേഷിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. റൂറൽ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി എസ്.വൈ സുരേഷ്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വർഗീസ് അലക്സാണ്ടർ, സബ് ഇൻസ്പെക്ടർ അശോകൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു വാസു, വി.എസ് അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സുമേഷിനെ അറസ്റ്റ് ചെയ്തത്.