മലയാളത്തില്‍ ഒരു നടനും ലഭിക്കാതിരുന്ന ആ നേട്ടം! ‘ഷണ്മുഖ’ത്തിലൂടെ സ്വന്തമാക്കുമോ മോഹന്‍ലാല്‍?

മലയാള സിനിമയുടെ ബോക്സ് ഓഫീസ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നേടിയ വളര്‍ച്ച വലുതാണ്. 2016 ലാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലൂടെ മലയാള സിനിമ 100 കോടി ക്ലബ്ബില്‍ ആദ്യമായി ഇടംപിടിച്ചതെങ്കില്‍ 100 കോടി കടന്ന 10 സിനിമകള്‍ ഇന്ന് മലയാളത്തില്‍ ഉണ്ട്. 200 കോടി കടന്ന രണ്ട് ചിത്രങ്ങളും. മോളിവുഡില്‍ 100 കോടി ക്ലബ്ബ് തുറന്ന മോഹന്‍ലാലിനു തന്നെയാണ് അതില്‍ ഏറ്റവുമധികം ചിത്രങ്ങളും. മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നിവയാണ് അവ. 

സോളോ 100 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ഉള്ള മലയാളത്തിലെ മറ്റ് നായക നടന്മാര്‍ ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, ഫഹദ് ഫാസില്‍, നസ്‍ലെന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ്. പൃഥ്വിരാജ്, ഫഹദ്, നസ്‍ലെന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ ഓരോ ചിത്രങ്ങളാണ് ഇതുവരെ 100 കോടി ക്ലബ്ബ് നേട്ടത്തില്‍ എത്തിയിട്ടുള്ളത്. അവ യഥാക്രമം ആടുജീവിതം, ആവേശം, പ്രേമലു, മാര്‍ക്കോ എന്നിവയാണ്. ടൊവിനോയ്ക്ക് അജയന്റെ രണ്ടാം മോഷണവും 2018 ഉം ഉണ്ടെങ്കിലും 2018 ഒരു സോളോ ഹീറോ ചിത്രമെന്ന നിലയില്‍ പൂര്‍ണ്ണമായും അളക്കാനാവില്ല. പിന്നെ ഉള്ള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ്. സൗബിന്‍ ഷാഹിര്‍ ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും ഇതും സോളോ ഹീറോ ചിത്രമല്ല, 

എമ്പുരാന് പിന്നാലെയെത്തിയ തുടരും ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം നേടിയതോടെ മോഹന്‍ലാലിന് മുന്നില്‍ വലിയൊരു ബോക്സ് ഓഫീസ് സാധ്യതയാണ് ഉള്ളത്. തുടര്‍ ദിനങ്ങളിലും ഇപ്പോഴത്തെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തുടരാനായാല്‍ ചിത്രം 100 കോടി നേട്ടത്തിലേക്ക് എത്തുമോ എന്നത് ഇന്‍ഡസ്ട്രിയുടെ മുന്നിലുള്ള കൗതുകമാണ്. അങ്ങനെ സംഭവിച്ചാല്‍ മലയാള സിനിമയില്‍ ഇതുവരെ മറ്റൊരു നടനും സ്വന്തമാകാത്ത നേട്ടം മോഹന്‍ലാല്‍ സ്വന്തം പേരിലാക്കും. തുടര്‍ച്ചയായി രണ്ട് 100 കോടി ക്ലബ്ബ് ചിത്രങ്ങള്‍ എന്ന നേട്ടമാണ് അത്. എമ്പുരാന്‍റെ ഫൈനല്‍ ഗ്ലോബല്‍ ഗ്രോസ് 262 കോടി ആയിരുന്നു. ഒരു മാസത്തെ ഇടവേളയില്‍ എത്തിയ ചിത്രമാണ് തുടരും. സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ എത്തുന്ന ഹൃദയപൂര്‍വ്വമാണ് ഇതിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം. 

ALSO READ : ‘ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക’? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ ‘അപ്പു’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin