ഭാര്യയുടെ അവിഹിതം കയ്യോടെ കണ്ടെത്തി, കാമുകനുമായി യുവതിയുടെ വിവാഹം നടത്തി ഭർത്താവ്
അഗർത്തല: ഭാര്യയ്ക്ക് പച്ചക്കറി കച്ചവടക്കാരനുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയതിന് പിന്നാലെ യുവതിയെ കാമുകന് വിവാഹം ചെയ്ത് നൽകി ഭർത്താവ്. ത്രിപുരയിലാണ് സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും പരാതിക്കാർ ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നാണ് പൊലീസ് പ്രതികരിക്കുന്നത്. ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഇരുഭാഗത്ത് നിന്നുള്ള ബന്ധുക്കളും പങ്കെടുത്തതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൌത്ത് ത്രിപുരയിലെ സാന്തിർ ബസാറിൽ ബുധനാഴ്ചയാണ് സംഭവം. തനിക്ക് വിവാഹത്തിൽ പ്രശ്നങ്ങളില്ലെന്നും അവർ സുഖമായി ജീവിക്കട്ടെയെന്നാണ് നയൻ സാഹ എന്ന യുവാവ് ഭാര്യയും കാമുകനും തമ്മിലുള്ള വിവാഹത്തിന് പിന്നാലെ പ്രതികരിച്ചത്. വിവാഹ ബന്ധത്തിൽ തങ്ങൾക്ക് താൽപര്യമുണ്ടെന്നും ആരുടേയും നിർബന്ധനയ്ക്കോ ഭീഷണിക്കോ വഴങ്ങിയല്ല വിവാഹമെന്നുമാണ് നവ ദമ്പതികളും വിശദമാക്കുന്നത്. എട്ട് വർഷം മുൻപാണ് നയൻ സാഹയും ഭാര്യയും വിവാഹിതരായത്. അടുത്തിടെയാണ് അയൽവാസിയായ പച്ചക്കറി കച്ചവടക്കാരനുമായി യുവതി പ്രണയത്തിലായത്.
ഭാര്യയോട് അയൽവാസിയുമായുള്ള ബന്ധത്തേക്കുറിച്ച് ചോദിച്ചതിന് ശേഷവും യുവതി ഈ ബന്ധം തുടർന്നതോടെയാണ് 33കാരൻ ഭാര്യയെ അയൽവാസിക്ക് വിവാഹം ചെയ്ത് നൽകിയത്. ഗ്രാമത്തിലെ തന്നെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. പരസ്പര സമ്മതത്തോട് കൂടിയുള്ള വിവാഹമായതിനാൽ വേറെ നടപടികൾ സ്വീകരിച്ചില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. നേരത്തെ ഭാര്യയുടെ അവിഹിത ബന്ധം കയ്യോടെ പിടികൂടിയ സമയത്ത് ഭർത്താവ് യുവതിയെ മർദ്ദിച്ചതായി അറിഞ്ഞിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ മാസമാണ് ഉത്തർ പ്രദേശിൽ യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടികളെ തനിയെ കൈകാര്യം ചെയ്യാനാവുന്നില്ലെന്ന് കാണിച്ച് ഇയാൾ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ട് വന്നിരുന്നു.