പെരിഞ്ഞനത്ത് ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്‍ക്കിങ് ഏരിയയിൽ വച്ച് ആക്രമിച്ചു; പ്രതി പിടിയില്‍
തൃശൂര്‍: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തെ പാര്‍ക്കിങ് ഏരിയയില്‍ ആക്രമിച്ച പ്രതി പിടിയില്‍. പെരിഞ്ഞനം പൊന്മാനിക്കുടം കാക്കരാലി വീട്ടില്‍ സമീര്‍ (44) ആണ് അറസ്റ്റിലായത്. കൊറ്റംകുളം സ്വദേശി മതിലകത്ത് വീട്ടില്‍ സിജിലിനെയും (34) കുടുംബത്തെയുമാണ് ഇയാള്‍ ആക്രമിച്ചത്. കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
പെരിഞ്ഞനം കൊറ്റംകുളത്തുള്ള ഹോട്ടലിന്റെ മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവമുണ്ടായത്. പ്രതി സമീര്‍ സ്ത്രീകളടക്കമുള്ള തന്റെ കുടുംബത്തെ അസഭ്യം പറഞ്ഞത് സിജില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതി ആക്രമിക്കുകയായിരുന്നു. കാറിന്റെ താക്കോലുപയോഗിച്ച് സിജിലിന്റെ മുഖത്തടിക്കുകയും തടയാന്‍ വന്ന ഉമ്മയേയും ഭാര്യയേയും മകളേയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. അടിയേറ്റ് സിജിലിന്റെ പല്ല് തെറിച്ചു പോയിരുന്നു. കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. അന്‍വറുദീന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗിരീശന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഫറൂഖ് എന്നിവര്‍ ചേര്‍ന്നാണ് സമീറിനെ പിടികൂടിയത്.