പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം ഇന്ത്യ-പാക് തർക്കത്തെ കുറിച്ച്; യുഎസ് സ്റ്റേറ്റ്സ് വക്താവിന്റെ മറുപടി ഇങ്ങനെ

വാഷിംഗ്ടൺ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ചുള്ള പാക് പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നൽകാതെ യുഎസ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ്. ടാമി ബ്രൂസ് ആണ് പാക് മാധ്യപ്രവര്‍ത്തകന്റെ ചോദ്യം അസ്വസ്ഥതയോടെ നിരസിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന് പിന്നാലെ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളെക്കുറിച്ച് പാക് മാധ്യമ പ്രവര്‍ത്തകൻ ചോദിക്കുന്നു. ഇതിന് ഇത്തിരി അസ്വസ്ഥത പ്രകടമാക്കിക്കൊണ്ട് ബ്രൂസ് പ്രതികരിച്ചു, “ഞാൻ അതിനെക്കുറിച്ച് മിണ്ടാൻ പോകുന്നില്ല. ഒരുപക്ഷേ, മറ്റൊരു വിഷയവുമായി ഞങ്ങൾ നിങ്ങളിലേക്ക് മടങ്ങിവരും. ഈ സാഹചര്യത്തിൽ ആ കാര്യത്തെ കുറിച്ച് ഞാൻ കൂടുതലൊന്നും സംസാരിക്കുന്നില്ല. പ്രസിഡന്റും സെക്രട്ടറിയും ഡെപ്യൂട്ടി സെക്രട്ടറിയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവർ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയൊരു കാര്യത്തെ കുറിച്ച് കൂടുതൽ സംസാരിക്കാനില്ല” 

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യയ്‌ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എല്ലാത്തരം ഭീകരതയെയും ശക്തമായി അപലപിക്കുന്നതായി ബ്രൂസ് പറഞ്ഞു. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി യുഎസ് പ്രാർത്ഥിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

“പ്രസിഡന്റ് ട്രംപും സെക്രട്ടറി റൂബിയോയും വ്യക്തമാക്കിയതുപോലെ, അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നു, എല്ലാ ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുന്നു. നഷ്ടപ്പെട്ടവരുടെ ജീവനുവേണ്ടിയും പരിക്കേറ്റവരുടെ അതിജീവനത്തിനായും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ ഹീനമായ പ്രവൃത്തിയുടെ കുറ്റവാളികളെ നീതിയുടെ മുന്നിൽ കൊണ്ടുവരണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’- ടാമി പറഞ്ഞു.

“വൈസ് പ്രസിഡന്റ്  പ്രധാനമന്ത്രി മോദിയെ വിളിച്ച് ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ജീവഹാനിയിൽ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി, ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. ഭീകരതയ്‌ക്കെതിരായ സംയുക്ത പോരാട്ടത്തിൽ എല്ലാ സഹായവും നൽകാൻ അമേരിക്ക തയ്യാറാണ്’ എന്നും അദ്ദേഹം അറിയിച്ചിരുന്നു. പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച വൈസ് പ്രസിഡന്റ് വാൻസിനും പ്രസിഡന്റ് ട്രംപിനും പ്രധാനമന്ത്രി നന്ദി പറയുകയും ചെയ്തു.

പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ വിനോദസഞ്ചാരികളെ ഭീകരവാദികൾ വെടിവച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019 ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിന് ശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin