പാക് പൗരന്മാരെ വിവാഹം ചെയ്ത ഇന്ത്യൻ യുവതികൾ ദുരിതത്തിൽ, എന്തു ചെയ്യുമെന്നറിയില്ല, ചെലവാക്കേണ്ടത് ലക്ഷങ്ങൾ
ദില്ലി: പെഹൽഗാൻ ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്നുള്ള നിർദേശം പാകിസ്ഥാനിലേക്ക് വിവാഹം ചെയ്തയച്ച ഇന്ത്യൻ യുവതികൾക്ക് ദുരിതമാകുന്നു. 48 മണിക്കൂറിനകം ഇന്ത്യവിട്ട് പോകണമെന്നാണ് ഇന്ത്യൻ സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഇതിൽ പലരുടെയും പക്കൽ ഇന്ത്യൻ പാസ്പോർട്ടാണ് ഉള്ളത്. 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ സാധിക്കുമെന്നറിയില്ല. ജോധ്പൂരിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് അട്ടാരി. ഞങ്ങൾക്ക് ബസുകൾ ലഭിച്ചിരുന്നില്ല. ടിക്കറ്റിന്റെ പേരിൽ എന്റെ ഭർത്താവിന് ഒരു ലക്ഷം രൂപയുടെ നഷ്ടം നേരിടേണ്ടി വന്നു- പാകിസ്ഥാൻ യുവാവിനെ വിവാഹം ചെയ്ത യുവതി പറഞ്ഞു.
ഭർത്താവും കുട്ടികളും പാകിസ്ഥാനിലായതുകൊണ്ടും പ്രശ്നം എത്ര കാലം നീണ്ടുപോകുമെന്നും അറിയാത്തതിനാലും പലർക്കും ഉടനടി പാകിസ്ഥാനിലേക്കെത്തണം. എന്നാൽ, യാത്രാപ്രശ്നവും ഉയർന്ന പണച്ചെലവുമാണ് ഇവർക്ക് തിരിച്ചടിയായിരിക്കുന്നത്. അന്ത്യശാസനം എന്ന നിലയിൽ നൽകിയിരിക്കുന്ന സമയവും അവസാനിക്കാനിരിക്കെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിവർ. അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേർ അട്ടാരി-വാഗ അതിർത്തിയിൽ ഒത്തുകൂടിയിട്ടുണ്ട്. അവരിൽ പലരും പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ കുടുംബമായി താമസിക്കുന്നവരാണ്. പലരുടെയും കുടുംബം ഇന്ത്യയിലായതിനാൽ നാട്ടിലെ ബന്ധുക്കളെ കാണാൻ എത്തിയവരാണ് പലരും.
അതേസമയം, സാധുവായ വിസയിൽ എത്തിയ പാകിസ്ഥാൻ പൗരന്മാരെ തിരിച്ചറിയുന്നതിനായി ഉത്തർപ്രദേശ് പൊലീസ് സംസ്ഥാനവ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . കേന്ദ്രത്തിന്റെയും ഡിജിപിയുടെയും നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവികളും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളും തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.
ഉത്തർപ്രദേശിൽ ഏകദേശം 1,000 പാകിസ്ഥാൻ പൗരന്മാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. പലരും കുടുംബബന്ധങ്ങൾ വഴി എത്തിയതായും പിന്നീട് സ്ഥിരതാമസം തുടങ്ങിയതായും റിപ്പോർട്ടുണ്ട്. നേപ്പാൾ വഴി അനധികൃതമായി പ്രവേശിച്ച സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ പാകിസ്ഥാനും നിർദേശം നൽകിയിട്ടുണ്ട്.