ചിമ്മിണി പൈപ്പിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ച് വിൽപന, പാക്കറ്റിന് വില 50 രൂപ, രണ്ടര കിലോ ഹാൻസ് കണ്ടെത്തി, അറസ്റ്റ്
തൃശൂർ: കടയുടെ മറവിൽ രഹസ്യമായി നിരോധിച്ച ലഹരി വസ്തുക്കളുടെ വില്പന. കേച്ചേരി കണ്ടാണശ്ശേരിയിലാണ് വീടുകേന്ദ്രീകരിച്ച് വിൽപ്പന നടത്തിയിരുന്ന രണ്ടര കിലോ ഹാൻസ് പഞ്ചായത്ത് ആരോഗ്യ വിഭാഗം ജീവനക്കാർ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയകുന്നംകുളം എക്സൈസ് സംഘം ഹാൻസ് പിടിച്ചെടുത്ത് കടയുടമ കണ്ടാണശ്ശേരി കളത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണ (60)നെ അറസ്റ്റ് ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികളാണ് വൻതോതിൽ ഹാൻസ് വിൽപ്പനക്കായി എത്തിച്ചു നൽകിയിരുന്നത്. ഒരു പാക്കറ്റിന് 50 രൂപക്കാണ് വിൽപ്പന നടത്തിയിരുന്നത്. ഉണ്ണിക്കൃഷ്ണനും ഭാര്യയും ചേർന്നാണ് സ്വന്തം വീടിനോട് ചേർന്ന് കളത്തിൽ സ്റ്റോഴ്സ് കട നടത്തിയിരുന്നത്. ഹാൻസ് പാക്കറ്റുകൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് അതീവ രഹസ്യമായാണ് ആവശ്യക്കാർക്ക് വിറ്റിരുന്നത്. പഞ്ചായത്ത് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം അനുസരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ എൻ.എഫ് . ജോസഫിൻ്റെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപനം പരിശോധിച്ചെങ്കിലും കടയിൽ നിന്നും ലഹരി ഉൽപന്നങ്ങൾ കണ്ടെത്തിയില്ല.
എന്നാൽ അടുത്തുള്ള വീട്ടിൽ അതീവ രഹസ്യമായി ഒളിപ്പിച്ചാണ് ഇവർ വിൽപന നടത്തിയിരുന്നതെന്ന് മനസിലാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കർശനമായി ആവശ്യപ്പെട്ടപ്പോൾ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് വിൽപ്പന നടത്തുന്ന വിധത്തിൽ അഞ്ച് പാക്കറ്റ് ഹാൻസ് നൽകി. ബാക്കി പാക്കറ്റുകൾ ഇവർ വീടിൻ്റെ മുറ്റത്തുള്ള മരത്തിൻ്റെ ചുവട്ടിലാണ് നിക്ഷേപിച്ചിരുന്നത്. ഇത് കണ്ടെത്തിയ ശേഷം തുടർന്ന് നടത്തിയ പരിശോധനയിൽ വീടിൻ്റെ ഉപയോഗിക്കാത്ത ചിമ്മിണി പൈപ്പിൽ അതിവിദഗ്ദമായിട്ടാണ് പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചു വെച്ചിരുന്നത്.
കുന്നംകുളം എക്സൈസ് ഓഫീസിൽ വിവരം നൽകി ഉദ്യോഗസ്ഥരെത്തി സംയുക്ത പരിശോധന നടത്തി ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. തുടർന്ന് പ്രതിയെ നിയമനടപടികൾക്കായി കൊണ്ടു പോയി. സംയുക്ത പരിശോധനക്ക് 16-ാം വാർഡ് മെമ്പർ ഷീബ ചന്ദ്രൻ , എക്സൈസ് ഇൻസ്‌പെക്ടർ കെ.മണികണ്ഠൻ. , സിവിൽ എക്സൈസ് ഓഫീസർ ജിതിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സതീഷ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ബിഞ്ചു ജേക്കബ് , വി.എൽ.ബിജു, ടി.എസ്.ശരത് എന്നിവർ നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം