ക്രിക്കറ്റ് മുറുകിയതിനിടെ അപ്പുറത്തതാ ഐസ്‌ക്രീം സൈക്കിള്‍, കളി മറന്ന് ചേച്ചി ഗ്രൗണ്ട് മുറിച്ച് ഒറ്റയോട്ടം!
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ഒന്നിനെക്കുറിച്ചും ആശങ്കപ്പെടാനില്ലാത്ത, ആലോചിക്കാനില്ലാത്ത, ചുറ്റുപാടുകളെ നിരീക്ഷിച്ചും ഇടപഴകിയും പറന്നു നടന്നിരുന്ന കാലം. ഓര്‍ക്കാനിഷ്ടപ്പെടുന്ന മൂന്ന് സംഭവങ്ങള്‍ ചെറുകഥകളായായി പങ്കുവെക്കുന്നു. ഇവയെല്ലാം നടക്കുന്നത് എന്റെ ബാല്യത്തിലും കൗമാരത്തിലും ആണ്.
മാഗി
സ്‌കൂള്‍ അടച്ചശേഷമുള്ള ആദ്യത്തെ ശനിയാഴ്ച. രാവിലെ അയ്യപ്പന്റെ അമ്പലത്തില്‍ പോയിട്ട് കുന്നും പുറം വഴി എളുപ്പത്തില്‍ പോരാതെ കവലവഴി കറങ്ങി പോരാന്‍ ഒരു കാരണം ഉണ്ട്.
ഇന്നലെ ഏഷ്യനെറ്റില്‍ കണ്ട പരസ്യം. ‘അഞ്ചു രൂപയ്ക്കു മാഗി വാങ്ങൂ. അഞ്ചു രൂപയ്ക്കു മാഗി കഴിക്കൂ. രാവിലേം ഉച്ചക്കും വൈകിട്ടും കഴിക്കൂ. മാഗി മാഗ്ഗി മാഗി.’
പുഷ്പാഞ്ജലിയുടെ കൂടെ തൂവാലയില്‍ പൊതിഞ്ഞ രണ്ടു അഞ്ചുരൂപ തുട്ടുകള്‍ ഞാന്‍ മുറുക്കെ പിടിച്ചു.
‘രണ്ടു മാഗി’
കണ്ണാടിക്കും പുരികത്തിനും ഇടയിലൂടെ കടക്കാരന്‍ ഒന്നു നോക്കി. മാലപോലെ തൂങ്ങിക്കിടക്കുന്ന മഞ്ഞ കളറിലുള്ള ചെറിയപായ്ക്കറ്റുകള്‍. കഴിഞ്ഞ കുറേ മാസങ്ങള്‍ ആയി കണ്ണാരന്‍ ചേട്ടന്റെ കടയുടെ മുന്‍പില്‍ ദൂരെ നിന്നു കാണുന്ന രീതിയില്‍ നീളത്തി ല്‍ തൂക്കിയിട്ടിരിക്കുന്ന മാഗി കാണുന്നതേ ഒരു രസമാണ്.
‘പത്തു രൂപ’ പത്രക്കടലാസ്സില്‍ പൊതിഞ്ഞുതന്ന മാഗി പതുക്കെ ഷാളിനുള്ളില്‍ വെച്ചു. ഞാന്‍ ഒരുപരിഷ്‌കാരി ആണെന്ന് ആരെങ്കിലും അറിഞ്ഞാലുള്ള നാണക്കേട്. കടയില്‍ നിന്നിറങ്ങും വഴി കുടനിവര്‍ത്തി. കുടക്കുള്ളിലാക്കുമ്പോള്‍ അധികം ആരും കയ്യിലുള്ള പൊതി കാണാന്‍ വഴിയില്ല.
അടുക്കളയില്‍ പാതകത്തിന്റെ മുകളില്‍ ഇരുന്നു പതുക്കെ കവര്‍ മൊത്തം ഒന്നു കണ്ണോടിച്ചു.അതില്‍ പാകം ചെയ്യേണ്ട വിധം എഴുതിയിട്ടുണ്ടാരുന്നു. ആദ്യം ഒരു ചെരുവത്തില്‍ പകുതിയോളം വെള്ളം എടുത്തു. കത്തി കൊണ്ട് കവര്‍ പൊട്ടിച്ചു നൂഡില്‍സ് പുറത്തെടുത്തു.
ഒരു ചെറിയ കഷ്ണം എടുത്തു കടിച്ചു. ‘ഇതെന്തു രുചി, ഇനിപ്പോ പറ്റീരാണോ’
ചെറിയ സംശയത്തോടെ മണത്തു നോക്കി. എന്തോ ഒരു മണം. ശരിക്കും അങ്ങു മനസ്സിലായില്ല. തിളച്ചു തുടങ്ങിയ വെള്ളത്തിലേക്കു മുഴുവനും ഇട്ടു നന്നായി ഇളക്കി.
‘ടി വിയില്‍ കണ്ടത് പോലെ അല്ലല്ലോ. വെളുത്തിരിക്കുന്നു.’
കവര്‍ എടുത്തു ഒന്നൂടെ നോക്കി. ഒരു ചെറിയ കൂട് മസാല അതിനകത്തുന്നു നിന്ന് കിട്ടി. അതുപൊട്ടിച്ചപ്പോ തന്നെ നല്ല മണം വന്നുതുടങ്ങി. അതും കൂടെ ഇട്ടു നന്നായി ഇളക്കി. ഒരുവിധം കുറുകിയപ്പോഴേക്കും അതിന്റെ മണം അടുക്കള നിറയെ പടര്‍ന്നു. ചൂടോടെ ഞാന്‍ അതു മുഴുവനും കഴിച്ചു.
ഇത്ര രുചിയുള്ള ഭക്ഷണം ഇതിനുമുന്‍പ് കഴിച്ചിട്ടില്ല. മുഴുവന്‍ വടിച്ചു കഴിച്ചു പാത്രം കഴുകി കമഴ്ത്തി വെച്ചു.
പിന്നീടുള്ള ശനിയാഴ്ചകളില്‍ അമ്പലത്തില്‍ പോക്ക് മാഗിക്കു വേണ്ടി മാത്രമായി. വീട്ടില്‍ ആളുകള്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ കശുമാവിന്‍ ചുവട്ടില്‍ പാകം ചെയ്യാന്‍ തുടങ്ങി. ഈ ബുദ്ധിമുട്ട് മനസിലാക്കിയെന്ന വണ്ണം മാഗി ‘കപ്പമാനിയ’എന്ന പുതിയൊരു ഐറ്റം ഇറക്കി. എന്റെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മാഗി എന്റെ ജീവിതത്തിന്റെ ഭാഗം ആയിമാറി. ഒറ്റക്കുള്ള യാത്രകളിലും ഹോസ്റ്റല്‍ ജീവിതത്തിലും പരീക്ഷകളുടെ തലേദിവസങ്ങളിലും തിരക്കേറിയ ജോലിയിലും ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോയത് മാഗിയുടെ ത്രസ്സിപ്പിക്കുന്ന സുഗന്ധം തന്നെയാണ്. ഇപ്പോഴുള്ള എന്റെ മാഗി പലതരത്തിലുള്ള രുചികളാല്‍ സമ്പുഷ്ടമാണ്. ജീവിതം പോലെ തന്നെ.
ഓറഞ്ചുലില്ലി
വിഷുക്കാലം എത്താറാകുമ്പോഴേ ടെന്‍ഷന്‍ തുടങ്ങും. എല്ലാവരുടെയും വീട്ടില്‍ ചെത്തിയും മന്ദാരവും ചെമ്പകവും സര്‍വോപരി കണിക്കൊന്നയും ഒരുപാട് ഉണ്ട്. എന്റെ വീട്ടില്‍ ആകെയുള്ളത് പുഴു പിടിച്ച് പാതി ചത്ത ഒരു കൊടച്ചെത്തി മാത്രമാണ്. അതൊന്നു വൃത്തിയാക്കി എടുത്താല്‍ നാലോ അഞ്ചോ പൂവ് കിട്ടും. കണിക്കൊന്ന പറിക്കണമെങ്കില്‍ ഒരുപാട് ദൂരെ പോണം. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന കൊന്ന നിറയെ നീറാണ്. അടിച്ചു പറിച്ചാല്‍ മുക്കാലും നീറും കൂടായിരിക്കും. പിന്നെ കിട്ടുന്ന ചതഞ്ഞ പൂക്കള്‍ വലിയ ഭംഗി ഒന്നും കാണില്ല. എങ്കിലും പേരിനു താലത്തില്‍ വെക്കാനായി പെറുക്കികൊണ്ടു പോരും. ഇതില്‍ ഒരു ചെറിയ മാറ്റം വന്നത് കാണിക്കൊന്നപ്പു വില്‍ക്കുവാനായി കുറേ ചേട്ടന്മാര്‍ ഈ മരത്തില്‍ കേറാന്‍ തുടങ്ങിയപ്പോഴാണ്. ചതയാത്ത രണ്ടു കമ്പു തന്നിട്ട് പോകും. അതു നിറയെ മൊട്ടുകളായിരിക്കും. വിഷുപ്പുലരിയില്‍ വിടര്‍ന്നു പുഞ്ചിരിക്കാന്‍ പാകത്തിന് അവയെ വെള്ളം തളിച്ച് വെക്കും.
മേല്‍പ്പടി പൂക്കളൊന്നും ഇല്ലാത്ത എന്റെ താലം മനോഹരമാക്കുന്നത് ഓറഞ്ചു നിറത്തിലുള്ള ഒരു കാട്ടുപൂവാണ്. വിഷു അടുക്കാറാകുമ്പോള്‍ ഒന്നോ രണ്ടോ പൂ വിരിഞ്ഞു തുടങ്ങും. പിന്നെ പറമ്പു നിറയെ ഈ പൂക്കളാണ്. കാട്ടുള്ളിയില്‍ നിന്നും വലിയ തണ്ടോടുകൂടി ഇവ അങ്ങനെ വിരിഞ്ഞു നില്‍ക്കും. ചെമ്പരത്തിപ്പൂവിന്റെ വലിപ്പം കാണും. ഇതിന്റെ വേറൊരു വകഭേദമായ വെള്ളപ്പൂ എണ്ണത്തില്‍ തീരെ കുറവാണെങ്കിലും അവിടിവിടെ ആയി കാണാം. അങ്ങനെ വെള്ളയും ഓറഞ്ചും പിന്നെ പേരിനൊരു ചെത്തിപ്പൂവും മേമ്പൊടിക്കു കാണിക്കൊന്നയും ഒത്ത നടുക്കായൊരു തേങ്ങ മുറിയും ചേര്‍ന്ന് വിഷുക്കണി കുറേ വര്‍ഷങ്ങളോളം കണ്ണിനു കുളിര്‍മ നല്‍കിയിരുന്നു.
ഓറഞ്ചു ലില്ലിയുടെ ഏറ്റവും വലിയ കുഴപ്പം അവയുടെ ദുര്‍ഗന്ധമായിരുന്നു. കുറേ പൂക്കള്‍ പറിക്കുമ്പോഴേ കയ്യില്‍ വല്ലാത്തൊരു നാറ്റം വരും. എത്ര കഴുകിയാലും പോകില്ല. അവസാനം തറവാട്ടില്‍ പോയി ചന്ദ്രിക സോപ്പിട്ടു കഴുകും. അതിന്റെ മണം മാത്രമാണ് ഈ നാറ്റം കളയാനുള്ള ഒരേ ഒരു വഴി.
വിഷു പോയി ഇടവം തുടങ്ങിയാല്‍ മഴക്കാലമായി. ലില്ലിയുടെ തണ്ടുകള്‍ പെട്ടെന്നു ചീഞ്ഞുതുടങ്ങും. കര്‍ക്കിടകം ആകുമ്പോഴേക്കും അവ പാടേ ക്ഷയിച്ചു പോയിരിക്കും.
എന്റെ ഓര്‍മയിലെ ഏറ്റവും നല്ല വിഷുക്കണി സമ്മാനിച്ചത് ഓറഞ്ചു ലില്ലികള്‍ തന്നെയായിരുന്നു. ഇന്ന് ഓഫീസിന്റെ മുറ്റത്തു വളരെയധികം ശ്രദ്ധയോടെ അവയെ പരിപാലിക്കുന്നത് കാണുമ്പോള്‍ കാലവും കാലാവസ്ഥയും എത്രമേല്‍ മാറിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നു.
ഐസ്‌ക്രീം
‘നീ അറിഞ്ഞാ ഇത്തവണ കളി നമ്മുടെ തോട്ടത്തിലാണ്’
‘അയ്യേ നമ്മുടെ തോട്ടത്തിലോ ഇതെന്ത് ചെറുതാ’
‘അതിനിപ്പോ എന്താ? ചുറ്റും റബ്ബര്‍ തോട്ടം അല്ലേ പന്ത്. എങ്ങോട്ട് വേണമെങ്കിലും അടിക്കാല്ലോ’
അന്ന് നാട്ടില്‍ ക്രിക്കറ്റ് മാത്രമായിരുന്നു സംസാരം. തൊട്ടപ്പുറത്തുള്ള ചേച്ചിയും ഞാനും അനിയനും കടുത്ത സെവാഗ് ഫാന്‍സ് ആയിരുന്നു. ഞങ്ങള്‍ രണ്ടുപേരും വര്‍ത്തമാനം തുടര്‍ന്നുകൊണ്ടിരുന്നു. മൂന്നാമന്റെ ചിന്ത മറ്റൊന്നാരുന്നു:
‘നിങ്ങള്‍ക്കറിയ്യോ കളിക്കിടയ്ക്ക് ഐസ്‌ക്രീം വണ്ടി ഒക്കെ വരും. ഇപ്പോള്‍ താഴേന്നു ഐസ് ക്രീം വണ്ടിയുടെ ഒച്ച കേള്‍ക്കാന്‍ ചെവിയോര്‍ത്തിരിക്കണം. എത്ര ദിവസം ആണ് വന്നിട്ട് നമ്മളറിയാതെ പോയത്.
‘ചെറിയ കുട്ടിയുടെ ചിന്തകളെ ഞങ്ങള്‍ രണ്ടുപേരും ചെറു പുച്ഛത്തോടെ നോക്കി. അവന്‍ വീണ്ടും ആധികാരികമായുള്ള സംസാരം തുടര്‍ന്നു. ഒടുവിലൊരു ഫുള്‍ സ്റ്റോപ്പ് ഇടാനെന്ന വണ്ണം ചേച്ചി ചോദിച്ചു
‘എന്നാ കളി’
‘നാളെ ഉച്ചക്ക്’
………….
‘നിന്റെ കയ്യില്‍ എത്രയുണ്ട്’
‘പത്തുരൂപ’
ഞാന്‍ പോക്കറ്റില്‍ നിന്നും കുറെ ചില്ലറത്തുട്ടുകള്‍ പെറുക്കി എടുത്തു.
‘അപ്പൊ രണ്ടു കോലുവാങ്ങാം’
‘എന്റെ കയ്യില്‍ ഇരുപതു രൂപ ഉണ്ട്.’ അനിയന്‍ നാല് അഞ്ചു രൂപ തുട്ടുകള്‍ ചേച്ചിക്ക് നേരെ നീട്ടി.
‘അപ്പൊ രണ്ടു സേമിയ വാങ്ങാം’
‘ഇങ്ങുതന്നേരെ ഞാന്‍ സൂക്ഷിച്ചോളാം’ ചേച്ചി രണ്ടു പേരുടെയും പൈസ വാങ്ങി കയ്യില്‍ വെച്ചു.
‘എല്ലാരും തൊപ്പി എടുത്തോ, നല്ല വെയില്‍ ആരിക്കും’
‘തൊപ്പി കീറിപ്പോയല്ലോ, ഒരെണ്ണം ഉണ്ടാക്കിത്തരാമോ’
‘പോത്തുപോലെ വളര്‍ന്നല്ലോ, തന്നെ ഉണ്ടാക്ക്’
പ്ലാവിഞ്ചുവട്ടില്‍ നിന്നും പഴുത്തത് നോക്കി കുറേ എണ്ണം പെറുക്കി എടുത്തു പതുക്കെ ഈര്‍ക്കിലിയില്‍ കോര്‍ത്തു. തലയുടെ അളവെടുത്തു ശ്രദ്ധയോടെ ഓരോ ഇലയായി തയ്ച്ചു.
‘കൊള്ളാം, നീ മിടുക്കന്‍ ആണല്ലോ’
‘ഒന്നും പറയണ്ട രണ്ടുപേരും ഒന്നു കൂടിയത് പോലും ഇല്ലല്ലോ’
‘നിനക്കറിയാവുന്ന കാര്യം ഞാന്‍ എന്തിനാ ചെയ്തു തരുന്നെ. പോകാം’ വളരെ നിസ്സാരമായി ചേച്ചി പറഞ്ഞു.
മൂന്നുപേരും വരിവരിയായി കളിസ്ഥലം ലക്ഷ്യം വെച്ചു നടന്നു. തൊണ്ട് തീരുന്ന സ്ഥലത്തിന്റെ ഇടതു വശത്തായി ഒരു കയ്യാലയുണ്ട്. അതില്‍ കയറി ഇരുന്നാല്‍ കളി അസ്സലായി കാണാം. കളിസ്ഥലത്തിനു ചുറ്റും പുറത്തു നിന്നും വന്നവരാണ്. രണ്ടു ടീമിന്റെയും സപ്പോര്‍ട്ടേഴ്‌സ്. കുറച്ചുപേര്‍ ജേഴ്‌സി ഇട്ടിട്ടുണ്ട്. ഒറ്റക്കളര്‍ ജേഴ്‌സി കാണുന്നതേ ഒരു രസം ആണ്.
കളി തുടങ്ങി ആദ്യ ഓവറില്‍ തന്നെ സിക്‌സര്‍ പറന്നു.
‘അവര് ജില്ലാ ടീം കളിക്കാരനെ ആണ് ഇറക്കിയിരിക്കുന്നെ’ തൊട്ടുതാഴെ നിന്നും മഞ്ഞ ജേഴ്‌സി ഇട്ട ചേട്ടന്‍ ഉറക്കെ പറഞ്ഞു.
‘ശരിയാണ് പുള്ളിയുടെ ഷോര്‍ട്‌സ് കണ്ടാലേ അറിയാം. തൊപ്പി വരെ കണ്ടോ എന്തൊരു പ്രൊഫഷനലിസം’
അടുത്തുനിന്ന കുട്ടേട്ടന്‍ ആത്മനിര്‍വൃതിയോടെ പറഞ്ഞു.
പന്ത് പലതവണയായി അത്താണി ചേട്ടന്റെ തോട്ടത്തിലും ലുക്കാ ചേട്ടന്റെ തോട്ടത്തിലും പറന്നു ചെന്നു. റബ്ബര്‍ പൊട്ടി പാല്‍ ഒഴുകാന്‍ തുടങ്ങി. കളിയുടെ ആവേശം കൂടി വന്നു.
തോട്ടത്തിന്റെ അങ്ങേ സൈഡില്‍ മുകളിലായി ഒരു ഐസ്‌ക്രീം സൈക്കിള്‍ വന്നു. ആരവങ്ങള്‍ക്ക് മുകളിലും അതിന്റെ മണികിലുക്കം ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും നന്നായി കേള്‍ക്കാമായിരുന്നു.
‘അതേ ‘നമ്മള്‍ എങ്ങനെ ഐസ് വാങ്ങും’ എനിക്ക് സങ്കടം വന്നു.
‘ആദ്യത്തെ ഇന്നിങ്‌സ് തീരുമ്പോള്‍ നമുക്ക് പോയി വാങ്ങാം.’ ചേച്ചി ആശ്വസിപ്പിച്ചു.
‘തീര്‍ന്നുപോയാലോ ഇത്രേംപേരു വാങ്ങിയാല്‍ എന്തായാലും തീരും’
അനിയന്റെ ആശങ്ക ശരിവെക്കുമ്പോലെ ഐസ് വണ്ടിക്കുചുറ്റും ആള്‍ക്കൂട്ടം ആയി.
കറങ്ങി ചെല്ലണമെങ്കില്‍ തൊണ്ടില്‍ കൂടെ മുകളിലോട്ടു കേറണം. നിറയെ മുള്ളുകള്‍ ഉള്ള വഴി കുട്ടികള്‍ പോകാറില്ല. അല്ലെങ്കില്‍ ഗ്രൗണ്ട് മുറിച്ചു കടക്കണം. എന്തു ചെയ്യും.
താഴെനിന്നും ഒരുകൂട്ടം ആളുകള്‍ വേഗത്തില്‍ നടന്നു വരുന്നു. കാണാറായ ദൂരം എത്തിയപ്പോഴാണ് അതു അത്താണിച്ചേട്ടനും ലൂക്കചേട്ടനും പണിക്കാരും ആണെന്ന് മനസിലായത്. ഞൊടിയിടയില്‍ അവര്‍ ഗ്രൗണ്ടില്‍ എത്തി. കളിക്കാരുമായി കൊടുമ്പിരികൊണ്ട് സംസാരം. ചുറ്റും ഗ്രൗണ്ടിന്റെ പലഭാഗത്തുള്ള കളിക്കാരും കൂടി.
ഗ്യാലറിയില്‍ നിന്നും ആരോ കൂവലിനു തുടക്കം ഇട്ടു. പിന്നാലെ എല്ലാവരും കൂവാന്‍ തുടങ്ങി.
ചേച്ചി പെട്ടന്നു മാട് ചാടി ഇറങ്ങി. ഗ്രൗണ്ടില്‍ കൂടെ ഐസ് വണ്ടി ലക്ഷ്യം വെച്ച് ഒറ്റ ഓട്ടം. ബഹളത്തിന് നടുക്കുകൂടെ ഓടി ഒരുവിധം വണ്ടിയുടെ അടുത്തെത്തി.
‘രണ്ടു കോലും ഒരു സേമിയയും’
മൂന്നും വാങ്ങി അവള്‍ അതേ സ്പീഡില്‍ തിരിച്ചോടി.
‘ഞാന്‍ വാങ്ങിയ കൊണ്ട് എനിക്ക് സേമിയ, കേട്ടല്ലോ’-കിതപ്പിനിടയില്‍ അവള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.
‘എനിക്കും ഇത്തിരി തരാമോ ഞാന്‍ അല്ലേ കൂടുതല്‍ പൈസ ഇട്ടെ’
അനിയന്‍ കൊതിയോടെ സേമിയ നോക്കി.
‘അതിനു നിനക്ക് എന്നെ പോലെ ഓടാന്‍ പറ്റില്ലല്ലോ. ഞാന്‍ ഇപ്പോള്‍ പോയില്ലാരുന്നേ തീര്‍ന്നു പോയേനെ.’
‘അതേ ചേച്ചിടേ ഓട്ടം ഒന്നു കാണേണ്ടതാരുന്നു’ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.
ഗ്രൗണ്ടിലെ തര്‍ക്കം കയ്യാങ്കളി എത്തി. പൊട്ടിയ ചില്ലും ചിരട്ടയും വാങ്ങി കൊടുക്കാമെന്ന ഉറപ്പില്‍ സംഘടകര്‍ ഒരുവിധം പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ജില്ലാ ടീമില്‍ നിന്നും വന്ന കളിക്കാരന് തുടര്‍ന്ന് കളിക്കാന്‍ താത്പര്യം ഇല്ലായിരുന്നു. സിക്‌സ് അടിക്കാന്‍ ഈ ചെറിയ ഗ്രൗണ്ട് പോരത്രേ.
കളി വീണ്ടു തുടങ്ങി. വീണ്ടു ആരവങ്ങള്‍ മുഴങ്ങി.
‘ചേച്ചി .. എനിക്ക് ഒരു ഐസ് കൂടെ വാങ്ങിത്തരുമോ’
കൊതിയോടെ അനിയന്‍ തീര്‍ന്ന ഐസിന്റെ കോലും ചപ്പിക്കൊണ്ട് ചോദിച്ചു.
‘എനിക്കും വേണം ചേച്ചി’
ഞാന്‍ വിരലുകള്‍ വായിലിട്ടു എന്റെ ഐക്യം പ്രകടിപ്പിച്ചു.
പോക്കറ്റില്‍ നിന്നും പൈസ എടുത്തു ഗ്രൗണ്ടിനെ നോക്കി ചേച്ചി ചെറുതായി ഒന്നു മന്ദഹസിച്ചു.
‘പിന്നെന്താ നമുക്ക് വാങ്ങാം’
കാടുകേറി കുറുക്കന്റെയും മരപ്പട്ടിയുടെയും അനേകം കീരികളുടെയും എണ്ണമറ്റ മറ്റുജീവികളുടെയും വിഹാരകേന്ദ്രമായി മാറിയ ഈ സ്ഥലം ഇപ്പോ ആരും വാങ്ങാനില്ലാതെ പുതിയൊരു അവകാശിക്കായി കാത്തു കിടക്കുകയാണെന്നറിയുന്നു.