കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ മകനെതിരായ വധശ്രമം, 45കാരനായ ബോഡിഗാർഡ് അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ മകനെതിരായ വധശ്രമത്തിൽ ബോഡിഗാർഡ് അറസ്റ്റിൽ. ബെംഗളൂരു  ഐ ടി തലസ്ഥാനമായി വികസിക്കുന്ന 1990കളില്‍ നഗരത്തെ നിയന്ത്രിച്ചിരുന്ന, നിരവധി കൊലപാതക, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായിരുന്ന  മുത്തപ്പ റായിയുടെ മകന് റിക്കി റായിക്ക് നേരെ കഴിഞ്ഞ ദിവസമാണ് വധശ്രമം നടന്നത്. 45 വയസ് പ്രായമുള്ള ബോഡിഗാർഡായ വിറ്റൽ മൊനപ്പയാണ് അറസ്റ്റിലായിട്ടുള്ളത്. ഏപ്രിൽ 19നായിരുന്നു റിക്കി റായിക്ക് നേരെ വധശ്രമം നടന്നത്. മുത്തപ്പ റായിയുടെ രണ്ടാം ഭാര്യയുമായുള്ള സ്വത്തു തർക്കം നിലനിന്നിരുന്നതിനാൽ ഇതാണ് വെടിവയ്പിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. 

എന്നാൽ റിക്കി റായിയുടെ തന്നെ ബോഡിഗാർഡ് അറസ്റ്റിലായതിന് പിന്നാലെ വധശ്രമത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. മൂക്കിലും വലത് തോളിലും അടക്കമാണ് റിക്കിക്ക് വെടിയേറ്റത്. മുത്തപ്പ റായിയുടെ ഫാം ഹൌസിൽ നിന്ന് ടൊയോറ്റ ഫോർച്യൂണർ കാറിൽ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് റിക്കിക്ക് വെടിയേറ്റത്. സാധാരണ ഗതിയിൽ സ്വയം ഡ്രൈവ് ചെയ്യാറുള്ള റിക്കി ആക്രമണം നടന്ന ദിവസം പിൻസീറ്റിലായിരുന്നു യാത്ര ചെയ്തത്. സംഭവത്തിൽ റിക്കി റായിയുടെ ഡ്രൈവറുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. സംഭവത്തിൽ മുത്തപ്പയുടെ രണ്ടാം ഭാര്യയും കോൺഗ്രസ് നേതാവായ രാകേഷ് മല്ലി എന്നിവർക്കെതിരെയാണ് ഡ്രൈവർ സംശയം പ്രകടിപ്പിച്ചത്. 

സ്വത്തു തർക്കം, ബെംഗലൂരുവിലെ മുൻ അധോലോക ഗുണ്ടാ നേതാവിന്റെ മകന് നേരെ വധശ്രമം

12എംഎം ബോർ ഷോട്ട് ഗൺ ഉപയോഗിച്ച് രണ്ട് റൌണ്ട് വെടിയുണ്ടകളാണ് അജ്ഞാതർ റിക്കിക്ക് നേരെ ഉപയോഗിച്ചിട്ടുള്ളത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിക്കിക്ക് നിരവധി ശത്രുക്കളാണ് ഉള്ളത്.  നാല് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. മുത്തപ്പറായിയുടെ മുൻ കൂട്ടാളിയായ രാകേഷ് മല്ലി, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, റിയൽ എസ്റ്റേറ്റ് വ്യാപാരികളായ നിതേഷ് ഷെട്ടി, വൈദ്യനാഥൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin