ഓരോ നഗരത്തിലും ഭൂകമ്പമെന്ന പ്രവചനം, വീടുപേക്ഷിച്ച് ജനം തെരുവിലേക്ക്, മ്യാൻമറിൽ ജ്യോതിഷി അറസ്റ്റിൽ

ന്യേപിഡോ: മ്യാൻമറിൽ വീണ്ടും ഭൂചലനമുണ്ടാകുമെന്ന് പ്രവചനം നടത്തിയ ജ്യോതിഷി അറസ്റ്റിൽ. ടിക് ടോക് വീഡിയോകളിലൂടെ ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിനാണ് അറസ്റ്റ്. 3500ലേറെ പേരുടെ ജീവൻ നഷ്ടമായ  ഭൂകമ്പമുണ്ടായി രണ്ട് ആഴ്ചകൾക്ക് ശേഷം ഏപ്രിൽ 9നാണ് ഓൺലൈൻ ജ്യോതിഷിയായ ജോൺ മൂ തേ അടുത്ത ഭൂകമ്പമുണ്ടാകാൻ പോവുന്നതായി പ്രവചിച്ചത്. 

ചൊവ്വാഴ്ചയാണ് തെറ്റിധരിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന് ഇയാൾ അറസ്റ്റിലായത്. മ്യാൻമറിലെ ഓരോ നഗരത്തിലും ഏപ്രിൽ 21ന് ഭൂകമ്പമുണ്ടാകുമെന്നായിരുന്നു  ജോൺ മൂ തേയുടെ പ്രവചനം. വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടിയുള്ള ജ്യോതിഷിയുടെ പ്രവചനം മ്യാൻമറിൽ ചെറുതല്ലാത്ത രീതിയിലാണ് ആശങ്ക പരത്തിയത്. എന്നാൽ നേരത്തെയുണ്ടായ ഭൂകമ്പത്തിന് സമാനമായ ഭൂകമ്പം പ്രവചിക്കുന്നത് സാധ്യമല്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. മൂന്ന് ദശലക്ഷത്തിലേറെ ആളുകളാണ്  ജോൺ മൂ തേയുടെ പ്രവചനം കണ്ടത്. ഇതിന് പിന്നാലെ ഭൂകമ്പമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളേക്കുറിച്ചുമുള്ള നിരീക്ഷണങ്ങളും സജീവമായിരുന്നു. 

പ്രവചനം വിശ്വസിച്ച് ആളുകൾ സ്വന്തം വീടുകളിൽ താമസിക്കാൻ പോലും തയ്യാറാകാതെ ഒഴിഞ്ഞ ഇടങ്ങളിൽ ടെന്റ് അടിച്ച് തങ്ങുക പോലും ചെയ്യാൻ തുടങ്ങി. ജ്യോതിശാസ്ത്രത്തിൽ അടിസ്ഥാനമാക്കിയാണ് പ്രവചനമെന്നാണ്  ജോൺ മൂ തേ പ്രതികരിക്കുന്നത്. മാർച്ച് 28ന് മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ 3500 ലേറെ പേരാണ് മരിച്ചത്.  മാർച്ച് 28 ന് മ്യാൻമറിലെ സാഗൈങ്ങിന്റെ വടക്കുപടിഞ്ഞാറായി ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin

You missed