ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ യുവാവ്, യുവതികളുടെ ചിത്രം വച്ച് ക്ഷണക്കത്തും, പിന്നാലെ വിവാദം, പൊലീസ്
ഇന്ത്യയിൽ ഒരു പുരുഷന് ഒരേ സമയം ഒന്നിൽ കൂടുതൽ വിവാഹങ്ങൾ അനുവദനീയമല്ല. ചൈനയിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ, ചൈനയിൽ രണ്ട് സ്ത്രീകളെ ഒരേസമയം വിവാഹം കഴിക്കുമെന്ന് പറഞ്ഞ യുവാവിനെതിരെ വൻ വിമർശനം. ഒടുവിൽ പൊലീസും സ്ഥലത്തെത്തി.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ആദ്യം പ്രചരിക്കപ്പെട്ടത് യുവാവിന്റെ വിവാഹക്ഷണക്കത്താണ്. ആ കത്തിൽ ഉണ്ടായിരുന്നത് യുവാവിന്റെയും രണ്ട് സ്ത്രീകളുടെയും ചിത്രങ്ങളായിരുന്നു. യുവാവ് കറുത്ത സ്യൂട്ടാണ് ധരിച്ചിരുന്നത്. വെള്ള ഗൗൺ ധരിച്ച രണ്ട് സ്ത്രീകൾക്കിടയിലായി ഇയാൾ നിൽക്കുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
ഈ ചിത്രം ചൈനീസ് സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയായിരുന്നു. പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗുയിഷോവിലെ ബിജിയിൽ ഈ ചിത്രം വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റുകയും ചർച്ചയാവുകയും ചെയ്തു.
ബിജിയിലുള്ള ആഡംബരവേദിയായ സെഞ്ച്വറി ജിയുവാൻ ബാങ്ക്വെറ്റ് സെന്ററിൽ വച്ച് ഏപ്രിൽ 19 -നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ചിത്രം കൂടാതെ ക്ഷണക്കത്തിൽ രണ്ട് വധുക്കളുടെയും പേരുകളും വരന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. ഇതെല്ലാം കണ്ടതോടെ ഓൺലൈനിൽ ആളുകൾ യുവാവിനെയും വിവാഹത്തെയും വലിയ രീതിയിൽ വിമർശിക്കാൻ തുടങ്ങി.
ഒടുവിൽ, ആകെ പ്രശ്നമായപ്പോഴേക്കും പൊലീസ് തന്നെ സംഭവത്തിൽ അന്വേഷണം നടത്തി സ്ഥിരീകരണവുമായി എത്തി. ഫോട്ടോയിലുള്ള രണ്ട് സ്ത്രീകളിൽ ഒരാൾ ചിത്രത്തിലുള്ള യുവാവിന്റെ മുൻ ഭാര്യയാണെന്ന് ലോക്കൽ പൊലീസ് പറയുകയായിരുന്നു. മാത്രമല്ല, ഈ വിവാഹവും ക്ഷണക്കത്തുമെല്ലാം ഒരു പ്രാങ്കിന്റെ ഭാഗമായിരുന്നത്രെ.
പിന്നാലെ, പൊലീസ് യുവാവിനെ വേണ്ടതുപോലെ ഉപദേശിച്ച ശേഷം പരിപാടി റദ്ദാക്കുകയും ചെയ്തു. പെട്ടെന്നു തന്നെ തന്റെ ഇപ്പോഴത്തെ കാമുകിയെ വിവാഹം കഴിക്കാനുള്ള ആലോചനയിലാണ് താൻ എന്നും യുവാവ് വ്യക്തമാക്കി.
നേരിട്ടുള്ള എന്തെങ്കിലും നിയമനടപടികൾക്ക് ഇവർ വിധേയരായിട്ടില്ല. എന്നാൽ, പ്രാങ്കിന്റെ പേരിൽ ഇവർക്കെതിരെ ഭാവിയിൽ നിയമനടപടികൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. നേരത്തെ ബുക്ക് ചെയ്ത വേദി ഏപ്രിൽ 17 -ന് തന്നെ വിവാദത്തിന്റെ പേരിൽ കാൻസൽ ചെയ്തിരുന്നു എന്നാണ് അവിടെയുള്ളവർ പറയുന്നത്. ഹാൾ ബുക്ക് ചെയ്യുമ്പോൾ അത് മൂന്നുപേർ ചേർന്നുള്ള വിവാഹത്തിന് വേണ്ടിയാണ് എന്ന് അറിയില്ലായിരുന്നു എന്നും അവർ പറഞ്ഞു.