ഒരു റണ്ണിന് 2 വിക്കറ്റ്, വിശ്വസിക്കാന്‍ പറ്റുമോ! ഐപിഎല്‍ ചരിത്രത്തിലെ മികച്ച 19-ാം ഓവറുമായി ജോഷ് ഹേസല്‍വുഡ്
ബെംഗളൂരു: ടി20 മത്സരത്തില്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ 12 പന്തില്‍ 18 റണ്‍സ് മാത്രം മതിയായിരുന്ന ടീമിനെ ഒരു പേസര്‍ എറിഞ്ഞ് പൂട്ടിയെന്ന് പറഞ്ഞാല്‍ വിശ്വാസം വരുമോ അടുത്ത തലമുറയ്ക്ക്? ലസിത് മലിംഗയോ ജസ്പ്രീത് ബുമ്രയോ അല്ല ആ പേസര്‍. ഓസ്ട്രേലിയയില്‍ നിന്നുള്ള ജോഷ് ഹേസല്‍വുഡാണ് ഈ വിസ്‌മയ ബൗളിംഗ് കൊണ്ട് ഐപിഎല്ലില്‍ മനം കവര്‍ന്നത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഐതിഹാസിക ബൗളിംഗ് പ്രകടനങ്ങളിലൊന്നായി ഇത്.
ഐപിഎല്‍ പതിനെട്ടാം സീസണിലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു- രാജസ്ഥാന്‍ റോയല്‍സ് മത്സരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോലിയുടെ 70 റണ്‍സ് കരുത്തില്‍ 5 വിക്കറ്റിന് 205 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തുന്നു. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ റോയല്‍സിന് യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും ആവേശത്തുടക്കം നല്‍കി. നേരിട്ട ആദ്യ പന്തില്‍ ഭൂവിക്കെതിരെ സിക്‌സര്‍ നേടി ജയ്‌സ്വാളിന്‍റെ ശുഭാരംഭം. പിന്നീടങ്ങോട്ട് 19 പന്തില്‍ 49 റണ്ണടിച്ച് ജയ്‌സ്വാളിന്‍റെ മിന്നലാട്ടം. സഞ്ജു സാംസണ്‍ ഇറങ്ങിയില്ലെങ്കിലും നിതീഷ് റാണ, ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ശുഭം ദുബെ എന്നിങ്ങനെ ഹിറ്റര്‍മാര്‍ രാജസ്ഥാന്‍ നിരയിലുണ്ടായിരുന്നു. എല്ലാവരും രാജസ്ഥാന്‍ അനായാസം ജയിക്കുമെന്ന് ഉറപ്പിച്ചു. എന്നാല്‍ തന്‍റെ അവസാന രണ്ടോവര്‍ സ്പെല്ലില്‍ അവിടെവച്ച് മത്സരം ആര്‍സിബിയുടെ വഴിയെ തിരിച്ചുവിട്ടു പേസര്‍ ജോഷ് ഹേസല്‍വുഡ്.
ഹേസല്‍വുഡ് 17-ാം ഓവറില്‍ പന്തെടുക്കുമ്പോള്‍ രാജസ്ഥാന്‍ 160-4 എന്ന ശക്തമായ നിലയിലായിരുന്നു. ക്രീസിലുള്ളത് ഫിനിഷര്‍മാരായി രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയ ഷിമ്രോന്‍ ഹെറ്റ്‌മെയറും ധ്രുവ് ജൂരെലും. മൂന്നാം പന്തില്‍ ഹെറ്റ്‌മെയറെ പുറത്താക്കി ഹേസല്‍വുഡിന്‍റെ ആദ്യ ട്വിസ്റ്റ്. നിര്‍ണായകമായ ആ ഓവറിലാകെ ജോഷ് വഴങ്ങിയത് ആറേ ആറ് റണ്‍സ്. തൊട്ടടുത്ത ഓവറില്‍ ഭൂവിയെ 22 റണ്‍സടിച്ച് ജൂരെലും ദുബെയും കളി വീണ്ടും രാജസ്ഥാന്‍റെ വഴിക്കാക്കി. അതോടെ അവസാന രണ്ടോവറില്‍ രാജസ്ഥാന് ജയിക്കാന്‍ 18 റണ്‍സ് മതിയെന്നായി. എന്നാല്‍ 19-ാം ഓവറില്‍ എല്ലാവരെയും ഞെട്ടിച്ച് ഹേസല്‍വുഡ് കൊടുങ്കാറ്റ് ചിന്നസ്വാമിയില്‍ ആഞ്ഞടിച്ചു. ഒരുപക്ഷേ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച 19-ാം ഓവര്‍. വെറും 1 റണ്‍സ് മാത്രം വഴങ്ങി ധ്രുവ് ജൂരെലിനെയും ജോഫ്ര ആര്‍ച്ചറെയും മടക്കി ജോഷ് ഹേസല്‍വുഡിന്‍റെ ഐതിഹാസിക ബൗളിംഗ് പ്രകടനം. അതോടെ രാജസ്ഥാന്‍ 189-7 എന്ന നിലയിലേക്ക് പതറുകയും ഒടുവില്‍ 11 റണ്‍സിന്‍റെ തോല്‍വി സമ്മതിക്കുകയും ചെയ്തു.
രാജസ്ഥാന്‍ റോയല്‍സിനെതിരെ ജോഷ് ഹേസല്‍വുഡിന്‍റെ ബൗളിംഗ് സ്റ്റാറ്റ്സ് നോക്കൂ. തന്‍റെ ആദ്യ രണ്ടോവര്‍ സ്പെല്ലില്‍ 26 റണ്‍സിന് ഒരു വിക്കറ്റ്, പുറത്താക്കിയത് അര്‍ധസെഞ്ച്വറിക്കരികെ ജയ്‌സ്വാളിനെ. രണ്ടാം വരവിലെ സ്പെല്ലില്‍ രണ്ട് സ്ലോഗ് ഓവറുകളില്‍ 7 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്. മടക്കിയത് ഹെറ്റ്‌മെയര്‍, ജൂരെല്‍, ആര്‍ച്ചര്‍ എന്നിവരെ. മൂന്നോവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഹേസല്‍വുഡിന്‍റെ പേരിനൊപ്പം 32 റണ്‍സിന് 2 വിക്കറ്റായിരുന്നെങ്കില്‍, നാല് ഓവര്‍ ക്വാട്ട തികയുമ്പോള്‍ 33 റണ്‍സിന് 4 വിക്കറ്റായി. അവിശ്വസനീയ ബൗളിംഗ് കണക്കുകള്‍.
ബെംഗളൂരുവില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആര്‍സിബിയെ ജയിപ്പിച്ചത് ഒരൊറ്റ അതിമാനുഷികനാണ്. അയാളുടെ പേര് ജോഷ് ഹേസല്‍വുഡ് എന്നാണ്. യോര്‍ക്കറുകള്‍ വേണം ഡെത്ത് ഓവറുകളില്‍ പേസര്‍മാര്‍ക്ക് കളി പിടിക്കാന്‍ എന്ന ടി20 സമവാക്യം തിരുത്തിയെഴുതിയ ബൗളറാണ് ജോഷ് ഹേസല്‍വുഡ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ അറുപിശുക്കാനായ ബൗളര്‍. ലൈനും ലെങ്തും വച്ച് അളന്നുമുറിച്ചുള്ള ബൗളിംഗാണ് ഹേസല്‍വുഡിന്‍റെ കൈമുതല്‍. ആ കൃത്യതയും സമാനതയുള്ള അനായാസ ആക്ഷനുമാണ് ജോഷിന് രണ്ടാം മഗ്രാ എന്ന പേര് നല്‍കിയതും. ആ മികവിന് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സിന് സീസണിലെ ഏഴാം തോല്‍വി സമ്മതിക്കേണ്ടിവന്നു. രാജസ്ഥാന്‍ ജയമുറപ്പിച്ച കളി കൈവിടുകയായിരുന്നു എന്നത് മറ്റൊരു യാഥാര്‍ഥ്യം.