ഒരു ഐപിഎല്‍ മത്സരം നിയന്ത്രിക്കാന്‍ അംപയര്‍മാര്‍ക്ക് എത്ര ശമ്പളം? അറിയാം കണക്കുകള്‍
മുംബൈ: കോടികള്‍ ഒഴുകുന്ന ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍. 14 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷി മുതല്‍ 43 വയസുള്ള എം എസ് ധോണി വരെ കോടികള്‍ കൈപ്പറ്റുന്നു. കളിക്കാര്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍, ക്രിക്കറ്റിന്റെ നട്ടെല്ല് അതിന്റെ അംപയര്‍മാരും മാച്ച് ഓഫിഷ്യല്‍മാരുമൊക്കെയാണ്. ഒരു അംപയറുടെ തീരുമാനം ഒരു മത്സരത്തിന്റെ ഗതിയെ രൂപപ്പെടുത്തും. ഇത്രത്തോളം പണക്കൊഴുള്ള ക്രിക്കറ്റ് ലീഗില്‍ എത്രയായിരിക്കും ഒരു അംപയറുടെ പ്രതിഫലമെന്ന് നോക്കാം.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍, നാല് ദിവസത്തെ മത്സരത്തിന് അംപയര്‍മാര്‍ക്ക് 1.6 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ട്. അവരുടെ ഗ്രേഡ് അനുസരിച്ച് പ്രതിദിനം 30,000 മുതല്‍ 40,000 രൂപ വരെ പ്രതിഫലം ലഭിക്കും. ഫിറ്റ്നസ്, ശ്രദ്ധ, മണിക്കൂറുകളോളം കൃത്യതയോടെ പ്രവര്‍ത്തിക്കാനുള്ള കഴിവ് എന്നിവ ആവശ്യമുള്ള ഒരു ജോലിയാണിത്. ചിലപ്പോള്‍ കടുത്ത പരിശോധനയ്ക്ക് വിധേയമാകേണ്ട തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.
ഉയര്‍ന്ന സമര്‍ദ്ദം അനുഭവിക്കുന്നവരാണ് അംപയര്‍മാര്‍. അതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൂടുതല്‍ ശമ്പളം അംപയര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓണ്‍-ഫീല്‍ഡ് അംപയര്‍മാര്‍ക്ക് ഒരു മത്സരത്തിന് 3 ലക്ഷം രൂപയും, ഫോര്‍ത്ത് അമ്പയര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് പ്രതിഫലം. അംപയര്‍മാര്‍ ചെയ്യാന്‍ ആവശ്യമായ തയ്യാറെടുപ്പിന്റെയും മാനസിക ശക്തിയുടെയും നിലവാരമാണ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.
വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ഒരോ മത്സരത്തിന് മുമ്പും അംപയര്‍മാര്‍ എടുക്കുന്നത്. മാനസിക കരുത്താണ് അതില്‍ പ്രധാനം. കൂടാതെ ഡിആര്‍എസ്, അള്‍ട്രാ-എഡ്ജ് സിസ്റ്റങ്ങള്‍ പോലുള്ള പുതിയ സാങ്കേതികവിദ്യകളുമായി നിരന്തരം പൊരുത്തപ്പെടേണ്ടതുണ്ട് അംപയര്‍മാര്‍ക്ക്. അതുകൊണ്ടുതന്നെ ഇത്രത്തോളം പണം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല.
ഇന്ന് ചെന്നൈ – ഹൈദരാബാദ്
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. ഐപിഎല്ലിലെ ഫേവറേറ്റ് ടീമുകള്‍ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചേ തീരൂ. മുംബൈ ഇന്ത്യന്‍സിനോട് വമ്പന്‍ തോല്‍വി നേരിട്ടാണ് ഇരു ടീമുകളും ചെപ്പോക്കിലിറങ്ങുന്നത്.