ഇന്ത്യയിൽ വന്ന് ജീവിക്കാനാഗ്രഹിക്കുന്ന വിദേശികളെ നാം കണ്ടിട്ടുണ്ടാവും. അതുപോലെ ഇന്ത്യയിൽ ജീവിക്കാൻ കഴിയുന്നതിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്ന ഒരു വിദേശി യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
റഷ്യയിൽ നിന്നുള്ള ഇൻഫ്ലുവൻസറായ മറീന ഖർബാനിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അവർ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഇന്ത്യൻ യുവാവിനെയാണ്. ‘ഒടുവിൽ ഞാൻ ഇന്ത്യക്കാരിയായി’ എന്നാണ് തന്റെ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് അവർ പറയുന്നത്.
ഏറെക്കുറെ മൂന്നര വർഷമായി താൻ ഈ വിലയേറിയ രേഖയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ OCI നേടിയെന്നും അഭിമാനം തോന്നിയെന്നും അവർ എഴുതുന്നു. തന്റെ കുഞ്ഞുമായിട്ടാണ് മറീന വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോയിലുടനീളം അവളുടെ മുഖത്ത് ആഹ്ലാദം തിരതല്ലുന്നത് കാണാം.
ഇന്ത്യൻ സർക്കാർ നടത്തുന്ന ‘ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ’ പ്രോഗ്രാമിനെയാണ് OCI എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഇന്ത്യൻ പൗരന്റെ വിദേശിയായ പങ്കാളിയോ, അല്ലെങ്കിൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്ഹോൾഡറുടെ വിദേശിയായ പങ്കാളിക്കോ ഒരു OCI കാർഡ് ഉടമയായി രജിസ്റ്റർ ചെയ്യാൻ യോഗ്യതയുണ്ട്.
എന്തായാലും, മറീനയുടെ വീഡിയോയ്ക്ക് ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി അനേകങ്ങളാണ് കമന്റ് നൽകിയിരിക്കുന്നത്. അതിൽ പലരും അവളുടെ ഇന്ത്യയിലേക്ക് വരാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുന്നത് കാണാം. എന്നാൽ, മറ്റ് ചിലർ അക്കാര്യത്തിൽ അവളെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലേക്ക് വരാനുള്ള തന്റെ തീരുമാനത്തെ ചോദ്യം ചെയ്തവർക്കുള്ള മറുപടി മറീന തന്നെ കമന്റിൽ പറയുന്നുമുണ്ട്. ഇന്ത്യയിൽ വന്ന് താമസിക്കാനുള്ള തന്റെ ആഗ്രഹം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. പക്ഷേ, താൻ ഇന്ത്യക്കാരനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും കുടുംബമുണ്ട്. അവർക്കൊപ്പമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ കുറച്ച് മാസം ഇവിടെയും കുറച്ചുമാസം റഷ്യയിലും അങ്ങനെ കഴിയാൻ ആഗ്രഹിക്കുന്നു എന്നാണ് മറീന പറയുന്നത്.
അതെ, മറ്റേതൊരു രാജ്യത്തെയും പോലെ ഇന്ത്യയ്ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ട്, പക്ഷേ ഇവിടെയും ധാരാളം നല്ല കാര്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് മനസിലാകാത്തത് എന്താണ്? എനിക്ക് ഇവിടെ താമസിക്കാൻ ഇഷ്ടമാണ്. യൂറോപ്യൻ രാജ്യത്തേക്കാൾ എനിക്ക് താമസിക്കാൻ ഇഷ്ടം ഇന്ത്യയാണ്. അതിനെന്താണ് എന്നാണ് മറീനയുടെ ചോദ്യം.
മേഘാലയയിലെ ഷില്ലോങ്ങിലാണ് മറീന ഭർത്താവിനും കുട്ടിക്കും ഭർത്താവിന്റെ വീട്ടുകാർക്കും ഒപ്പം താമസിക്കുന്നത്.