ഐപിഎല്‍: സിംപിളായി ജയിക്കേണ്ട മത്സരങ്ങളെല്ലാം കൂളായി തോല്‍ക്കുന്നു; ക്ലാസിക് ദുരന്തമായി രാജസ്ഥാന്‍ റോയല്‍സ്

ബെംഗളൂരു: ഡഗൗട്ടിലിരുന്ന് എണ്ണിയാലൊടുങ്ങാത്ത പേജുകളില്‍ കുത്തിക്കുറിക്കുന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ജയിക്കാന്‍ യാതൊരു ഇന്‍റന്‍ഷനുമില്ലാതെ കളിക്കുന്ന താരങ്ങള്‍. ഐപിഎല്‍ പതിനെട്ടാം സീസണില്‍ തോല്‍ക്കാന്‍ വേണ്ടി കളിക്കുന്ന ടീമാവുകയാണോ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും രാജസ്ഥാന്‍ റോയല്‍സ് ജയമുറപ്പിച്ച കളി കൈവിട്ടു. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന വിശേഷണം അര്‍ഥവത്താകുന്നത് രാജസ്ഥാന്‍ റോയല്‍സിന്‍റെ കാര്യത്തിലാണ് എന്ന് ആരാധകര്‍ പറയുന്നു. 

ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 205 റണ്‍സാണ് അടിച്ചെടുത്തത്. ചിന്നസ്വാമിയിലെ ചെറിയ ബൗണ്ടറിയില്‍ പോലും ഏതൊരു ടീമും പതറിയേക്കാവുന്ന കൂറ്റന്‍ ടാര്‍ഗറ്റ് സ്കോര്‍. രാജസ്ഥാന്‍ റോയല്‍സിനാണെങ്കിൽ സഞ്ജു സാംസണില്ല. പക്ഷേ, അവിടെ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും തകര്‍പ്പനടികളുമായി പവര്‍പ്ലേയില്‍ മികച്ച ടെംബോ റോയല്‍സിന് സെറ്റ് ചെയ്ത് നല്‍കുന്നു. 19 പന്തില്‍ 257 സ്ട്രൈക്ക്റേറ്റില്‍ ജയ്‌സ്വാള്‍ നേടിയ 49 റണ്‍സിന്‍റെ മാത്രം അടിത്തറ മതിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍. പക്ഷേ, അവിടെ റോയല്‍സിന്‍റെ പതിവ് അലസത വീണ്ടും മറനീക്കി പുറത്തുവന്നു. സൂര്യവന്‍ഷിയും ജയ്‌സ്വാളും പുറത്താകുമ്പോഴും 5.5 ഓവറില്‍ 72 റണ്‍സുണ്ടായിരുന്നു രാജസ്ഥാന്. നിതീഷ് റാണ ഏകദിന ശൈലിയിലേക്ക് വലിഞ്ഞപ്പോള്‍ ജയ്‌സ്വാള്‍ നല്‍കിയ ടെംബോ നിലനിര്‍ത്തി ക്യാപ്റ്റന്‍ റിയാന്‍ പരാഗ് റോയല്‍സിന്‍റെ കുതിപ്പിന് ഇന്ധനമായി. എന്നാല്‍ അങ്ങനെ 8.1 ഓവറില്‍ അനായാസം 100 റണ്‍സ് കടന്നൊരു ടീം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി തോല്‍വി വഴങ്ങുന്നതാണ് പിന്നീട് ആരാധകര്‍ കണ്ടത്. 

ഏഴ് വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ 48 പന്തില്‍ 78 റണ്‍സ് മാത്രം ആവശ്യമായൊരു ടീം തോല്‍ക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പറ്റുമോ? എന്നാൽ സങ്കല്‍പിച്ചേ പറ്റൂ. ആര്‍സിബിയോട് രാജസ്ഥാന്‍ റോയല്‍സ് തോറ്റത് അങ്ങനെയാണ്. ജോസ് ബട്‌ലറെ പോലെയൊരു ഒറ്റയാനായ മാച്ച് വിന്നറെ കൈവിട്ട് റോയല്‍സ് നിലനിര്‍ത്തിയ ധ്രുവ് ജൂരെലും ഷിമ്രോന്‍ ഹെറ്റ്‌മെയറും മത്സരം ഫിനിഷ് ചെയ്യാനാവാതെ അടിയറവ് പറഞ്ഞു. ജൂരെല്‍ 34 പന്തില്‍ നേടിയ 47 റണ്‍സിന് എന്ത് ഇംപാക്ട് സൃഷ്ടിക്കാന്‍ പറ്റി? ഹെറ്റ്‌മെയറുടെ 8 പന്തിലെ 11 റൺസ് ടീമിന്‍റെ തോല്‍വിഭാരം കൂട്ടുകയും ചെയ്തു. അങ്ങനെ ബെംഗളൂരുവില്‍ 11 റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് തോറ്റു. ഒരുവേള 162-4 എന്ന സ്കോറിലായിരുന്ന ടീം 194-9ന് പോരാട്ടം അവസാനിപ്പിച്ചു. റോയല്‍സിന് 9 മത്സരങ്ങളില്‍ സീസണിലെ ഏഴാം തോല്‍വി. അതിലും വലിയ നാണക്കേട് രാജസ്ഥാന്‍ റോയല്‍സിന് മറ്റൊന്നാണ്. ആര്‍സിബിക്കെതിരായ തോല്‍വിയോടെ ഈ സീസണില്‍ റോയല്‍സ് തുടര്‍ച്ചയായ അഞ്ച് കളികളില്‍ തോറ്റമ്പി. 

ആര്‍സിബി- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ എടുത്ത് പറയേണ്ട മറ്റൊന്ന് കൂടിയുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന്‍റെ മികവിനെ പ്രശംസിക്കാതിരിക്കാനാവില്ല. ഡോട് ബോളുകള്‍ എറിയുന്നതില്‍ കേമനായ ഹേസല്‍വുഡിന്‍റെ നാല് വിക്കറ്റ് നേട്ടം റോയല്‍സിനെ മാനസികമായ തളര്‍ത്തിയെന്നത് സത്യം. ജയ്‌സ്വാള്‍, ജൂരെല്‍, ഹെറ്റ്‌മെയര്‍ എന്നീ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ മാത്രം മതി മത്സരത്തിലെ ജോഷിന്‍റെ മികവിന് അടയാളമായി. റോയല്‍സ് ഇന്നിംഗ്സിലെ 19-ാം ഓവറില്‍ ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് ജൂരെലിനെയും ആര്‍ച്ചറെയും മടക്കിയ ഹേസല്‍വുഡിന്റെ ബൗളിംഗാണ് രാജസ്ഥാന്‍റെ പെട്ടിയില്‍ അവസാന ആണിയടിച്ചത്.

Read more: ഹേസല്‍വുഡിന് നാല് വിക്കറ്റ്; രാജസ്ഥാന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി, പുറത്തേക്ക്! ആര്‍സിബിക്ക് 11 റണ്‍സ് ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin