‘എന്റെ അമ്മയെ അന്ന് നിങ്ങള്‍ വാഴ്ത്തി, ഇന്ന് തള്ളി പറയുന്നു’; സൈബർ ആക്രമണത്തില്‍ പ്രതികരിച്ച് നീരജ് ചോപ്ര

എൻ സി ക്ലാസിക്ക് ജാവലിൻ ഇവന്റിലേക്ക് പാകിസ്ഥാൻ താരം അര്‍ഷാദ് നദീമിനെ ക്ഷണിച്ചതിന് പിന്നാലെ നേരിടുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര. നീരജിന്റെ പേരില്‍ നടക്കുന്ന ഇവന്റില്‍ ലോകോത്തര താരങ്ങളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. അടുത്തമാസം ബെംഗളൂരുവില്‍ വെച്ചാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അര്‍ഷാദിനെ ക്ഷണിച്ചതില്‍ സൈബര്‍ ആക്രമണം നടത്തുന്നത്. നീരജിനെതിരെ മാത്രമല്ല കുടുംബത്തിനെതിരയും അധിക്ഷേപം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് താരം തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് നീരജ് കുറിപ്പ് പങ്കുവെച്ചത്.

“ഞാൻ വളരെ കുറച്ച് സംസാരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തെറ്റാണെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് കരുതരുത്. പ്രത്യേകിച്ചും എന്റെ രാജ്യസ്നേഹത്തേയും കുടുംബത്തിന്റെ അഭിമാനത്തേയും ചോദ്യം ചെയ്യുമ്പോള്‍.

ഞാൻ അര്‍ഷാദിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വലിയ സംസാരം നടക്കുന്നു. കൂടുതല്‍ അധിക്ഷേപങ്ങളാണ്.  എന്റെ കുടുംബത്തെപ്പോലും വെറുതെ വിടാൻ തയാറല്ല ഇക്കൂട്ടര്‍. ഒരു അത്ലീറ്റിനെ മറ്റൊരു അത്ലീറ്റ് ക്ഷണിച്ചതാണ്, അതിനുപരിയായി ഒന്നുമില്ല. എൻ സി ക്ലാസിക്കിന്റെ ഉദ്ദേശലക്ഷ്യം ലോകത്തിലെ ഏറ്റവും മികച്ച അത്ലീറ്റുകളെ ഇന്ത്യയിലെത്തിക്കുക എന്നതാണ്. പഹല്‍ഗാം ആക്രമണത്തിന് രണ്ട് ദിവസം മുൻപ് തന്നെ എല്ലാം അത്ലീറ്റുകള്‍ക്കും ക്ഷണം നല്‍കിയിരുന്നു.

എന്റെ രാജ്യവും രാജ്യതാല്‍പ്പര്യങ്ങളുമാണ് എനിക്ക് വലുത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ പ്രാര്‍ത്ഥനകള്‍. ഞാനും വേദനയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തിന്റെ പ്രതികരണം നമ്മുടെ ശക്തികാണിക്കുമെന്ന് എനിക്ക് ഉറപ്പാണ്, നീതി നടപ്പാകും.

വര്‍ഷങ്ങളായി അഭിമാനത്തോടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ധാര്‍മീകതയെ ചോദ്യം ചെയ്യുന്നത് വേദനിപ്പിക്കുന്നു. എന്നെയും എന്റെ കുടുംബത്തേയും ലക്ഷ്യമാക്കുന്നവര്‍ക്ക് ഇത് വിശദീകരിച്ച് നല്‍കണമല്ലോയെന്ന് കരുതുമ്പോള്‍ തന്നെ വേദനയുണ്ടാകുന്നു. ഞങ്ങള്‍ സാധരണക്കാരാണ്, ഞങ്ങളെ മറ്റൊന്നായി ചിത്രീകരിക്കാൻ ശ്രമിക്കരുത്. ഒരുപാട് തെറ്റായ ആഖ്യാനങ്ങള്‍ ചില മാധ്യമങ്ങള്‍ എന്നെ ചുറ്റിപ്പറ്റി സൃഷ്ടിക്കുന്നു. ഞാൻ പ്രതികരിക്കുന്നില്ലെന്ന് കരുതി അതെല്ലാം ശരിയാകണമെന്നില്ല. 

എങ്ങനെയാണ് ഇത്രപെട്ടന്ന് ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരു വര്‍ഷം മുൻപ് എന്റെ അമ്മ നടത്തിയ പരാമര്‍ശങ്ങളെ നിങ്ങള്‍ അഭിനന്ദിച്ചു, പുകഴ്ത്തി. ഇന്ന് അതേ ആളുകള്‍ എന്റെ അമ്മയെ ലക്ഷ്യം വെക്കുകയാണ്, സമാന പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച്. ഇന്ത്യയെ ലോകത്തിന് മുന്നില്‍ ഓര്‍മ്മപ്പെടുത്താനുള്ള എന്റെ കഠിനാധ്വാനം തുടരും,” നീരജ് കുറിച്ചു.

പാരീസ് ഒളിമ്പിക്‌സില്‍ ജാവലിൻ ത്രോയില്‍ നീരജ് വെള്ളിയും അർഷാദ് സ്വര്‍ണവുമായിരുന്നു നേടിയത്. അർഷാദ് തനിക്ക് മകനെ പോലെയാണെന്ന് നീരജിന്റെ അമ്മ പ്രതികരിച്ചിരുന്നു. സമാന പ്രതികരണം അർഷാദിന്റെ അമ്മയും നടത്തി.

By admin