‘ഇനിയും പല ശില്‍പങ്ങള്‍ ആവാനുള്ള കളിമണ്ണാണ് നിങ്ങള്‍, പക്ഷേ…’; മോഹന്‍ലാലിനോട് അഭ്യര്‍ഥനയുമായി കിഷോര്‍ സത്യ

ഇന്ന് തിയറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം തുടരുമിന് മികച്ച അഭിപ്രായങ്ങളാണ് എങ്ങും ലഭിക്കുന്നത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ഇത്രയധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നവരില്‍ സാധാരണ പ്രേക്ഷകര്‍ക്കൊപ്പം കലാരംഗത്തുനിന്നുള്ളവരുമുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട തന്‍റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കിഷോര്‍ സത്യ. ചിത്രം നല്‍കിയ മികവുറ്റ അനുഭവം പങ്കുവെക്കുന്നതിനൊപ്പം മോഹന്‍ലാലിനോടുള്ള ഒരു അഭ്യര്‍ഥനയും അദ്ദേഹം കുറിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് കിഷോര്‍ സത്യയുടെ കുറിപ്പ്.

കിഷോര്‍ സത്യയുടെ കുറിപ്പ്

ഞാൻ ആദ്യമായാണ് ഒരു മലയാള സിനിമ അതിന്റെ ആദ്യ പ്രദർശനം കാണുന്നത്.  താങ്ക്യൂ തരുൺ മൂർത്തി. കുറച്ചു വർഷങ്ങളായി നമ്മുടെ ലാലേട്ടനെ ഇതുപോലെ കാണാൻ കൊതിയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് ഒരിളം തെന്നൽ പോലെ കടന്നുപോയ ജിത്തു ജോസഫിന്റെ നേര് മാത്രമായിരുന്നു ഒരാശ്വാസം. പഴയത്… പുതിയത്….വിന്റേജ് തുടങ്ങിയ ആലങ്കാരിക പദങ്ങളുടെ ഒന്നും ആവശ്യമില്ല. നടൻ എന്ന നിലയിലും താരം എന്ന നിലയിലും അദ്ദേഹം നമ്മളെ  ആ മാന്ത്രിക കാലത്തിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. നവമാധ്യമ ലോകത്തെ താരയുദ്ധങ്ങളിൽ ഇത്രയധികം പരിഹസിക്കപ്പെട്ട ഒരു നടൻ  മറ്റെങ്ങും ഉണ്ടാവില്ല. മോഹൻലാൽ എന്ന താരത്തെ ഉപയോഗിച്ച സിനിമകളിൽ മിക്കതിലും മോഹൻലാൽ എന്ന നടനെ അവർ മറന്നു പോയിരുന്നു. എന്നാൽ മീശ പിരിക്കാതെ, സ്ലോമോഷനിൽ നടക്കാതെ, പ്രച്ഛന്ന വേഷത്തിന്റെ വിരസതയില്ലാതെ പഞ്ച് വർത്തമാനം പറയാതെ ഒരു സാധാരണക്കാരൻ ഡ്രൈവർ ഷണ്മുഖമായി മോഹൻലാൽ എന്ന നടനും താരവും ഒരേപോലെ തിമിർത്താടുന്നു തുടരും എന്ന സിനിമയിൽ. തീമഴ പെയ്യുന്ന മരുഭൂമിയിൽ വീശി അടിക്കുന്ന മണൽക്കാറ്റിൽ പ്രതീക്ഷ നഷ്ടപ്പെട്ട്  മുന്നോട്ടു പോയവന് മുമ്പിൽ മരുപച്ച കിട്ടിയത് പോലെ!  സിനിമയുടെ കഥയുടെ ഒരു സൂചന പോലും ഞാൻ നൽകുന്നില്ല. ഈ ചിത്രം മുൻവിധികളില്ലാതെ  നിങ്ങൾ പോയി കണ്ടു തന്നെ ആസ്വദിക്കണം. സുനിലിന്റെ കഥയിൽ തിരനാടകം ഒരുക്കാൻ തരുൺമൂർത്തിയും കൂടെ കൂടി. ഷാജിയുടെ ക്യാമറ, ജേക്സ് ബിജോയ്‌ യുടെ സംഗീതം.  ലാലേട്ടനൊപ്പം കട്ടക്ക് പ്രകാശ് വർമ്മ. കൂടെ നമ്മുടെ പ്രിയപ്പെട്ട ശോഭന മാം, ബിനു പപ്പു, മണിയൻപിള്ള രാജു ചേട്ടൻ അങ്ങനെ പോകുന്നു…
 ഒറ്റയ്ക്ക് പോകണ്ട ഭാര്യയും മക്കളും കുടുംബവുമായി തന്നെ ഈ സിനിമ കാണാൻ പൊക്കോളൂ. നിങ്ങൾ നിരാശരാവില്ല. ലാലേട്ടന്റെ കൂടെ നിങ്ങൾ ചിരിക്കും സന്തോഷിക്കും, നെഞ്ചുവിങ്ങും കണ്ണുനീർ പൊഴിക്കും, ആർത്തുവിളിക്കും….
 പ്രിയപ്പെട്ട ലാലേട്ടാ… ഇനിയും ഒരുപാട് ശില്പങ്ങൾ ആവാനുള്ള കളിമണ്ണാണ് നിങ്ങൾ…
 പക്ഷേ ശിൽപ്പികളുടെ തെരഞ്ഞെടുപ്പിൽ ഇനി മുതലെങ്കിലും ഒരല്പം കൂടെ ശ്രദ്ധ പതിപ്പിക്കണം എന്ന് മാത്രം……

ALSO READ : ‘ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക’? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ ‘അപ്പു’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin