സമീപകാല മലയാള സിനിമയില്‍ എല്ലാത്തരം പ്രേക്ഷകരാലും റിലീസ് ദിനത്തില്‍ പോസിറ്റീവ് അഭിപ്രായം നേടിയ മറ്റൊരു മോഹന്‍ലാല്‍ ചിത്രമില്ല, തുടരും പോലെ. മോഹന്‍ലാലിലെ അഭിനേതാവിനെയും താരത്തെയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതാണ് തരുണ്‍ മൂര്‍ത്തിയുടെ മേക്കിംഗ് എന്നാണ് റിലീസ് ദിനത്തില്‍ പരക്കെ ഉയര്‍ന്ന അഭിപ്രായം. റിലീസിന് മുന്‍പ് ഹൈപ്പ് അധികമാവാതെ സൂക്ഷിച്ചുകൊണ്ടായിരുന്നു അണിയറക്കാര്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ നടത്തിയത്. അതിന്‍റെയെല്ലാം ഫലം തിയറ്ററുകളില്‍ കാണാനുമുണ്ട്. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച പ്രതികരണം വന്നതോടെ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളില്‍ കുതിച്ചുകയറ്റമാണ് നടന്നത്. ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 35,000 ന് മുകളില്‍ വില്‍പ്പന എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ അങ്ങോളമിങ്ങോളം രാത്രി 12 മണി ഷോ അടക്കം ഹൗസ്‍ഫുള്‍ ആയാണ് ചിത്രം കളിച്ചത്. ഒപ്പം ശനി, ഞായര്‍ ദിനങ്ങളിലെ പ്രധാന ഷോകളും ഏറെക്കുറെ ഫാസ്റ്റ് ഫില്ലിംഗ് ആണ്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷനെ ഏറെ ഗുണപരമായി സ്വാധീനിച്ചുവെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍ നല്‍കുന്ന സൂചന. വിവിധ ട്രാക്കര്‍മാര്‍ നല്‍കുന്ന കണക്കനുസരിച്ച് ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്ന് 5 മുതല്‍ 5.33 കോടി വരെയാണ് നേടിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെയും വിദേശ മാര്‍ക്കറ്റുകളിലെയും വെവ്വേറെ കണക്കുകള്‍ പുറത്തെത്തുന്നുണ്ട്. ആഗോള ഓപണിംഗ് 10 കോടിക്ക് മുകളില്‍ ആയിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൃത്യം കണക്കുകള്‍ വരും മണിക്കൂറുകളില്‍ അറിയാനാവും.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം.
ALSO READ : ‘ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക’? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ ‘അപ്പു’