അമ്മയുടെ കൈയിൽ നിന്ന് കുതറിയോടി, ടാങ്കിൽ വീണ് ഇന്ത്യക്കാരിയായ നാലുവയസ്സുകാരിക്ക് സൗദിയിൽ ദാരുണാന്ത്യം
റിയാദ്: റിയാദിൽ വെള്ളടാങ്കിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി തമിഴ് ബാലിക മരിച്ചു. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്. ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് സ്കൂളിന് പുറത്തുള്ള ടാങ്കിലേക്ക് വീണത്. കുഴിയിലേക്ക് ആണ്ടുപോയ കുട്ടിയെ പാകിസ്ഥാൻ ലാഹോർ സ്വദേശി അബ്ദുറഹ്മാൻ പുറത്തെടുത്ത് രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഴിയിലിറങ്ങി രക്ഷിക്കുന്നതിനിടയിൽ പരിക്കേറ്റ അബ്ദുറഹ്മാനും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ വീട് സ്കൂളിന്റെ മുൻവശത്താണ്. ഉമ്മയുടെ കൈയ്യിൽനിന്ന് കുതറിയോടിയ കുഞ്ഞ് ടാങ്കിന്റെ അടപ്പിൽ ചവിട്ടി താഴെ കുഴിയിലേക്ക് വീഴുകയായിരുന്നു. ഉമ്മയുടെ കരച്ചിൽ കേട്ടാണ് പാക് പൗരൻ അബ്ദുറഹ്മാൻ ഓടിെയത്തിയത്. ഉടൻ കുഴിയിേലക്ക് ഇറങ്ങി സാഹസികമായി കുട്ടിയെ പുറത്തെടുത്തു. കുഞ്ഞിനെ പുറത്തെത്തിച്ചെങ്കിലും അപ്പോൾ തന്നെ അബ്ദുറഹ്മാൻ കുഴിയിലേക്ക് തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ഏറെ സാഹസപ്പെട്ടാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇരുവരെയും റെഡ് ക്രസൻറ് ആംബുലൻസ് സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തി അൽപസമയത്തിനുള്ളിൽ കുട്ടി മരിച്ചു.