ഹേസല്‍വുഡിന് നാല് വിക്കറ്റ്; രാജസ്ഥാന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി, പുറത്തേക്ക്! ആര്‍സിബിക്ക് 11 റണ്‍സ് ജയം
ബെംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 11 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാള്‍ (19 പന്തില്‍ 49), ധ്രുവ് ജുറല്‍ (34 പന്തില്‍ 47) എന്നിവരാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്. ക്രുനാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വേണ്ടി വിരാട് കോലി (42 പന്തില്‍ 70), ദേവ്ദത്ത് പടിക്കല്‍ (27 പന്തില്‍ 50) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി.
ഭേദപ്പെട്ട തുടക്കമായിരുന്നു രാജസ്ഥാന്. ഒന്നാം വിക്കറ്റില്‍ വൈഭവ് സൂര്യവന്‍ഷി (12 പന്തില്‍ 16) – ജയ്‌സ്വാള്‍ സഖ്യം 52 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ വൈഭവിനെ പുറത്താക്കി ഹേസല്‍വുഡാണ് ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് ജയ്‌സ്വാളും മടങ്ങി. മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. നിതീഷ് റാണ (28), റിയാന്‍ പരാഗ് (22), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 19-ാം ഓവറില്‍ ജുറല്‍ മടങ്ങിയതും രാജസ്ഥാന് തിരിച്ചടിയായി. പിന്നാലെ ജോഫ്ര ആര്‍ച്ചര്‍ (0) നേരിട്ട ആദ്യ പന്തില്‍ മടങ്ങി. ഹേസല്‍വുഡാണ് ഇരുവരേയും മടക്കിയത്. അവസാന ഓവറില്‍ 17 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
യഷ് ദയാലിന്റെ ആദ്യ പന്തില്‍ തന്നെ ശുഭം ദുബെ (12) മടങ്ങി. മൂന്നാം പന്തില്‍ വാനിന്ദു ഹസരങ്ക (1) റണ്ണൗട്ടായി. ഇതോടെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിച്ചു. ഫസല്‍ഹഖ് ഫാറൂഖി (1), തുഷാര്‍ ദേഷ്പാണ്ഡെ (1) പുറത്താവാതെ നിന്നു. മികച്ച തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട് (26) – കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സാള്‍ട്ടിനെ പുറത്താക്കി വാനിന്ദു ഹസരങ്കയാണ് ബ്രേക്ക് ത്രൂ നല്‍കിയത്.
പിന്നാലെ കോലി – ദേവ്ദത്ത് സഖ്യം 95 റണ്‍സ് കൂട്ടിചേര്‍ത്തു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് തകര്‍ന്നത്. കോലിയെ ജോഫ്ര അര്‍ച്ചര്‍ നിതീഷ് റാണയുടെ കൈകളിലെത്തിച്ചു. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ദേവ്ദത്തിനെ സന്ദീപ് ശര്‍മ മടക്കി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. രജത് പടിധാര്‍ (1) വന്നത് പോലെ മടങ്ങി. ടിം ഡേവിഡ് (15 പന്തില്‍ 23) അവസാന പന്തില്‍ റണ്ണൗട്ടി. ജിതേശ് ശര്‍മ (20) പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്ന്ന. മഹീഷ് തീക്ഷണയ്ക്ക് പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (സി), ധ്രുവ് ജുറല്‍ (ഡബ്ല്യു), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, ഫസല്‍ഹഖ് ഫാറൂഖി, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.