ഹിമാലയത്തിനടിയിൽ ഇന്ത്യൻ ഫലകം രണ്ടായി പിളരുന്നു; ഇതുവരെ കരുതിയതല്ല സത്യമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ

ദില്ലി: ഭൂമിയുടെ പുറംതോടിന്റെ രണ്ട് പ്രധാന ഭാഗങ്ങളായ ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം രൂപപ്പെട്ടത്. ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ കൂട്ടിയിടി ആരംഭിച്ചത്. അന്നുമുതൽ ഹിമാലയൻ മേഖലയിൽ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് മാത്രമല്ല, ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളെ പിടിച്ചുകുലുക്കുന്ന ഭൂകമ്പങ്ങൾക്കും ഭൂചലനങ്ങൾക്കും ഈ കൂട്ടിയിടി കാരണമായി. വളരെക്കാലമായി, ഇന്ത്യൻ ഫലകം യുറേഷ്യൻ ഫലകത്തിനടിയിൽ സുസ്ഥിര ചലനത്തിലൂടെ ക്രമാനുഗതമായി തെന്നിമാറുന്നുവെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. ചലനം ടിബറ്റൻ പീഠഭൂമിയെ പതുക്കെ ഉയർത്തുകയും ദശലക്ഷക്കണക്കിന് വർഷങ്ങളായുള്ള പരിവർത്തനത്തിൽ പർവതങ്ങൾ രൂപപ്പെടുകയും ചെയ്തുവെന്നാണ് ഇത്രയും കാലം ധരിച്ചത്. 

എന്നാൽ, പുതിയ പഠനം നേരത്തെയുള്ള ആശയത്തെ തലകീഴായി മാറ്റിമറിക്കുന്നവയാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് യുറേഷ്യൻ ഫലകത്തിനടിയിൽ തെന്നിമാറുകയല്ല, മറിച്ച് ടിബറ്റിന് താഴെ ആഴത്തിൽ പിളരുകയാണെന്ന് കാണിക്കുന്ന പുതിയ ഭൂകമ്പ ഡാറ്റയാണ് ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയത്. സാൻ ഫ്രാൻസിസ്കോയിൽ നടന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ കോൺഫറൻസിലാണ് ഈ പ്രധാന കണ്ടെത്തൽ വെളിപ്പെടുത്തിയത്. 

ചൈനയിലെ ഓഷ്യൻ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിസിസ്റ്റ് ലിൻ ലിയുവാണ് പഠനത്തിന് നേതൃത്വം നൽകിയത്. നേരത്തെ കരുതിയിരുന്നത് പോലെ ഇന്ത്യൻ പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റിനടിയിലേക്ക് സു​ഗമമായി കടക്കുന്നില്ലെന്ന് കണ്ടെത്തി. ഡീലാമിനേഷൻ എന്ന അപൂർവ പ്രക്രിയയിലൂടെ പ്ലേറ്റിന്റെ സാന്ദ്രമായ താഴത്തെ ഭാഗം അടർന്ന് ഭൂമിയുടെ ആവരണത്തിലേക്ക് താഴുകയും മുകൾഭാഗവും ഭാരം കുറഞ്ഞതുമായ ഭാഗം ഉപരിതലത്തിന് തൊട്ടുതാഴെയായി നീങ്ങുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തിയത്. പരീക്ഷണത്തിന് വിപുലമായ ഭൂകമ്പ ഇമേജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. തെക്കൻ ടിബറ്റിലുടനീളമുള്ള 94 ബ്രോഡ്‌ബാൻഡ് സീസ്മിക് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ട് ലിയുവും സംഘവും ഈ പ്രതിഭാസം കണ്ടെത്തി. 

ഇന്ത്യൻ ഫലകം കടുത്ത ആന്തരിക സമ്മർദ്ദത്തിന്റെയും വിഘടനത്തിന്റെയും ലക്ഷണങ്ങൾ കാണിക്കുന്നുവെന്നും പ്ലേറ്റിന്റെ ചില ഭാഗങ്ങൾ അടിസ്ഥാനപരമായി വിഭജിക്കപ്പെടുന്നുവെന്നും താഴത്തെ പകുതി മാന്റിലിലേക്ക് കൂടുതൽ ആഴത്തിൽ വലിച്ചെടുക്കപ്പെടുന്നുവെന്നുമാണ് ഇവരുടെ വാദം. 

ടിബറ്റിന് കീഴിൽ ഇന്ത്യൻ പ്ലേറ്റ് എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള ദീർഘകാല അനുമാനങ്ങളെ ഈ കണ്ടെത്തൽ വെല്ലുവിളിക്കുന്നുവെന്ന് കോൺഫറൻസ് അവതരണത്തിനിടെ ലിയു പറഞ്ഞു. ഉപരിതലത്തിൽ നമുക്ക് കാണാൻ കഴിയുന്ന സൂചനകളുമായി ഈ കണ്ടെത്തൽ യോജിക്കുന്നു. ടിബറ്റൻ പീഠഭൂമിയിലുടനീളം ഭൂകമ്പങ്ങളുടെയും വിള്ളലുകളുടെയും വ്യക്തമായ പാറ്റേണുകൾ ഉണ്ട്. ഇത് ഭൂമിക്കടിയിൽ അസാധാരണമായ എന്തോ സംഭവിക്കുന്നതിന്റെ സൂചന നൽകുന്നുവെന്നും അതിനുപുറമെ, ഭൂമിയുടെ ഉള്ളിൽ നിന്ന് സാധാരണയായി വരുന്ന അപൂർവ വാതകമായ ഹീലിയം-3 ന്റെ ഉയർന്ന അളവ് പോലെയുള്ള വിചിത്രമായ രാസ അടയാളങ്ങൾ നീരുറവകളിലെ വെള്ളത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 

By admin