സാംസങ് ഗാലക്‌സി എസ്25 എഫ്ഇ ലോഞ്ച് ഉടന്‍? ഏറ്റവും സുപ്രധാന വിവരം ചോര്‍ന്നു

സോള്‍: ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങിന്‍റെ ഗാലക്‌സി എസ്25 എഫ്ഇ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യത. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഗാലക്‌സി എസ്24 എഫ്ഇക്ക് പിന്‍ഗാമിയായിരിക്കും പുതിയ ഫോണ്‍ എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും സാംസങ് ഗാലക്സി എസ്25 എഫ്ഇയുടെ ലോഞ്ച് ഔദ്യോഗികമായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ ഈ സ്‍മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ചില പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.

ആൻഡ്രോയ്‌ഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഗാലക്‌സി എസ്25 എഫ്ഇ ഉടൻ പുറത്തിറങ്ങുമെന്ന് സൂചനയുണ്ട്. ഇതിന്‍റെ ഇന്റേണൽ കോഡ് സൂചിപ്പിക്കുന്നത് ഈ സ്മാർട്ട്‌ഫോണിനും ഗാലക്‌സി എസ്24 എഫ്ഇയുടെ അതേ ചിപ്‌സെറ്റ് ഉണ്ടായിരിക്കും എന്നാണ്. ഗാലക്സി എസ്25 എഫ്‌ഇയിൽ S5e9945 പ്രോസസർ ഉപയോഗിക്കാം. ഇത് സാംസങിന്‍റെ Exynos 2400/2400e-യുമായി ജോടിയാക്കിയിരിക്കുന്നു. ഈ വിവരം ശരിയാണെങ്കിൽ, കമ്പനിയുടെ പുതിയ ഫാൻ എഡിഷൻ സ്മാർട്ട്‌ഫോണിന് ഗാലക്‌സി എസ്24 എഫ്ഇയിലെ അതേ എക്‌സിനോസ് പ്രോസസറാണ് വരിക. സാംസങ് ഗാലക്‌സി എസ്24 എഫ്ഇയിൽ എക്‌സിനോസ് 2400ഇ ചിപ്‌സെറ്റ് ഉപയോഗിച്ചിരുന്നു.

ഈ വർഷം സാംസങ് ചിപ്‌സെറ്റ് അപ്‌ഗ്രേഡ് മാറ്റിവച്ചേക്കാമെന്നും പുതിയ സ്മാർട്ട്‌ഫോണിൽ അതേ പ്രോസസർ നിലനിർത്തിയേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. കമ്പനിയുടെ വരാനിരിക്കുന്ന ഗാലക്‌സി ഇസഡ് ഫ്ലിപ്പ് എഫ്ഇയിലും ഇതേ പ്രോസസർ ഉണ്ടായിരിക്കാം. ഈ വർഷത്തിന്‍റെ രണ്ടാം പകുതിയിൽ ഗാലക്‌സി എസ്25 എഫ്ഇ പുറത്തിറക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത് ഗാലക്സി എസ് 25 ന്റെ താങ്ങാനാവുന്ന പതിപ്പായിരിക്കും.

2024 സെപ്റ്റംബറിൽ ആണ് ഗാലക്‌സി എസ്24 എഫ്ഇ പുറത്തിറങ്ങിയത്. 8 ജിബി + 128 ജിബി ഓപ്ഷന് 59,999 രൂപയായിരുന്നു വില. 6.7 ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,340 പിക്‌സൽ) ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഈ ഫോണിന് ഉണ്ട്. 8 ജിബി റാമും 512 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഇതിനുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 10 മെഗാപിക്സൽ സെൽഫി ഷൂട്ടറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്. ഗാലക്‌സി എഐ സവിശേഷതകൾക്കുള്ള പിന്തുണയോടെയാണ് ഇത് പുറത്തിറങ്ങിയത്, കൂടാതെ 25 വാട്സ് വയേർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,700 എംഎഎച്ച് ബാറ്ററിയും ഈ ഫോണിൽ ലഭിക്കുന്നു. 

Read more: ട്രംപ് ഇംപാക്‌ട്! പിക്സൽ ഫോൺ നിർമ്മാണം വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ഗൂഗിൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin