ഷാജി കൈലാസിന്‍റെ ഹൊറര്‍ ത്രില്ലര്‍; എട്ട് മാസത്തിനിപ്പുറം ആ ചിത്രം ഒടിടിയിലേക്ക്
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് എന്ന ചിത്രം ഒടിടിയിലേക്ക് എത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് ഒരുങ്ങുന്നത്. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഹൊറർ ത്രില്ലര്‍ ആണിത്. മലയാളത്തിലെ ഏറ്റവും പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നിര തന്നെ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. ഇവരെല്ലാം മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്നു. ഡോ. കീർത്തി എന്നാണ് ഭാവന അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. ഹൗസ് സർജൻസി കഴിഞ്ഞ് സർവ്വീസിൽ പ്രവേശിക്കുന്നവരില്‍ സീനിയറാണ് ഡോ. കീർത്തി. അവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക കേസ് ആണ് ഈ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.
ഹൊററും ആക്ഷനും ക്രൈമും എല്ലാം കൂട്ടിച്ചേർത്ത് ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പാലക്കാട് ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. അതിഥി രവി, രൺജി പണിക്കർ എന്നിവർ ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിരക്കഥ നിഖിൽ ആനന്ദ്, ഗാനങ്ങൾ സന്തോഷ് വർമ്മ, ഹരിനരായണൻ, സംഗീതം കൈലാസ് മേനോൻ, ഛായാഗ്രഹണം ജാക്സണ്‍ ജോൺസൺ, എഡിറ്റിംഗ് എ ആർ അഖിൽ, കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനു സുധാകർ. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണൻ ആണ് നിര്‍മ്മാണം.
ALSO READ : ‘ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക’? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ ‘അപ്പു’