രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കുകയും കാശ്മീര്‍  കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തിലും മുഖ്യമന്ത്രി ആഘോഷപൂര്‍വം എ കെ ജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതിനിടയില്‍ കോടികള്‍ മുടക്കി ഉത്സവംപോലെ സര്‍ക്കാരിന്റെ  വാര്‍ഷിക പരിപാടികളും നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എ ഐ സി സിയുടെ പ്രഥമ മലയാളി അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ 91 -ാം ചരമവാര്‍ഷികം കെ പി സി സിയില്‍ ആചരിച്ച് പ്രസംഗിക്കവെയാണ് മുരളീധരൻ ഇക്കാര്യം പറഞ്ഞത്.

പുൽവാമയും പഹൽ​ഗാമും സർക്കാർ ​ഗൂഢാലോചനയെന്ന് പരാമർശം; എംഎൽഎയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്

സ്വതന്ത്ര്യസമരസേനാനികളെ ദത്തെടുക്കാന്‍ ബി ജെ പി ഓടിനടക്കുന്ന കാലമാണിത്. ആര്‍ എസ് എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായി പട്ടേലിനെയാണ് ആദ്യം ദത്തെടുക്കാന്‍ നോക്കിയത്. ഇപ്പോള്‍ ചേറ്റൂര്‍ ശങ്കരന്‍നായരുടെ പിന്നാലെയാണ്. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ട ജനറല്‍ മൈക്കിള്‍ ഡയറിനെതിരേ ഇംഗ്ലണ്ടില്‍പോയി വാദിച്ച പ്രഗത്ഭനായ അഭിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. 12 അംഗ ജൂറിയില്‍ 11 ബ്രിട്ടീഷുകാര്‍ ഡയറിന് അനുകൂലമായപ്പോള്‍ ലോകപ്രശസ്ത രാഷ്ട്രീയ സൈദ്ധാന്തികനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഹരോള്‍ഡ് ലാസ്‌കി ചേറ്റൂരിനെ അനുകൂലിച്ചു. ക്ഷമ പറഞ്ഞാല്‍ ശിക്ഷയൊഴിവാക്കാമെന്നു ജൂറി പറഞ്ഞപ്പോള്‍ അതിനെ തള്ളിക്കളഞ്ഞ് 500 പൗണ്ട് പിഴയടച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വൈസ്രോയിയുടെ എക്‌സികൂട്ടിവ് കൗണ്‍സില്‍ അംഗത്വം എന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ സമുന്നതമായ ജോലി, അവര്‍ നൽകിയ സര്‍ പദവി, കമ്പാനിയിന്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഇന്ത്യന്‍ എമ്പയര്‍ പദവി തുടങ്ങിയവ അദ്ദേഹം വേണ്ടെന്നുവച്ചു. എന്നാല്‍, ഗാന്ധിജിയുടെ ചില സമരമാര്‍ഗങ്ങളോട് അദ്ദേഹത്തിനു വിയോജിപ്പായിരുന്നു. നികുതി ബഹിഷ്‌കരണത്തോടും അദ്ദേഹം യോജിച്ചില്ല. ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി വരെ അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തോട് മയമുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടാകാം എ ഐ സി സിയും കെ പി സി സിയും ചേറ്റൂരിന്റെ സ്മരണകള്‍ക്ക് വലിയ പ്രാധാന്യം നൽകാതിരുന്നത്. പാലക്കാട് ഡി സി സി വിപുലമയായി ആചരിച്ചുവരാറുണ്ടെന്നും മരുളീധരന്‍ പറഞ്ഞു.

ചേറ്റൂര്‍ ശങ്കരന്‍ രാജ്യം കണ്ട ബൗദ്ധിക ഭീമനായിരുന്നെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ടി കെ എ നായര്‍ അനുസ്മരിച്ചു. വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം 35 വകുപ്പുകളാണ് കൈകാര്യം ചെയ്തത്. വിദ്യാഭ്യാസമേഖലയില്‍ അദ്ദേഹം വലിയ സംഭാവനകള്‍ നൽകി. പറയുന്നതില്‍ ഉറച്ചുനില്ക്കുന്ന പിടിവാശിക്കാരന്‍ കൂടിയായിരുന്നു. ഭരണഘടനാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്വാതന്ത്ര്യം നേടിയെടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും ടി കെ എ നായര്‍ ചൂണ്ടിക്കാട്ടി.

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു, വൈസ് പ്രസിഡന്റുമാരായ ടി എന്‍ പ്രതാപന്‍, വി പി സജീന്ദ്രന്‍, എന്‍ ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജി എസ് ബാബു, ജി സുബോധന്‍, കെ പി ശ്രീകുമാര്‍, എ ഐ സി സി സെക്രട്ടറി മാത്യു ആന്റണി, ഡി സി സി പ്രസിഡന്റ് പാലോട് രവി, രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. മോഹന്‍ കുമാര്‍, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, വി സി കബീര്‍, ചെറിയാന്‍ ഫിലിപ്പ്, എ കെ ശശി, കൊറ്റാമം വിമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin