മോഹന്‍ലാലോ നിവിന്‍ പോളിയോ അല്ല, മേജര്‍ രവിയുടെ അടുത്ത ചിത്രത്തില്‍ ആ ബോളിവുഡ് നായകന്‍

മലയാളത്തില്‍ പട്ടാള സിനിമകള്‍ക്ക് പുതിയൊരു കാഴ്ചാനുഭവം പകര്‍ന്ന സംവിധായകനാണ് മേജര്‍ രവി. സൈന്യത്തിലെ സ്വന്തം അനുഭവങ്ങള്‍ തന്നെയാണ് അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മോഹന്‍ലാല്‍ നായകനായ 1971: ബിയോണ്ട് ബോര്‍ഡേഴ്സിന് ശേഷം അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിട്ടില്ല. 2017 ലാണ് ഈ ചിത്രം പുറത്തെത്തിയത്. പലപ്പോഴും ചില ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായി വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും അവയൊന്നും യാഥാര്‍ഥ്യമായില്ല. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുകയാണ് മേജര്‍ രവി. പുതിയ ചിത്രം മലയാളത്തിലല്ല, മറിച്ച് ഹിന്ദിയില്‍ ആയിരിക്കും. 

നിവിന്‍ പോളിയെ നായകനാക്കി നേരത്തെ മലയാളത്തില്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് അദ്ദേഹം ഹിന്ദിയില്‍ ഒരുക്കുന്നത്. എന്നാല്‍ മേജര്‍ രവി സംവിധാനം ചെയ്യുന്ന ആദ്യ ഹിന്ദി ചിത്രമല്ല ഇത്. ദിലീപ്, രാജ്‍പാല്‍ യാദവ്, ശക്തി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2010 ല്‍ തൂഫാന്‍ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പിരീഡ് ചില്‍ഡ്രന്‍സ് കോമഡി ചിത്രമായിരുന്നു ഇത്. അതേസമയം മേജര്‍ രവി ഹിന്ദിയില്‍ ഒരുക്കുന്ന പുതിയ ചിത്രം റൊമാന്‍റിക് ഡ്രാമ ആയിരിക്കും. പുതിയ ചിത്രത്തെക്കുറിച്ച് മേജര്‍ രവി- “അതിന് കശ്മീരില്‍ പോകുന്നുണ്ട്. ഒരു ലവ് സ്റ്റോറിയാണ്. കുറേക്കാലം മുന്‍പേ നിവിന്‍ പോളിയെ വച്ച് പ്ലാന്‍ ചെയ്തിരുന്നതാണ്. ഇപ്പോള്‍ ഞാന്‍ അത് ഹിന്ദിയില്‍ ചെയ്യുകയാണ്. രാജ്‍കുമാര്‍ റാവുവാണ് നായകന്‍”, മേജര്‍ രവി ഫില്‍മി മോങ്ക്സിനോട് പറഞ്ഞു.

രാജേഷ് അമനക്കരയ്ക്കൊപ്പം സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി ആദ്യമായി സംവിധായകനാവുന്നത്. 2003 ല്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു കേന്ദ്ര കഥാപാത്രം. മോഹന്‍ലാലിനെ നായകനാക്കി 2006 ല്‍ ഒരുക്കിയ കീര്‍ത്തിചക്ര മലയാളത്തിലെ പട്ടാള സിനിമകളുടെ ഭാവുകത്വം മാറ്റി. ചിത്രം വലിയ ബോക്സ് ഓഫീസ് വിജയവും നേടി. ഈ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രമായ മേജര്‍ മഹാദേവനെ പുനരവതരിപ്പിച്ച് കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. മിഷന്‍ 90 ഡെയ്സ് ആണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരേയൊരു ചിത്രം. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി പിക്കറ്റ് 43 എന്ന ചിത്രവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 

ALSO READ : ‘ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക’? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ ‘അപ്പു’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin