മോദിയുടെ ജിദ്ദ സന്ദര്‍ശനം; ഇന്ത്യയിൽ സൗദി പങ്കാളിത്തത്തിൽ രണ്ട് ഓയിൽ റിഫൈനറികൾ സ്ഥാപിക്കും

ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിനിടെ നിരവധി കരാറുകളിലാണ് ഒപ്പിട്ടത്. ഇരു രാജ്യങ്ങളുടെയും തുല്യപങ്കാളിത്തത്തോടെ ഇന്ത്യയിൽ രണ്ട് ഓയിൽ റിഫൈനറികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ (എസ്.പി.സി)ക്ക് കീഴിൽ പ്രതിരോധ സഹകരണം, വിനോദസഞ്ചാരം, സാംസ്കാരിക സഹകരണം എന്നിവയ്ക്കായി രണ്ട് കമ്മിറ്റികൾ കൂടി രൂപവത്കരിച്ചതാണ് മറ്റൊരു പ്രധാന തീരുമാനം. ഇതോടെ എസ്.പി.സിയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന കമ്മിറ്റികളുടെ എണ്ണം നാലായി. പൊളിറ്റിക്കൽ, കോൺസുലർ, സെക്യൂരിറ്റി കോഓപറേഷൻ കമ്മിറ്റി, ഇകണോമി, എനർജി, ഇൻവെസ്റ്റ്മെൻറ് ആൻഡ് ടെക്നോളജി കമ്മിറ്റി എന്നിവയാണ് എസ്.പി.സിക്ക് കീഴിലെ മറ്റ് കമ്മിറ്റികൾ.

ഇതിന് പുറമെ നാല് പ്രധാന കരാറുകളും ഒപ്പുവെച്ചു. സമാധാന ലക്ഷ്യത്തോടെയുള്ള ബഹിരാകാശ പ്രവർത്തനങ്ങൾ, ആരോഗ്യ ശുശ്രൂഷ, തപാൽ പാർസൽ സർവിസ്, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ രംഗങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനുള്ളതാണ് ഈ നാല് കരാറുകൾ. ഊർജം, പെട്രോകെമിക്കൽസ്, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഫിൻടെക്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ടെലി കമ്യൂണിക്കേഷൻസ്, ഫാർമസ്യൂട്ടിക്കൽസ്, ഉൽപ്പാദനം, ആരോഗ്യം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള സൗദി അറേബ്യയുടെ ആഗ്രഹത്തിനും ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകിയ ഇന്ത്യ അത്തരം നിക്ഷേപ പ്രവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നിലധികം മേഖലകളിൽ ‘ഹൈ ലെവൽ ടാസ്‌ക് ഫോഴ്‌സ്’ രൂപവത്കരിക്കാനുള്ള നീക്കമാരംഭിച്ചതായി പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ രണ്ട് എണ്ണ സംസ്കരണ ശാലകൾ സൗദി പങ്കാളിത്തത്തോടെ സ്ഥാപിക്കാൻ ഹൈ ലെവൽ ടാസ്‌ക് ഫോഴ്‌സ് സഹായിക്കും. അതിനുള്ള കരാറും തയ്യാറായിട്ടുണ്ട്. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി സംബന്ധിച്ച ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള ആഗ്രഹം ഇരുപക്ഷത്തിനുമുണ്ട്. അക്കാര്യം പരസ്പരം സ്ഥിരീകരിച്ചു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെഫ് ഫണ്ടിെൻറ (പി.ഐ.എഫ്) നിക്ഷേപ സൗകര്യത്തിനുള്ള നോഡൽ പോയിെൻറന്ന നിലയിൽ ‘ഇന്ത്യ ഡെസ്‌ക്’ ആരംഭിച്ചതിൽ മോദി നന്ദി അറിയിച്ചു.

Read Also – ജിദ്ദയിൽ മോദി ചെലവഴിച്ചത് ഏതാനും മണിക്കൂറുകൾ, നിരവധി കരാറുകളിൽ ഒപ്പുവെച്ചു, ഇന്ത്യയുടെ ദുഃഖം പേറി മടക്കം

ആഗോള എണ്ണ വിപണികളുടെ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും ആഗോള ഊർജ വിപണിയുടെ ചലനാത്മകത സന്തുലിതമാക്കുന്നതിനും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ സൗദി സമ്മതിച്ചു. ഇന്ത്യയുടെ സ്ട്രാറ്റജിക് റിസർവ് പ്രോഗ്രാമിലെ സഹകരണം, എണ്ണ സംസ്കരണം, പെട്രോകെമിക്കൽ എന്നിവയുൾപ്പടെ വിവിധ വ്യവസായങ്ങളിൽ ഉടനീളമുള്ള സംയുക്ത പദ്ധതികൾ, ഹൈഡ്രോകാർബണുകളുടെ നൂതന ഉപയോഗങ്ങൾ, വൈദ്യുതി, പുനരുപയോഗ ഊർജം തുടങ്ങിയ ഊർജ മേഖലയിലെ നിരവധി മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഇരുപക്ഷവും സമ്മതിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം