ബഹിരാകാശത്ത് അടുത്ത അധ്യായത്തിന് തുടക്കമിടാന്‍ ചൈന; മൂന്ന് സഞ്ചാരികളെ ടിയാൻഗോംഗ് നിലയത്തിലേക്ക് അയച്ചു

ബെയ്‌ജിങ്: ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിലേക്ക് (Tiangong Space Station) അടുത്ത പര്യവേഷണ സംഘത്തെ അയച്ച് ചൈന. ചെന്‍ ഡോംഗ്, ചെന്‍ ഷോംഗ്‌റൂയ്, വാങ് ഝീ മൂന്ന് ബഹിരാകാശ ഗവേഷകരാണ് ചൈനയുടെ പുതിയ ‘ഷെൻസൊയു 20’ ദൗത്യത്തിലുള്ളത്. ചൈനയുടെ സ്വന്തമായ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തില്‍ നിലവിലുള്ള മൂന്ന് സ‌ഞ്ചാരികള്‍ക്ക് പകരക്കാരായാണ് മൂവരും പറന്നിരിക്കുന്നത്. പുതിയ സംഘം ആറ് മാസം ബഹിരാകാശ നിലയത്തില്‍ താമസിച്ച് ഗവേഷണം ചെയ്യും. 

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗോബി മരുഭൂമിക്കടുത്തുള്ള വിക്ഷേപണത്തറയില്‍ നിന്നാണ് ഷെൻസൊയു 20 ദൗത്യം വിക്ഷേപിച്ചത്. 2024 ഒക്ടോബറില്‍ അയച്ച മൂന്ന് സഞ്ചാരികള്‍ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തില്‍ 175 ദിവസം പൂര്‍ത്തിയാക്കി. 

പുതിയ ദൗത്യ സംഘത്തിലെ ചെന്‍ ഡോംഗ്, ചൈനയുടെ ഷെൻസൊയു 11, 14 ദൗത്യങ്ങളില്‍ പങ്കെടുത്ത ബഹിരാകാശ സഞ്ചാരിയാണ്. ഷെൻസൊയു 14 ദൗത്യത്തിന്‍റെ ഭാഗമായി ടിയാൻഗോംഗ് ചൈനീസ് ബഹിരാകാശ നിലയത്തിന്‍റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയയാള്‍ കൂടിയാണ്. ചൈനീസ് സഞ്ചാരിയായി വീണ്ടും ബഹിരാകാശത്തേക്ക് പോകുന്നതില്‍ ഏറെ അഭിമാനിക്കുന്നു എന്നാണ് ഡോംഗിന്‍റെ പ്രതികരണം. കൂടുതല്‍ കണ്ടെത്തലുകള്‍ പുതിയ ദൗത്യത്തില്‍ നടത്താനാകും എന്ന പ്രതീക്ഷയും ചെന്‍ ഡോംഗ് പങ്കുവെച്ചു. പുതിയ ദൗത്യത്തില്‍ ഗ്രൂപ്പ് ലീഡറുടെ ചുമതല ഡോംഗിന്‍റെ ചുമലിലാണ്. അതേസമയം ചെന്‍ ഷോംഗ്‌റൂയ്, വാങ് ഝീ എന്നിവര്‍ ഇതാദ്യമായാണ് ബഹിരാകാശത്തേക് പോകുന്നത്. ഷോംഗ്‌റൂയ് എയര്‍ഫോഴ്‌സ് വൈമാനികനും, ഝീചൈന എയ്‌റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷനിലെ എഞ്ചിനീയറുമാണ്. 

സ്പേസ് മെഡിസിന്‍, സ്പേസ് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനൊപ്പം ബഹിരാകാശ നടത്തം, നിലയത്തിലെ അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ ഷെൻസൊയു 20 ദൗത്യ സംഘം ഭാഗമാകും. അടുത്തിടെ ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ മുന്നേറ്റമാണ് ചൈന നടത്തുന്നത്. ഇതിന് ആക്കംകൂട്ടാന്‍ ഷെൻസൊയു 20 ദൗത്യ സംഘത്തിനാകും എന്നാണ് ചൈനയുടെ പ്രതീക്ഷ. 

Read more: ചൊവ്വയിൽ തലയോട്ടിയുടെ ആകൃതിയിലുള്ള നിഗൂഢമായ പാറ കണ്ടെത്തി; ലോകത്തെ ഞെട്ടിച്ച് പെർസിവറൻസ് റോവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin