പടികൾ കൊത്തിയ പാറ, ജീവൻ പണയം വെച്ചുള്ള ട്രെക്കിംഗ്; കേരളത്തിലുണ്ട് ഒരു ‘മിനി ഹരിഹര്‍ ഫോര്‍ട്ട്’
പടികൾ കൊത്തിയ പാറ, ജീവൻ പണയം വെച്ചുള്ള ട്രെക്കിംഗ്; കേരളത്തിലുണ്ട് ഒരു ‘മിനി ഹരിഹര്‍ ഫോര്‍ട്ട്’

സഞ്ചാരികൾക്കിടയിൽ ട്രെക്കിംഗ് ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട്. സാഹസികതയോട് താത്പ്പര്യമുള്ളവരുടെ സ്വപ്നമാണ് മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമുള്ള ഹരിഹര്‍ ഫോര്‍ട്ട് കീഴടക്കുക എന്നത്. പാറ കൊത്തിയുണ്ടാക്കിയ കുത്തനെയുള്ള പടികൾ കയറി ഹരിഹര്‍ ഫോര്‍ട്ടിന് മുകളിലെത്തുകയെന്നത് അത്യന്തം ശ്രമകരമായ ദൗത്യമാണ്. മാത്രമല്ല, അത്രയേറെ ധൈര്യശാലികളായിരിക്കുകയും വേണം. 

പടികൾ കൊത്തിയ പാറ, ജീവൻ പണയം വെച്ചുള്ള ട്രെക്കിംഗ്; കേരളത്തിലുണ്ട് ഒരു ‘മിനി ഹരിഹര്‍ ഫോര്‍ട്ട്’

ഹരിഹര്‍ ഫോര്‍ട്ടിലേയ്ക്ക് പോകാൻ കഴിഞ്ഞില്ലെന്ന് കരുതി ഇനി വിഷമിക്കേണ്ട. നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ഒരു ‘കൊച്ചു ഹരിഹര്‍ ഫോര്‍ട്ട്’. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്നേഹികൾക്കും വിശ്വാസികൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സ്പോട്ടാണ് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയ്ക്ക് സമീപത്തുള്ള ദ്രവ്യപ്പാറ.   

ദ്രവ്യപ്പാറയെ കുറിച്ച് തിരുവനന്തപുരത്തുകാര്‍ക്ക് പോലും അധികമൊന്നും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,500 അടി മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. പാറയിൽ കൊത്തിയ പടികളിലൂടെ ജീവൻ പണയം വെച്ച് വേണം ദ്രവ്യപ്പാറ കയറാൻ. 

തുടക്കത്തിൽ ഒരു തരത്തിലുമുള്ള സുരക്ഷാക്രമീകരണങ്ങളും ഇവിടെ കാണാൻ സാധിക്കില്ല. കുറച്ച് മുകളിലെത്തിയാൽ പിന്നീട് അൽപ്പ ദൂരം മാത്രം പിടിച്ചുകയറാൻ ഒരു കയര്‍ കെട്ടിയിട്ടുണ്ട്. വളരെ ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ടുവെയ്ക്കാൻ. മുകളിലെത്തിയാൽ കാണുന്ന കാഴ്ചകൾ ആരുടെയും മനംമയക്കും. തിരുവനന്തപുരം നഗരത്തിന്റെ വിദൂരദൃശ്യം ഇവിടെ നിന്നാൽ കാണാം. 

എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാനായി മാര്‍ത്താണ്ഡ‍വര്‍മ്മ ഒളിവിൽ കഴിഞ്ഞത് ദ്രവ്യപ്പാറയിലും പരിസരങ്ങളിലുമാണെന്ന് പറയപ്പെടുന്നു. ഒരു ഗുഹാക്ഷേത്രവും ഇവിടെ കാണാം. ദ്രവ്യപ്പാറയിലേയ്ക്കുള്ള കയറ്റം തുടങ്ങുന്നിടത്ത് ‘മാര്‍ത്താണ്ഡവര്‍മ്മയെ ഒളിപ്പിക്കാനായി ആദിവാസികൾ വെട്ടിയ ആദ്യ സൂചനാ പടവുകൾ’ എന്ന ബോര്‍ഡ് കാണാം. 

പാറയിൽ കൊത്തിയിരിക്കുന്ന ദക്ഷിണാമൂര്‍ത്തി ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. കേരളത്തിലെയും തമിഴ്നാട്ടിലേയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രം. തെക്കേ ഇന്ത്യയിലെ ഒരേയൊരു പ്രകൃതിദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

READ MORE: 120 അടി ഉയരത്തിൽ ഇരിക്കാം, ബീച്ച് കണ്ട് ഭക്ഷണം കഴിക്കാം; കേരളത്തിലെ സ്കൈ ഡൈനിംഗ് വൈറലാകുന്നു

By admin