നാലഞ്ച് വയസ്സ് തോന്നിക്കുന്ന ചെറിയ ആണ്‍കുട്ടി. അവന്‍ കൈവരിയില്‍ പിടിച്ച് ഉറക്കെ കരയുന്നു…
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
നിശബ്ദമായി കാലത്തിനു പിന്നാലെ പ്രയാണം തുടരുമ്പോഴും നിറം മങ്ങാതെ സൂക്ഷിക്കുന്ന വൈകാരികതയാണ് ബാല്യവും അവധിക്കാല ഓര്‍മകളും. പഠന സമ്മര്‍ദ്ദങ്ങള്‍ക്ക് അവധി കൊടുത്ത് പിരിമുറക്കങ്ങളില്ലാതെ ചിലവഴിക്കുന്ന കാലങ്ങള്‍! ഓര്‍മ്മകളില്‍ സന്തോഷങ്ങള്‍, പിണക്കങ്ങള്‍, പരിഭവങ്ങള്‍, കുറുമ്പുകള്‍, സങ്കടങ്ങള്‍.
അടുത്തവീട്ടില്‍ പാലുവാങ്ങാന്‍ പോയപ്പോള്‍ പാലിന് പകരം കിട്ടിയത് കുമ്മായം കലക്കിയ വെള്ളം! പിന്നെ ‘നല്ല പപ്പടമാണ് വിഷുവിന് വറുക്കാം” എന്നുപറഞ്ഞു തന്ന ‘പപ്പട’വും. പക്ഷേ, അത് മഞ്ഞ കട്ടിക്കടലാസില്‍ കൃത്യമായ വൃത്തത്തില്‍ വെട്ടിയെടുത്ത കടലാസ് പപ്പടമായിരുന്നു എന്നു മാത്രം! ഏപ്രില്‍ ഫൂള്‍ ആക്കിയതായിരുന്നു കളിക്കൂട്ടുകാരന്‍!
ഇലകളും പൂവും അരിഞ്ഞുചേര്‍ത്തു സദ്യയൊരുക്കുമ്പോള്‍ ‘അയ്യോ പായസത്തിന് ഉപ്പു ചേര്‍ത്തില്ലല്ലോ’ എന്ന് സങ്കടപ്പെട്ട കൂട്ടുകാരുമുണ്ട്. അവധിക്കാലമാകുമ്പോള്‍ അതിഥികളായെത്തുന്ന കസിന്‍സിനോട് അമ്മയുടെ സ്‌നേഹം അല്‍പ്പം കൂടുമ്പോള്‍ അസൂയ കരച്ചിലായും പരിഭവമായും പുറത്തേക്കൊഴുകിയിരുന്ന എന്നെയും ഓര്‍മ്മയുണ്ട്!
ഭംഗിയുള്ള ഓര്‍മ്മ മാത്രമല്ല നൊമ്പരമുണര്‍ത്തിയ ഒരു കാഴ്ചയുമുണ്ട് ഉള്ളില്‍! കാലമെത്ര പിന്നിട്ടിട്ടും ആ ഓര്‍മ്മ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കുമുന്‍പാണ്. അമ്മയുടെ ഇളയ സഹോദരിയും കുടുംബവും അന്ന് ജോലിസംബന്ധമായി സേലത്തായിരുന്നു. കുഞ്ഞമ്മയുടെ ഭര്‍ത്താവ് രവീന്ദ്രന്‍ സേലം സ്റ്റീല്‍ പ്ലാന്റിലെ ഉദ്യോഗസ്ഥന്‍. കുഞ്ഞമ്മ ശ്രീലത അവിടെയുള്ള സ്‌കൂളിലെ അദ്ധ്യാപിക. രണ്ടു ചെറിയ മക്കള്‍ -സൂര്യയും റോഷിത്തും. കുടുംബത്തില്‍ യാത്രകള്‍ക്കായി ആദ്യം മുന്നിട്ടിറങ്ങുന്നതും മറ്റുള്ളവരെ കൂടെക്കൂട്ടുന്നതും ഇവരാണ്. ഓരോ വേനലവധിക്കും അവര്‍ യാത്ര പോവും. സമയവും സാഹചര്യവും ഒത്തുവന്നാല്‍ ഞങ്ങള്‍ ആരെങ്കിലുമൊക്കെ അവരോടൊപ്പം ചേരും. അങ്ങനെയാണ് ഞാന്‍ ഈ യാത്രയുടെ ഭാഗമാവുന്നത്.
സേലത്തു നിന്നും ബാംഗ്ലൂര്‍, അവിടെ നിന്നും മൈസൂര്‍. അങ്ങനെയായിരുന്നു യാത്രയെന്നാണ് ഓര്‍മ്മ. ഒരു അംബാസിഡര്‍ കാര്‍. ഡ്രൈവറും ഉണ്ട്. കൊച്ചുപപ്പക്കും കുഞ്ഞമ്മയ്ക്കുമൊപ്പം ഞങ്ങള്‍ മൂന്ന് കുട്ടികള്‍. കൂട്ടത്തില്‍ മുതിര്‍ന്ന കുട്ടി ഞാനാണ്.
നീണ്ട വഴികള്‍. ഒരുപാടു ദൂരം. ഇടക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമായി കുറച്ചു മണിക്കൂറുകള്‍. ആ ഇടവേളകളില്‍ ഞങ്ങള്‍ ഓടിക്കളിച്ച് ദൂരേക്ക് മാറുമ്പോള്‍ കുഞ്ഞമ്മ സ്‌നേഹത്തോടെ ശാസിച്ചു. ചുവപ്പും മഞ്ഞയും വാകമരങ്ങള്‍ തണല്‍ വിരിച്ച, തിരക്കു കുറഞ്ഞ ബാംഗ്ലൂരിലെ റോഡുകള്‍ ഇന്ന് സങ്കല്‍പ്പിക്കാനാവില്ല. ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ച ശേഷം ഞങ്ങളുടെ അടുത്ത യാത്ര മൈസൂരിലേക്ക്.
മൈസൂര്‍ കൊട്ടാരവും മൃഗശാലയും സന്ദര്‍ശിച്ച് ബൃന്ദാവന്‍ ഗാര്‍ഡനിലെത്തുമ്പോള്‍ ഇരുട്ട് പരന്നിരുന്നു. അവധിക്കാലമായതു കൊണ്ടാവണം വലിയ തിരക്ക്. വിവിധതരം ആളുകള്‍. വിവിധ വേഷക്കാര്‍, വ്യത്യസ്തമായ ഭാഷ സംസാരിക്കുന്നവര്‍. ഒന്നും മനസ്സിലാവുന്നില്ല. ആളുകള്‍ തലങ്ങും വിലങ്ങും നടക്കുന്നു. ചിലരുടെ കയ്യില്‍ ബാഗും സാധനങ്ങളുമുണ്ട്. ചിലര്‍ ഉറക്കെ സംസാരിച്ചുകൊണ്ട് പോകുന്നു. കുട്ടികള്‍ വാശിപിടിച്ചു കരയുന്നു. അവരെ വഴക്കുപറയുന്നു ചിലര്‍.
കുഞ്ഞമ്മ ഞങ്ങള്‍ മൂവരെയും ചേര്‍ത്തുപിടിച്ചിരുന്നു. ജലധാരകള്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഭാഗത്തേക്ക് ഞങ്ങള്‍ നടന്നു. ഉയരം കുറവായതുകൊണ്ട് കാഴ്ചകളൊക്കെ ഞങ്ങള്‍ കുട്ടികള്‍ക്ക് അപ്രാപ്യമായിരുന്നു. ചുറ്റും മുതിര്‍ന്ന ആളുകളുടെ വലയം. ഞങ്ങള്‍ നാലുപേരും സുരക്ഷിതരായി ഒപ്പമുണ്ടെന്ന് കൊച്ചുപപ്പ ഇടയ്ക്കിടെ ഉറപ്പു വരുത്തുന്നി. തിരക്കിനിടയില്‍ മുന്നില്‍ നടക്കുന്ന ആളുകളുടെ ചുവടു പിടിച്ചു ഞങ്ങള്‍ പതിയെ മുന്നോട്ടു നീങ്ങി. വീതി അധികമില്ലാത്ത പാത. ഇരുവശങ്ങളിലും ഇരുമ്പു കമ്പികള്‍ കൊണ്ട് നിര്‍മിച്ച കൈവരികള്‍. വെളിച്ചവിതാനങ്ങള്‍ക്കനുസൃതമായി പല വര്‍ണ്ണങ്ങള്‍ ഞങ്ങളുടെ മേല്‍ പതിക്കുന്നു.
പാതയുടെ നടുക്കെത്തിയിട്ടുണ്ടാവണം. ഉച്ചത്തില്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. അല്പം മുന്നോട്ട് നീങ്ങിയപ്പോള്‍ കണ്ടു, നാലഞ്ച് വയസ്സ് തോന്നിക്കുന്ന ചെറിയ ആണ്‍കുട്ടി. അവന്‍ പാതയുടെ കൈവരിയില്‍ പിടിച്ച് ഉറക്കെ കരയുന്നു. കടന്നുപോകുന്ന അപരിചിതരെ അവന്‍ ഭീതിയോടെ നോക്കുന്നു. കണ്ണുകള്‍ ആരെയോ തിരയുന്നു.
ഞങ്ങള്‍ അവിടെ നിന്നു. കൊച്ചുപപ്പയും കുഞ്ഞമ്മയും അറിയാവുന്ന ഭാഷയിലെല്ലാം അവന്റെ പേരും, നാടും, അച്ഛന്റെയോ അമ്മയുടേയോ പേരും ചോദിച്ചറിയാന്‍ ശ്രമിച്ചു. പക്ഷെ കരയുന്നതല്ലാതെ അവന്‍ പ്രതികരിച്ചില്ല. കുഞ്ഞമ്മ സ്വാന്തനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അവന്‍ ശ്രദ്ധിക്കാതെ കരഞ്ഞുകൊണ്ടിരുന്നു.
പോലീസിലോ, റിപ്പോര്‍ട്ടിങ് കേന്ദ്രത്തിലോ അറിയിക്കാം എന്ന് കൊച്ചുപപ്പയും കുഞ്ഞമ്മയും പറഞ്ഞു. ധാരാളം ആളുകള്‍ കടന്നുപോകുന്നുണ്ടെങ്കിലും ആരും ആ കുട്ടിയെ ശ്രദ്ധിക്കാനോ കാര്യങ്ങളന്വേഷിക്കാനോ ശ്രമിക്കുന്നില്ലായിരുന്നു.
ഞങ്ങള്‍ അവനെ ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കൈവരിയില്‍ മുറുക്കിപ്പിടിച്ചു അവന്‍ പ്രതിഷേധിച്ചു. കച്ചില്‍ ഉച്ചത്തിലായപ്പോള്‍ നിര്‍ബന്ധപൂര്‍വം കുട്ടിയെ കൂട്ടികൊണ്ടുപോകുന്നത് ബുദ്ധിപരമല്ലെന്ന് കൊച്ചുപപ്പ നിര്‍ദ്ദേശിച്ചു. വിഷമത്തോടെ ഞങ്ങള്‍ കുട്ടിയെ പിന്നില്‍ ഉപേക്ഷിച്ചു. മുന്നോട്ടു നടന്നു. എതിരെ വന്ന ആരോടൊക്കെയോ കുഞ്ഞമ്മ ആ കുട്ടി ഇട്ടിരുന്ന വസ്ത്രങ്ങളുടെ നിറവും ഏകദേശ പ്രായവും ഉയരവും പറയുന്നുണ്ടായിരുന്നു. ആ ഇരുട്ടില്‍ ആര് ആരെ ശ്രദ്ധിക്കാന്‍.
തിരിച്ചുപോരുമ്പോള്‍ കാറിനുള്ളില്‍ മൗനം നിറഞ്ഞുനിന്നു. ആപത്തൊന്നും കൂടാതെ ആ കുട്ടി സുരക്ഷിതനായി വേണ്ടപ്പെട്ടവര്‍ക്കൊപ്പം എത്തിച്ചേര്‍ന്നിരിക്കുമെന്നാണ് വിശ്വസിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും കൈവരിയില്‍പ്പിടിച്ചു ഉറക്കെ കരയുന്ന ആ കുട്ടിയുടെ രൂപവും കണ്ണുകളിലെ ഭീതിയും നിസ്സഹായതയും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. ആ യാത്രയും.